ഇതൊക്കെയല്ലെ നാടിന് വേണ്ടത്...?
അപകടങ്ങള്‍ തുടര്‍ക്കഥ; ചികിത്സക്കു സൗകര്യമില്ലാതെ മീനങ്ങാടി
മീനങ്ങാടി: ദേശീയപാത കടന്നുപോകുന്ന മീനങ്ങാടി പ്രദേശത്തിനാവശ്യം ഒരു ആതുരാലയമാണ്. ഇരുപത്തിനാലു മണിക്കൂറും ഡോക്ടര്‍മാരുടെ സേവനം ലഭ്യമായ ഒരാശുപത്രി. ദേശീയപാതയിലുള്‍പെടെ ഏറെ അപകടങ്ങള്‍ക്ക് സാക്ഷിയാകുന്ന മീനങ്ങാടിക്ക് അത്യാസന്ന നിലയിലുള്ള രോഗിക്ക് പ്രാഥമിക ചികിത്സ നല്‍കാന്‍ പോലും സംവിധാനമില്ലാത്തത് ശാപമാകുകയാണ്.
ആശുപത്രികളും ചെറിയ ക്ലിനിക്കുകളും സ്വകാര്യ പ്രാക്ടീസ് കേന്ദ്രങ്ങളും ഉണ്ടെങ്കിലും അത്യാസന്ന ഘട്ടങ്ങളില്‍ ഡോക്ടറുടെയും അത്യാധുനിക സൗകര്യങ്ങളുടെയും സേവനം ലഭിക്കണമെങ്കില്‍ പ്രധാന ടൗണുകളിലെ സ്വകാര്യ ആശുപത്രികളില്‍തന്നെ എത്തണം. ജീവന്‍ തിരിച്ച് പിടിക്കാനുള്ള യാത്രക്കിടെ പ്രാഥമിക ചികിത്സ ലഭിക്കാതെ യാത്രാ മധ്യേ ജീവന്‍ നഷ്ടപ്പെടുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. സ്വകാര്യ ആശുപത്രികള്‍ ഉള്‍പ്പടെ രണ്ട് ആശുപത്രികളുള്ള മീനങ്ങാടിയില്‍ അപകടങ്ങളില്‍ ഗുരുതരമായി പരുക്കേറ്റ് വരുന്നവരെയും ഗുരുതരാവസ്ഥയിലുള്ള മറ്റു രോഗികള്‍ക്കും ചികിത്സ നല്‍കാന്‍ മതിയായ സംവിധാനമോ ആവശ്യത്തിന് ഡോക്ടര്‍മാരുടെ സേവനമോ ഉറപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതുകാരണം ആശുപത്രികളിലെത്തുന്ന രോഗികളെ കൂടുതല്‍ സംവിധാനങ്ങളുള്ള ആശുപത്രികളിലേക്ക് റഫര്‍ ചെയ്യുകയാണ് പതിവ്. എന്നാല്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന സാധാരണക്കാര്‍ക്ക് മറ്റ് ആശുപത്രികളിലേക്ക് കൊണ്ട് പോകുന്നതിനായുള്ള വാഹന വാടകയും തുടര്‍ചികിത്സാ ചെലവും താങ്ങാവുന്നതിലുമപ്പുറമാണ്. റോഡപകടങ്ങള്‍ പതിവായ മീനങ്ങാടി പൊലിസ് സ്റ്റേഷന്‍ പരിധിയില്‍, അപകടത്തില്‍പ്പെടുന്നവരെ പ്രാഥമിക ചികിത്സ നല്‍കുന്നതിന് വരെ മീനങ്ങാടിക്ക് പുറത്തേക്ക് കൊണ്ട് പോകേണ്ട അവസ്ഥയാണുള്ളത്. ഡോക്ടര്‍മാരുടെ സേവനവും അടിസ്ഥാന സൗകര്യങ്ങളുമുള്ള ആതുരാലയമെന്ന മീനങ്ങാടിക്കാരുടെ ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.
കമ്പളക്കാടിന് വേണം ഒരു ആതുരാലയം
കമ്പളക്കാട്: ജില്ലയില്‍ അനുദിനം വളര്‍ന്ന് കൊണ്ടിരിക്കുന്ന ടൗണുകളിലൊന്നാണ് കമ്പളക്കാട്. എന്നാല്‍ വ്യാപാര സ്ഥാപനങ്ങളും കെട്ടിടങ്ങളും ഉണ്ടാവുന്നതല്ലാതെ മികച്ച ചികിത്സാ സൗകര്യമുള്ള ഒരു ആതുരാലയം കമ്പളക്കാടിന് ഇന്നും അന്യമാണ്.
രണ്ട് സ്വകാര്യ ക്ലിനിക്കുകള്‍ ഇവിടെയുണ്ടെങ്കിലും മികച്ച ചികിത്സക്കായി കല്‍പ്പറ്റയെ ആശ്രയിക്കേണ്ട ഗതികേടിലാണ് കമ്പളക്കാട്ടുകാര്‍. സര്‍ക്കാര്‍വക ഒരു ഹെല്‍ത്ത്‌സെന്റര്‍ വര്‍ഷങ്ങളായി പറളിക്കുന്ന് റോഡില്‍ പ്രവര്‍ത്തിക്കുന്നു.
എന്നാല്‍ പനിപോലുള്ള രോഗങ്ങള്‍ക്കുള്ള മരുന്നല്ലാതെ ഇവിടെ മറ്റ് ചികിത്സാ സൗകര്യങ്ങളൊന്നുമില്ല.
നിരവധി പട്ടികവര്‍ഗ ജനവിഭാഗങ്ങളും മറ്റുള്ളവരും തിങ്ങിപ്പാര്‍ക്കുന്ന കമ്പളക്കാട് മികച്ച സൗകര്യങ്ങളുള്ള ഒരു ആതുരാലയമെന്നത് നാട്ടുകാരുടെ വര്‍ഷങ്ങളായുള്ള സ്വപ്‌നമാണ്. ഹെല്‍ത്ത് സെന്റര്‍ ഒരു പി.എച്ച്.സി ആയെങ്കിലും ഉയര്‍ത്തണമെന്ന ആവശ്യത്തിലാണ് നാട്ടുകാര്‍.
പനമരത്തിന്റെ മുഖം മിനുക്കാന്‍
പനമരം: പനമരം, വയനാടിന്റെ മധ്യഭാഗം. വിനോദ സഞ്ചാരികള്‍ ഉള്‍പെടെ ദിനവും ഇതുവഴി സഞ്ചരിക്കുന്നത് അയിരക്കണക്കിന് വാഹനങ്ങളും യാത്രക്കാരും. കൂടാതെ വിവിധ ആവശ്യങ്ങള്‍ക്കായി ടൗണിലെത്തുന്ന നൂറുകണക്കിന് പൊതുജനങ്ങള്‍.
ടൗണിലെത്തുന്ന വാഹനങ്ങളും ജനങ്ങളേയും ഉള്‍കൊള്ളാന്‍ കഴിയാതെ വീര്‍പ്പുമുട്ടുകയാണ് പനമരം ടൗണ്‍. ആവശ്യത്തിന് സ്ഥലമില്ലാത്തതും ടൗണ്‍ നവീകരണവുമാണ് പനമരത്തിന്റെ പ്രധാന പ്രശ്‌നം. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ടൗണ്‍നവീകരണത്തിന് സ്ഥലം എം.എല്‍.എ ആയിരുന്ന പി.കെ ജയലക്ഷ്മി മൂന്ന് കോടി രൂപ വകയിരുത്തിയിരുന്നു. തുടര്‍ന്ന് നവീകരണം തുടങ്ങിയെങ്കിലും സര്‍ക്കാര്‍ ഭൂമി കൈയേറി നിര്‍മിച്ച കെട്ടിടങ്ങള്‍ പൊളിക്കലും ഓടയുടെ നിര്‍മാണവും മാത്രമാണ് ഇതുവരെ നടന്നത്.
കോടികള്‍ വകയിരുത്തിയ പ്രവൃത്തിക്ക് വിരലിലെണ്ണാവുന്ന തൊഴിലാളികള്‍ മാത്രമാണ് ജോലി ചെയ്യുന്നത്. ഇതും പൂര്‍ത്തിയായിട്ടില്ല. പ്രവൃത്തി തുടങ്ങിയതോടെ ടൗണില്‍ ഗതാഗത കുരുക്കും പതിവ് കാഴ്ചയാണ്.
ടൗണ്‍ നവീകരിച്ച് ഗതാഗത പരിഷ്‌കരണം കൂടി കാര്യക്ഷമമായി നടപ്പാക്കിയാല്‍ മാത്രമേ പനമരത്തെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരമാകുകയുള്ളു.
ടൂറിസം മേഖലക്ക് ഏറെ സാധ്യതയുള്ള പനമരത്തെ കൊറ്റില്ലം, പുഞ്ചവയലിലെ കല്ലമ്പലം, മാലിന്യ കൂമ്പാരം നിറയുന്ന കബനി പുഴയുടെ സംരക്ഷണം തുടങ്ങി പനമരത്തിന്റെ മുഖച്ഛായ മാറ്റുന്നതിനുള്ള വികസന പ്രവര്‍ത്തനങ്ങള്‍ ഏറെയാണ്.
ബത്തേരി ടൗണില്‍ ചെസ്സ് കളിച്ച്
കാല്‍നടയാത്രക്കാരും വാഹനങ്ങളും
സുല്‍ത്താന്‍ ബത്തേരി: ടൗണില്‍ എത്തിയാല്‍ കാല്‍നടയാത്രക്കാരും വാഹനങ്ങളും ചെസ്സ് കളത്തിലെ കരുക്കളെ പോലെയാണ്. വലത്തേക്കും ഇടത്തേക്കും മുന്നോട്ടും പുറകിലേക്കും നീങ്ങി നടുറോട്ടില്‍ അല്‍പസമയം നിന്നുമൊക്കെയാണ് കാല്‍നടയാത്രക്കാര്‍ക്ക് റോഡ് മുറിച്ചുകടക്കാന്‍ കഴിയുകയുള്ളു. ഇതേ അവസ്ഥതന്നെയാണ് വാഹനങ്ങളുടെയും.
വാഹനപെരുപ്പവും അനധികൃത പാര്‍ക്കിങും കാരണം സദാസമയം ഗതാഗതകുരുക്കില്‍ അകപ്പെടുന്ന ബത്തേരി ടൗണിലെ സ്ഥിരം കാഴ്ചയാണ് ഇത്. സീബ്രാലൈനില്ലാത്തതിനാല്‍ വിദ്യാര്‍ഥികളടക്കമുളള കാല്‍നടയാത്രക്കാര്‍ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടുന്നത്. ടൗണില്‍ ഒരിടത്തും സീബ്രാലൈന്‍ ഇല്ല. അസംപ്ഷന്‍ ജംഗ്ഷന്‍, മുനിസിപ്പാലിറ്റിക്ക് മുന്‍വശം, ട്രാഫിക് ജംഗ്ഷന്‍, ചുങ്കം, കോട്ടകുന്ന്, പുതിയബസ്റ്റാന്‍ഡിന്് മുന്നില്‍, ചുള്ളിയോട് റോഡില്‍ പഴയ ബസ്റ്റാന്‍ഡിന് മുന്നില്‍, ഗാന്ധിജംഗ്ഷന്‍ എന്നിവിടങ്ങളിലെ സീബ്രാലൈന്‍ മാഞ്ഞിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. എന്നാല്‍ ഇവിടെ പുതിയവ വരയ്ക്കാന്‍ അധികൃതര്‍ തയാറായിട്ടില്ല. ഇതുകാരണം കാല്‍നടയാത്രക്കാര്‍ ജീവന്‍ കൈയ്യില്‍ പിടിച്ചാണ് റോഡ് മുറിച്ചുകടക്കുന്നത്.
ഇതില്‍ ഏറെ ദുരിതമാകുന്നത് ചുങ്കം ഭാഗത്താണ്. കല്‍പ്പറ്റ ഭാഗത്ത് നിന്നും, മൈസുരു, പുല്‍പ്പള്ളി ഭാഗങ്ങളില്‍ നിന്നും എത്തുന്ന ബസുകള്‍ ആളുകളെ ഇറക്കുന്നതും കയറ്റുന്നതും ഇവിടെ റോഡിന്റെ ഇരുവശങ്ങളിലും ബസുകള്‍ നിര്‍ത്തിയാണ്. ഇതിനുപുറമെ ഓട്ടോ സ്റ്റാന്റും ഇവിടെയുണ്ട്. ഇതുകാരണം ഈ ഭാഗത്ത് ഗതാഗതകുരുക്കും നിത്യസംഭവമാണ്. ഇതിനിടയിലൂടെവേണം യാത്രക്കാര്‍ റോഡ് മുറിച്ച്കടക്കാന്‍. സീബ്രലൈനില്ലാത്തതിനാല്‍ ഇതരസംസ്ഥാനത്ത് നിന്നും എത്തുന്ന വാഹന ഡ്രൈവര്‍മാര്‍ വാഹനം വേഗത്തില്‍ മുന്നോട്ട് എടുക്കുന്നത് അപകടങ്ങള്‍ക്ക് കാരണമാകും.
പലതവണ ഓട്ടോഡ്രൈവര്‍മാരും മറ്റ് സംഘടനകളും സീബ്രാലൈന്‍ വരച്ചെങ്കിലും രണ്ട് ദിവസത്തിനകം ഇതുമാഞ്ഞുപോയി. ഇതുകൂടാതെ ഈഭാഗത്ത് കീര്‍ത്തി ടവറിന് മുന്നില്‍ ഉണ്ടായിരുന്ന ബസ്‌കാത്തിരിപ്പ് കേന്ദ്രം ഫുട്പാത്ത് നിര്‍മാണത്തിന്റെ പേരില്‍ പൊളിച്ചുകളിഞ്ഞിട്ട് വര്‍ഷം ഒന്നുകഴിഞ്ഞു.
ഇതോടെ യാത്രക്കാര്‍ പൊരിവെയിലത്ത് ബസ് കാത്തുനില്‍ക്കേണ്ട ഗതികേടിലാണ്. ഇതിനും ഇതുവരെ പരിഹാരമായിട്ടില്ല. ഒരു അപകടം സംഭവിക്കുമ്പോഴായിരിക്കും അധികൃതര്‍ ഉണരുകയുള്ളുവെന്നും അതുവരെ ആരും ശ്രദ്ധിക്കില്ലന്നുമാണ് യാത്രക്കാരുടെ പരാതി.
ബൈപ്പാസ് എന്ന് യാഥാര്‍ഥ്യമാകും: മേപ്പാടിക്കാര്‍ ചോദിക്കുന്നു
മേപ്പാടി: ടൗണിലെ കുരുക്കഴിക്കാന്‍ ആസൂത്രണം ചെയ്തത് രണ്ട് ബൈപ്പാസുകള്‍. ഒന്ന് പി.ഡബ്ല്യു.ഡി ബൈപ്പാസ്, മറ്റൊന്ന് മിനി ബൈപ്പാസ്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ആസൂത്രണം ചെയ്ത രണ്ട് ബൈപ്പാസുകളും യാഥാര്‍ഥ്യമായില്ല. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് വിഭാവനം ചെയ്തതാണ് പി.ഡബ്ല്യു.ഡി ബൈപ്പാസ്.
ഫോറസ്റ്റ് ഓഫിസ് പരിസരത്ത് നിന്നും ആരംഭിച്ച് മൂപ്പനാട് സെന്റ് ജോസഫ് ചര്‍ച്ചിന് സമീപം അവസാനിക്കുന്ന തരത്തില്‍ ഒന്നര കിലോമീറ്റര്‍ റോഡാണ് പദ്ധതിയിട്ടത്.
റോഡിനായി സ്ഥലമേറ്റെടുപ്പ് 2011ല്‍ അവസാന ഘട്ടത്തില്‍ നില്‍ക്കെ മിനി ബൈപ്പാസ് എന്ന ആശയവുമായി അന്നത്തെ പഞ്ചായത്ത് ഭരണ സമിതി രംഗത്ത് വന്നതോടെ പി.ഡബ്ല്യു.ഡി ബൈപ്പാസ് ഉപേക്ഷിക്കുകയായിരുന്നു.
മിനി ബൈപ്പാസ് നിര്‍മാണമാവട്ടെ തോട്ടം മുറിച്ച് വില്‍പന വിവാദത്തില്‍പ്പെട്ടതോടെ ബൈപ്പാസ് നിര്‍മാണം പാതിവഴിയില്‍ നിലച്ചു.
സെന്റ് ജോസഫ് മഠത്തിന് സമീപത്ത് നിന്നും തുടങ്ങി മുസ്്‌ലിം പള്ളിക്ക് സമീപം അവസാനിക്കുന്ന രീതിയില്‍ എല്‍സ്റ്റണ്‍ എസ്റ്റേറ്റിലൂടെയാണ് മിനി ബൈപ്പാസ് നിര്‍മാണം തുടങ്ങിയത്. റോഡ് വെട്ടിയ ഉടനെയാണ് തോട്ടം വില്‍പന വിവാദത്തില്‍പ്പെട്ടത്.
'തലപ്പുഴക്കു വേണ്ടത് ഇത്തിരി വെട്ടം'
തലപ്പുഴ: ആകെയുണ്ടായിരുന്ന ഹൈമാസ് ലൈറ്റും കണ്ണടച്ചതോടെ ഇരുട്ടിലായിരിക്കുകയാണ് തലപ്പുഴ ടൗണ്‍. വിവിധ ആവശ്യങ്ങള്‍ക്കായി നൂറുക്കണക്കിന് പേര്‍ ദിനവും ആശ്രയിക്കുന്ന ടൗണിലെ വിളക്കണഞ്ഞിട്ടും നന്നാക്കാനോ, മാറ്റിസ്ഥാപിക്കാനോ അധികൃതര്‍ ഇതുവരെ തയാറായിട്ടില്ല. 2014 മാര്‍ച്ചില്‍ അന്നത്തെ യുവജനക്ഷേമ വകുപ്പു മന്ത്രി പി.കെ ജയലക്ഷ്മിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് ആറു ലക്ഷത്തോളം രൂപ ചെലവഴിച്ച് തലപ്പുഴ ടൗണില്‍ ഹൈമാസ് ലൈറ്റ് സ്ഥാപിച്ചത്. എന്നാല്‍ മാസങ്ങള്‍ തികയും മുമ്പേ ലൈറ്റുകള്‍ കണ്ണടച്ചു. രാത്രികാലങ്ങളില്‍ കടകള്‍ കൂടി അടച്ചാല്‍ ടൗണ്‍ പൂര്‍ണമായും ഇരുട്ടിലാകും. ഈ സാഹചര്യം സാമൂഹ്യവിരുദ്ധര്‍ ഉപയോഗപ്പെടുത്തുന്നതായും ആക്ഷേപമുയരുന്നുണ്ട്. കഞ്ചാവ് വില്‍പന തകൃതിയായി നടക്കുന്ന പ്രദേശങ്ങളിലൊന്നാണ് തലപ്പുഴ. എന്നിരിക്കെയാണ് ലൈറ്റുകള്‍ അണഞ്ഞിട്ടും അറ്റകുറ്റപ്പണി നടത്താന്‍ അധികൃതര്‍ തയാറാകാത്തത്. ഹാലോജന്‍ ലൈറ്റുകളുടെ കപ്പാസിറ്റര്‍ അടിച്ചു പോകുന്നതാണ് സാങ്കേതിക പ്രശ്‌നങ്ങള്‍ക്കു കാരണമെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. സ്ഥാപിച്ച ലൈറ്റുകള്‍ ഗുണമേന്മയില്ലാത്തതാണെന്നും അരോപണമുയരുന്നുണ്ട്. ലൈറ്റുകളുടെ താല്‍കാലിക അറ്റകുറ്റപ്പണികള്‍ക്കായി ഗ്രാമപഞ്ചായത്ത് ഇരുപത്തൊന്നായിരം രൂപ വകയിരുത്തിയിട്ടുണ്ട്.
എത്രയും പെട്ടെന്ന് ഹൈമാസ് ലൈറ്റ് പ്രവര്‍ത്തനക്ഷമമാക്കണമെന്നും മറ്റു തെരുവുവിളക്കുകള്‍ സ്ഥാപിക്കുകയും വേണമെന്നാണ് ജനങ്ങളുടെ ആവശ്യം
അഴിയാത്ത കുരുക്കായി
മാനന്തവാടിയിലെ ഗതാഗതം
മാനന്തവാടി: ഒരിക്കലും തീരാത്ത ശാപമായി മാറിയിരിക്കുകയാണ് മാനന്തവാടി നഗരത്തിലെ ഗതാഗത കുരുക്കും വാഹന പാര്‍ക്കിങ്ങിന് സൗകര്യമില്ലാത്തതും. ജില്ലയില്‍ ഏറ്റവും അധികം വ്യാപാരം നടന്നിരുന്ന ടൗണായിരുന്നു മാനന്തവാടി. എന്നാല്‍ ഇന്ന് ഈ പ്രതാപത്തിന് വലിയ ഒരളവോളം ഇടിവ് പറ്റിയിരിക്കുകയാണ്.
അനുദിനം വാഹനങ്ങള്‍ വര്‍ധിക്കുമ്പോഴും ഈ വാഹനങ്ങള്‍ക്ക് ആവശ്യമായ പാര്‍ക്കിങ് സൗകര്യം ഒരുക്കാന്‍ കഴിയാത്തതാണ് പ്രധാന കാരണം. നഗരത്തിലെ റോഡുകളെല്ലാം പൊതുവെ വീതീ കുറവായതിനാല്‍ തന്നെ വാഹനങ്ങള്‍ റോഡരികില്‍ നിര്‍ത്തിയിടുന്നത് പതിവായി ഗതാഗതകുരുക്കിനും കാരണമായി തീരുന്നു.
ബില്‍ഡിങുകള്‍ പാര്‍ക്കിങ് സ്ഥലമായി പ്ലാനില്‍ രേഖപ്പെടുത്തി ലൈസന്‍സ് നേടുകയും പിന്നീട് ഈ സ്ഥലങ്ങള്‍ കടമുറികളാക്കി മാറ്റുന്നതും നഗരത്തില്‍ വ്യാപകമാണ്. ബഹുനില കെട്ടിടങ്ങള്‍ക്ക് പാര്‍ക്കിങ് വേണമെന്ന് കര്‍ശന നിര്‍ദേശമുള്ളപ്പോഴും മാനന്തവാടിയില്‍ ഇതൊന്നും അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. നഗരത്തില്‍ എത്തുന്നതില്‍ നാലിലൊന്ന് വാഹനങ്ങള്‍ക്ക് പോലും പാര്‍ക്കിങ്ങ് സൗകര്യമില്ലെന്നതാണ് യഥാര്‍ഥ വസ്തുത.
പാര്‍ക്കിങിനായി കോഴിക്കോട് റോഡിലെ പള്ളിവക സ്ഥലം ഏറ്റെടുക്കുകയും കോടികള്‍ ചിലവിട്ട് നിര്‍മാണ പ്രവര്‍ത്തികള്‍ നടത്തിയെങ്കിലും ഇതും പാതിവഴിയില്‍ നിലക്കുകയായിരുന്നു. വളരെ ജനത്തിരക്കേറിയ നഗരത്തിലെ പ്രധാന ജങ്ഷനുകളിലൊന്നും സീബ്രാലൈനുകള്‍ ഇല്ലാത്തത് കാല്‍നട യാത്രക്കാര്‍ക്കും ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുകയാണ്. പാര്‍ക്കിങ് പ്രശ്‌നം പരിഹരിക്കുന്നതിനും ഗതാഗതകുരുക്ക് ഒഴിവാക്കുന്നതിനും ട്രാഫിക് ഉപദേശക സമിതി യോഗങ്ങളില്‍ തീരുമാനം എടുക്കാറുണ്ടെങ്കിലും ഇതൊന്നും നടപ്പിലാക്കാറില്ലെന്ന് മാത്രം.
നഗരസഭയായി ഉയര്‍ത്തപ്പെട്ടിട്ടും വാഹനങ്ങളുടെ എണ്ണം അനുദിനം വര്‍ധിക്കുമ്പോഴും നഗരത്തിലെ ഗതാഗത കുരുക്കിനും പാര്‍ക്കിങ് പ്രശ്‌നത്തിനും ശാശ്വത പരിഹാരം കാണാന്‍ നഗരസഭയുടെയും വിവിധ വകുപ്പുകളുടെയും അടിയന്തിര ശ്രദ്ധ പതിയണമെന്നാണ് പൊതുജനാഭിപ്രായം.
ദേശീയപാത അധികൃതര്‍ക്ക് അനക്കമില്ല: പൊട്ടിപ്പൊളിഞ്ഞ് കല്‍പ്പറ്റയിലെ ഫുട്പാത്തുകള്‍
കല്‍പ്പറ്റ: കല്‍പ്പറ്റ നഗരത്തിലെ ഫുട്പാത്തുകള്‍ പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നത് നാട്ടുകാര്‍ക്ക് ദുരിതമാവുന്നു. കല്‍പ്പറ്റ ട്രാഫിക് ജംഗ്ഷനില്‍ നിന്നാരംഭിക്കുന്ന ഫുട്പാത്ത് ബൈപ്പാസ് ജംഗ്ഷന്‍ വരെ പലയിടത്തും പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയാണ്. സ്ലാബുകള്‍ തകര്‍ന്നതിനാല്‍ പലയിടത്തും കല്ലും വിറകും വച്ച് കുഴികള്‍ അടച്ച നിലയിലാണ്. പലയിടത്തും അടക്കാത്ത കുഴികളുമുണ്ട്. കാലുതെറ്റിയാല്‍ കാല്‍നട യാത്രക്കാര്‍ കുഴിയിലേക്ക് വീഴുമെന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. ഫുട്പാത്തുകള്‍ പുനരുജ്ജീവിപ്പിക്കേണ്ടത് പൊതുമരാമത്ത് ദേശീയപാത വിഭാഗമാണ്്.
എന്നാല്‍ ഇവരുടെ ഭാഗത്ത് നിന്നും യാതൊരുവിധ നടപടികളും ഇതുവരെ ഉണ്ടായിട്ടില്ലെന്നാണ് നഗരസഭയുടെ മുന്‍ ചെയര്‍മാനും ഇപ്പോഴത്തെ കൗണ്‍സിലറുമായ പി.പി ആലി പറയുന്നത്. വര്‍ഷങ്ങളായി നഗരത്തിലെ ഈ ദുരവസ്ഥക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് നഗരസഭാ അധികൃതര്‍ നിരവധി തവണ ദേശീയപാത അധികൃതരെ സമീപിക്കുന്നു. എന്നാല്‍ ഇവരുടെ ഭാഗത്ത് നിന്നും നടപടി ഒന്നുമുണ്ടായിട്ടില്ല. ഇതേതുടര്‍ന്ന് 30 കോടിയുടെ ഒരു പദ്ധതി തയാറാക്കി കെ.എസ്.യു.പി.ഡിക്ക് നിലവിലുള്ള നഗരസഭാ ഭരണസമിതി സമര്‍പ്പിച്ചിരുന്നു.
എന്നാല്‍ സര്‍ക്കാര്‍ മാറിയതോടെ ഈ പദ്ധതിയുടെ മേലും നടപടി ഉണ്ടായിട്ടില്ല. പല തവണകളായി നഗരവാസികള്‍ ഇതുമായി ബന്ധപ്പെട്ട് നഗരസഭയില്‍ പരാതികള്‍ ഉന്നയിക്കുമ്പോള്‍ പൊട്ടിയ സ്ലാബുകള്‍ക്ക് പകരം പലയിടത്തും നഗരസഭ മുന്‍കൈയെടുത്ത് സ്ലാബുകള്‍ മാറ്റിയിടാറാണ് പതിവ്.
എന്നാല്‍ ഇത് ശാശ്വതമല്ലെന്നാണ് കൗണ്‍സിലര്‍ പറയുന്നത്. പ്രശ്‌നത്തില്‍ ദേശീയപാത അധികൃതരുടെ അടിയന്തിര നടപടി ഉണ്ടാകണമെന്നാണ് നാട്ടുകാരുടെയും നഗരസഭ കൗണ്‍സിലര്‍മാരുടെയും ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."