വെള്ളൂര്‍ എച്ച്.എന്‍.എല്ലിനെ സ്വകാര്യവല്‍കരിക്കാനുള്ള നീക്കം ചെറുക്കും
കടുത്തുരുത്തി: വെള്ളൂര്‍ എച്ച്.എന്‍.എല്ലിനെ സ്വകാര്യവല്‍ക്കരിക്കാനുള്ള തീരുമാനം കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് എ.ഐ.വൈ.എഫ് ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു. കടുത്തുരുത്തി സഹകരണബാങ്ക് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന നേതൃയോഗം സി.പി.ഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ജോണ്‍ വി ജോസഫ് ഉദ്ഘാടനം ചെയ്തു. മുന്‍പു രണ്ടു തവണ ഇത്തരം ആലോചനകള്‍ ഉണ്ടായപ്പോള്‍ ശക്തമായ ജനകീയ പ്രക്ഷോഭത്തിന്റെ ഫലമായാണ് സര്‍ക്കാര്‍ പിന്നോട്ടു പോയത്.
1991 ല്‍ രാജ്യത്ത് കോണ്‍ഗ്രസ് നടപ്പിലാക്കിയ ആഗോള വല്‍ക്കരണ നയങ്ങളുടെ ഭാഗമായാണ് മോഡേണ്‍ ബ്രഡ്ഡും,എച്ച്.എം.ടിയും എച്ച്.എന്‍.എല്ലും അടക്കമുള്ള കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യ വല്‍ക്കരിയ്ക്കാന്‍ തീരുമാനിച്ചത്.
കോണ്‍ഗ്രസിന് ശേഷം കേന്ദ്രത്തില്‍ അധികാരത്തില്‍ വന്ന ബി.ജെ.പി സര്‍ക്കാര്‍ കോണ്‍ഗ്രസ് കൊണ്ടുവന്ന ആഗോള വല്‍ക്കരണ നയങ്ങള്‍ കൂടുതല്‍ ശക്തമായി രാജ്യത്ത് നടപ്പിലാക്കി. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കുന്നതിനുവേണ്ടി ഓഹരി വില്‍പ്പന മന്ത്രാലയം രുപികരിച്ചു അരുണ്‍ ഷൂരി എന്ന മന്ത്രിയേയും നിയമിച്ചു പുത്തന്‍ സാമ്പത്തിക നയങ്ങള്‍ പിന്‍തുടര്‍ന്ന ലോകത്തെ പല വന്‍കിട രാജ്യങ്ങള്‍ പോലും ഈ നയം അമ്പേപരാജയമാണെന്ന് മനസില്ലാക്കി ഇതില്‍ നിന്നും പിന്‍തിരിയുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്.എന്നാല്‍ നവലിബറല്‍ സാമ്പത്തിക നയങ്ങള്‍ നടപ്പിലാക്കി കാല്‍ നൂറ്റാണ്ട് കഴിഞ്ഞിട്ടും ഇന്ത്യന്‍ ഭരണാധികാരികള്‍ സാമ്രാജ്യത്ത്വത്തെ പ്രോത്സാഹിക്കുന്നതിനുവേണ്ടി ജനവിരുദ്ധ നയങ്ങള്‍ തന്നെ പിന്‍തുടരുന്നതിന്റെ ഭാഗമായാണ് ലാഭത്തിലുള്ളതും അല്ലാത്തതുമായ കേന്ദ്ര സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളെ വിദേശ സ്വദേശ കുത്തകകള്‍ക്ക് മുമ്പില്‍ അടിയറ വയ്ക്കുന്നതെന്നും എ.ഐ.വൈ.എഫ് കുറ്റപ്പെടുത്തി. എച്ച്.എന്‍.എല്‍ സ്ഥിതിചെയ്യുന്ന വൈക്കം നിയോജകമണ്ഡലത്തിലെ കുടിവെള്ള പദ്ധതി നടത്തിയും വെള്ളൂര്‍ പഞ്ചായത്തിന്റെ കിഴക്കന്‍ മേഖലയില്‍ കുടിവെള്ളം വിതരണം ചെയ്യുകയും സമീപവാസികളായ നിരവധി വീടുകള്‍ക്ക് വൈദ്യുതി നല്‍കുകയും തുടങ്ങിയ നിരവധിയായ ക്ഷേമ പദ്ധതികള്‍ എച്ച്എന്‍എല്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നുണ്ട്. ഇത് സാധ്യമാകുന്നത് കമ്പനി പൊതുമേഖലയില്‍ നില്‍ക്കുന്നത് കൊണ്ടാണ.് ഈ സാഹചര്യത്തിലാണ് എച്ച്.എന്‍.എല്‍ സ്വകാര്യ വല്‍ക്കരണത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്‍തിരിയണമെന്ന് എ.ഐ.വൈ.എഫ് ആവശ്യപ്പെടുന്നത് .ഈ ആവശ്യം ഉന്നയിച്ച് എ.ഐ.വൈ.എഫ് കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ജനുവരി 18 ന് രാവിലെ 10 മണിക്ക് വെള്ളൂര്‍ എച്ച്.എന്‍.എല്‍ ലേക്ക് ബഹുജന മാര്‍ച്ച് നടത്തും.സമരം സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനംരാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."