അധ്യാപകരില്ല; നെടുങ്കണ്ടം പോളിടെക്‌നിക്ക് കോളജിന്റെ പ്രവര്‍ത്തനം അവതാളത്തില്‍
കട്ടപ്പന: നെടുങ്കണ്ടം ഗവ. പോളിടെക്‌നിക്കില്‍ സ്ഥിരം അധ്യാപകരും പ്രിന്‍സിപ്പലും ഇല്ലാത്തത് വിദ്യാര്‍ഥികളുടെ പഠനത്തേയും വിജയശതമാനത്തേയും ബാധിക്കുന്നു. പത്തുവര്‍ഷത്തോളം വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചുവന്ന കോളജിന് 2010-ല്‍ മഞ്ഞപ്പെട്ടിയില്‍ സ്വന്തം കെട്ടിടം നിര്‍മിച്ചതിനേത്തുടര്‍ന്ന് ഇവിടേക്കു മാറുകയായിരുന്നു. കോളജ് പ്രവര്‍ത്തനത്തിന് മതിയായ കെട്ടിട സൗകര്യവും ഓഫിസ് ജീവനക്കാരും ഉണ്ടെങ്കിലും സ്ഥിരം പ്രിന്‍സിപ്പലും അധ്യാപകരും ഇല്ലാത്തതു വിദ്യാര്‍ഥികളുടെ പഠനത്തേയും വിജയശതമാനത്തേയും ദോഷമായി ബാധിക്കുകയാണ്.
എ.ഐ.സി.ടി.ഇ നിര്‍ദേശം അനുസരിച്ച് 27 സ്ഥിരം അധ്യാപകര്‍ വേണ്ടസ്ഥാനത്ത് നിലവില്‍ അഞ്ചുപേരാണുള്ളത്. ഇതില്‍ ഒരാള്‍ക്കാണ് പ്രിന്‍സിപ്പലിന്റെ ചുമതല. ഒരാള്‍ പ്രസവാവധിയിലുമാണ്. ബാക്കിയുള്ള മൂന്നുപേര്‍ വിവിധ പരിശീലന പരിപാടികളിലുമായിരിക്കും. അധ്യായനം നടത്തുന്നതാകട്ടെ ദിവസവേതനക്കാരായ അധ്യാപകരും. ഇതുമൂലം ക്ലാസുകളില്‍ അച്ചടക്കം ഉറപ്പാക്കുന്നതിനും കഴിയുന്നില്ല. പെണ്‍കുട്ടികള്‍ക്ക് ഹോസ്റ്റല്‍ ഉണ്ടെങ്കിലും ഇവിടെ സ്ഥിരം വാര്‍ഡനെ നിയമിച്ചിട്ടില്ല. കായിക അധ്യാപകനേയും ലൈബ്രേറിയനെയും നിയമിച്ചിട്ടില്ല. ജീവനക്കാര്‍ക്ക് ക്വാര്‍ട്ടേഴ്‌സുകള്‍ ഇല്ലാത്തതിനാല്‍ മാസം മൂവായിരം രൂപയിലേറെ വാടക നല്‍കിയാണ് പലരും താമസിക്കുന്നത്. ഇതുമൂലം ജീവനക്കാര്‍ ഇവിടെ സ്ഥിരമായി ജോലി ചെയ്യാന്‍ തയാറാകുന്നില്ല. രണ്ടുവര്‍ഷം മുമ്പ് കോളജിന് സ്വന്തമായി ഒരു ബസ് അനുവദിച്ചെങ്കിലും ഇത് ഇപ്പോള്‍ ഷെഡില്‍ ഒതുക്കിയിട്ടിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."