ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തല്‍ ലക്ഷ്യം; വിപുലമായ പദ്ധതികളുമായി ഡി.റ്റി.പി.സി
തൊടുപുഴ: വിനോദ സഞ്ചാരികള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലയിലെ ടൂറിസം സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ഡി.റ്റി.പി.സി ജനറല്‍ ബോഡി യോഗം തീരുമാനിച്ചു. ഹൈഡല്‍ ടൂറിസം, സ്‌പൈസസ് ടൂറിസം. അഡ്വഞ്ചര്‍ ടൂറിസം മേഖലകളില്‍ കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ അനുയോജ്യമായ പദ്ധതികള്‍ നടപ്പാക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനും പ്രോജക്ട് തയ്യാറാക്കുന്നതിനും നടപടി സ്വീകരിക്കും. പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ ഉള്‍പ്പെടുത്തി ടൂറിസം സര്‍ക്യൂട്ട്, ഫെസ്റ്റിവല്‍ ടൂറിസം സാധ്യതകളെക്കുറിച്ച് പഠിക്കാനും തീരുമാനിച്ചു.
ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രധാന റോഡുകളില്‍ 10 കിലോമീറ്റര്‍ അകലത്തില്‍ ടോയ്‌ലറ്റ് ബ്ലോക്കുകള്‍ സ്ഥാപിക്കുന്നതിന് അനുയോജ്യമായ സ്ഥലം കണ്ടെത്തുന്നതിനും നടപടി സ്വീകരിക്കും.
മൂന്നാറില്‍ പ്ലാനറ്റോറിയം, കേബിള്‍കാര്‍ എന്നിവ സ്ഥാപിക്കുന്നതിന് പ്രോജക്ട് തയ്യാറാക്കും. മൂന്നാറിലെ വാഹന പാര്‍ക്കിങ് പ്രശ്‌ന പരിഹാരത്തിന് പാര്‍ക്കിങ് ഏരിയ വികസിപ്പിക്കുന്നതിനും ആധുനിക രീതിയിലുള്ള ഇന്‍ഫര്‍മേഷന്‍ സെന്റര്‍, മികച്ച ലൈബ്രറി കം റീഡിംഗ് റൂം എന്നിവക്കുള്ള പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കാന്‍ പൊതുമരാമത്ത് വകുപ്പിനെ ചുമതലപ്പെടുത്താനും യോഗം തീരുമാനിച്ചു.
ജില്ലയില്‍ റോപ്പ് വേക്ക് അനുയോജ്യമായ സ്ഥലങ്ങള്‍ കണ്ടെത്തുന്നതിന് സബ് കമ്മിറ്റിയെ നിയോഗിക്കാനും തുടര്‍ന്ന് നാറ്റ്പാക് ഉള്‍പ്പെടെയുള്ള ഏജന്‍സികളെ വിളിച്ച് ചര്‍ച്ച ചെയ്യാനും ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ സ്ഥാപിക്കുന്നതിനാവശ്യമായ 14 ഏക്കര്‍ സ്ഥലം സര്‍ക്കാരില്‍ നിന്നും ലീസിന് ലഭ്യമാക്കുന്നതിനും നടപടി സ്വീകരിക്കും. വാഗമണ്‍ ടൂറിസം കോംപ്ലക്‌സ് കെ.റ്റി.ഡി.സി ഏറ്റെടുക്കുന്നില്ലെങ്കില്‍ ഡി.റ്റി.പി.സിക്ക് കൈമാറി കിട്ടുന്നതിന് നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു.
ജില്ലാ കലക്ടര്‍ ജി.ആര്‍. ഗോകുലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എസ്. രാജേന്ദ്രന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ്, കട്ടപ്പന നഗരസഭാ ചെയര്‍മാന്‍ ജോണി കുളംപള്ളി, വണ്ടിപ്പെരിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഹരിദാസ്, സി.വി. വര്‍ഗ്ഗീസ്, അനില്‍ കൂവപ്ലാക്കല്‍, ടി.എം. ജോണ്‍, ഇടുക്കി പ്രസ് ക്ലബ് സെക്രട്ടറി വിനോദ് കണ്ണോളി തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."