കോട്ടയത്തിന് മന്ത്രിയില്ല ; സുരേഷ് കുറുപ്പിനെ പരിഗണിക്കണമെന്ന ആവശ്യം ശക്തമായി
ഏറ്റുമാനൂര്‍ : ബുധനാഴ്ച അധികാരമേല്‍ക്കുന്ന മന്ത്രിസഭയില്‍ ജില്ലയില്‍ നിന്ന് പ്രതിനിധിയില്ലാതെ വരുന്നതില്‍ കോട്ടയംകാര്‍ക്ക് പരക്കെ അമര്‍ഷം.
സി.പി.എമ്മിന് ജില്ലയില്‍ ഉണ്ടായിരുന്ന ഒരു സീറ്റ് നഷ്ടപ്പെടാതെ പാര്‍ട്ടിയുടെ മാനം കാത്ത ഏറ്റുമാനൂര്‍ എം.എല്‍.എ അഡ്വ.കെ.സുരേഷ് കുറുപ്പിനെ മന്ത്രിസഭയില്‍ ഉള്‍കൊള്ളിക്കുമെന്നായിരുന്നു ഇന്നലെ പട്ടിക പുറത്തു വരും വരെ ജില്ലയിലെ ജനങ്ങള്‍ കരുതിയിരുന്നത്. മികച്ച പാര്‍ലമെന്റേറിയനായി മുമ്പ് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള സുരേഷ് കുറുപ്പിനെ മന്ത്രിസഭയില്‍ ഉള്‍കൊള്ളിക്കണമെന്ന ആവശ്യം ജില്ലയിലെ പാര്‍ട്ടി അണികള്‍ക്കിടയിലും ജനങ്ങള്‍ക്കിടയിലും ശക്തമായിരിക്കുകയാണ്.
കഴിഞ്ഞ മന്ത്രിസഭയില്‍ മൂന്ന് മന്ത്രിമാരും ചീഫ് വിപ്പും ഉണ്ടായിരുന്ന കോട്ടയം ജില്ലയോട് പുതിയ സര്‍ക്കാരിന്റെ അവഗണനയായും ഇത്ചിത്രീകരിക്കപ്പെടുന്നുണ്ട്. അതേസമയം ഇന്നലെ സംസ്ഥാന സെക്രട്ടേറിയറ്റില്‍ തയ്യാറാക്കിയ മന്ത്രിമാരുടെ പട്ടികയ്ക്ക് ഇന്ന് നടക്കുന്ന സംസ്ഥാന സമിതിയാണ് അംഗീകാരം നല്‍കേണ്ടത്. പാര്‍ട്ടി ജില്ലാ സെക്രട്ടറിമാര്‍ കൂടി അംഗങ്ങളായുള്ള സംസ്ഥാനസമിതിയോഗത്തില്‍ കോട്ടയം ജില്ലാ സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ സുരേഷ്‌കുറുപ്പിന് വേണ്ടി വാദിക്കുമെന്ന പ്രതീക്ഷയിലാണ് ഏവരും.
1982ലെ തെരഞ്ഞെടുപ്പില്‍ കൈവിട്ടുപോയ ഏറ്റുമാനൂര്‍ മണ്ഡലം എല്‍ഡിഎഫ് 2011ല്‍ തിരികെ പിടിച്ചത് സുരേഷ് കുറുപ്പിലൂടെയാണ്. കേരളാ കോണ്‍ഗ്രസിലെ തോമസ് ചാഴികാടന്‍ 20 വര്‍ഷമായി കനത്ത ഭൂരിപക്ഷത്തില്‍ കൈപിടിയിലൊതുക്കിയ മണ്ഡലം സുരേഷ് കുറുപ്പിലൂടെ തിരികെ പിടിക്കാനായത് പാര്‍ട്ടിക്കതീതമായി അദ്ദേഹത്തിനുള്ള ജനസമ്മതിയായിരുന്നു. മുമ്പ് നാല് തവണ പാര്‍ലമെന്റ് അംഗമായിരുന്ന കുറുപ്പ് മികച്ച പാര്‍ലമെന്റേറിയനായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ ഒട്ടുമിക്ക അഴിമതികള്‍ക്കെതിരെയും നിയമസഭയില്‍ മുഴങ്ങികേട്ട ശബ്ദവും സുരേഷ്‌കുറുപ്പിന്റേതായിരുന്നു. ഇവയില്‍ എടുത്തു പറയത്തക്കതാണ് മന്ത്രിമാരായ കെ.എം. മാണി, കെ.എ ബാബു എന്നിവര്‍ക്കനുകൂലമായുള്ള സര്‍ക്കാര്‍ സമീപനത്തിനെതിരെ ഇദ്ദേഹം നിയമസഭയില്‍ പ്രസംഗിച്ചത്.
പാര്‍ട്ടിക്കതീതമായി സുരേഷ്‌കുറുപ്പിന് ലഭിച്ച വോട്ടുകളാണ് ഇക്കുറി ഒട്ടേറെ പ്രതിസന്ധികള്‍ക്കിടയിലും എല്‍ഡിഎഫിന്റെ ഭൂരിപക്ഷം ഏറ്റുമാനൂരില്‍ എട്ടിരട്ടിയാക്കാനും മണ്ഡലം നിലനിര്‍ത്താനും കഴിഞ്ഞത്. ഈഴവ സമുദായാംഗങ്ങള്‍ ഏറെയുള്ള മണ്ഡലത്തില്‍ ബിഡിജെഎസ് സ്ഥാനാര്‍ഥിയുടെ സാന്നിദ്ധ്യം വോട്ട് ചോരുവാന്‍ കാരണമാകുമെന്നും കുറുപ്പ് പരാജയപ്പെടുമെന്നും ഒരു ഘട്ടത്തില്‍ പാര്‍ട്ടി നേതൃത്വം വരെ ശങ്കിച്ചിരുന്നു.
പക്ഷെ കഴിഞ്ഞ തെരഞ്ഞെടുപ്പിലേതിനേക്കാള്‍ ബിജെപി സഖ്യം 24155 വോട്ട് അധികം പിടിച്ചിട്ടും കുറുപ്പിന് തന്റെ വോട്ട് ചോരാതെ സംരക്ഷിക്കാന്‍ കഴിഞ്ഞുവെന്ന് മാത്രമല്ല ഭൂരിപക്ഷം 1801ല്‍നിന്നും 8899 ആക്കി ഉയര്‍ത്തുവാനും കഴിഞ്ഞു. ക്രിസ്തീയ സഭകള്‍ക്കും മുസ്ലിം സമുദായത്തിനും ഏറെ സ്വീകാര്യനായ വ്യക്തി എന്നതും പ്രതിപക്ഷത്തിരുന്നു കൊണ്ട് മണ്ഡലത്തില്‍ നടപ്പാക്കിയ പദ്ധതികളും കുറുപ്പിന്റെ ഗ്രാഫ് ഉയര്‍ത്തി. അതോടൊപ്പം എല്‍ഡിഎഫ് വന്നാല്‍ തങ്ങള്‍ക്കൊരു മന്ത്രിയെ കിട്ടുമെന്ന ശുഭാപ്തി വിശ്വാസവും ജനങ്ങള്‍ക്കുണ്ടായിരുന്നു.
നിയമസഭയിലേക്ക് രണ്ടാംതവണ തെരഞ്ഞെടുക്കപ്പെടുന്ന സുരേഷ്‌കുറുപ്പ് 1984,1998, 1999, 2004 വര്‍ഷങ്ങളിലാണ് ലോക്‌സഭാംഗമായത്. എസ്എഫ്‌ഐ പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തില്‍ പ്രവേശിച്ച സുരേഷ്‌കുറുപ്പ് ഇപ്പോള്‍ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കൂടിയാണ്. സ്ഥാനമാനങ്ങള്‍ക്കായി ഇടിച്ചു നില്‍ക്കുന്ന സ്വഭാവം സുരേഷ് കുറുപ്പിന് ഇല്ലാത്തതാണ് ഇദ്ദേഹം തഴയപ്പെടുന്നതിന് പിന്നിലെന്നും ചൂണ്ടികാണിക്കപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."