നാട്ടകം റാഗിങ്: മുഴുവന്‍ പ്രതികളും അറസ്റ്റില്‍
കോട്ടയം: നാട്ടകം ഗവ.പോളിടെക്‌നിക് കോളജില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥികളെ റാഗ് ചെയ്ത സംഭവത്തില്‍ എല്ലാ പ്രതികളും പിടിയില്‍. ഇന്നലെ രാവിലെ കീഴടങ്ങിയ ഒരാള്‍ ഉള്‍പ്പെടെ നാലു പ്രതികള്‍ കൂടി അറസ്റ്റിലായതോടെയാണിത്. കേസില്‍ ആകെ ഒന്‍പതു പ്രതികളാണുള്ളത്. കഴിഞ്ഞ ദിവസം കീഴടങ്ങിയ അഞ്ചുപേരും ഇന്നലെ രാവിലെ കീഴടങ്ങിയ പ്രവീണും ഉള്‍പ്പെടെയുള്ള ആറുപേരെ ചങ്ങനാശേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. ഈ മാസം 31 വരെയാണ് റിമാന്‍ഡ് കാലാവധി. കോട്ടയം സ്വദേശി അഭിലാഷ്, മേലുകാവ് സ്വദേശി ശരത് ,കൊല്ലം സ്വദേശി നിധിന്‍ എന്നിവരാണ് ഇന്നലെ അറസ്റ്റിലായ മറ്റുള്ളവര്‍. നിധിന്‍ ഇന്നലെ രാത്രിയോടെയാണ് പൊലിസ് പിടിയിലായത്. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
ഒളിവിലായിരുന്ന തിരുവനന്തപുരം സ്വദേശി മനു, എറണാകുളം സ്വദേശികളായ ശരണ്‍, ജെറിന്‍, വണ്ടിപ്പെരിയാര്‍ സ്വദേശി ജയപ്രകാശ്,ചാലക്കുടി സ്വദേശി ജെയ്‌സന്‍ എന്നിവര്‍ കഴിഞ്ഞ ദിവസം ചങ്ങനാശേരി ഡിവൈ.എസ്.പി ഓഫിസിലെത്തി കീഴടങ്ങിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നലെ രാവിലെ പ്രവീണും കീഴടങ്ങിയത്.
കോളജ് ഹോസ്റ്റലില്‍ ക്രൂരമായ റാഗിങിനു വിധേയരായതായി പോളിടെക്‌നിക് കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥികളായ തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശി അവിനാഷ്, എറണാകുളം സ്വദേശി ഷൈജു ഡി.ഗോപി എന്നിവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.
പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികളാണ് റാഗിങിനു വിധേയരായ രണ്ടു പേരും. ഇരുവരെയും നഗ്‌നരാക്കി ക്രൂരമായ വ്യായാമ മുറകള്‍ ചെയ്യിപ്പിക്കുകയും, മദ്യം കുടിപ്പിക്കുകയും ചെയ്തതായാണ് പരാതി. ഇതേ തുടര്‍ന്നു ആരോപണ വിധേയരായ വിദ്യാര്‍ഥികള്‍ക്കെതിരേ പട്ടികജാതി നിരോധന നിയമപ്രകാരവും, റാഗിങ് നിരോധന നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. റാഗിങിനെ തുടര്‍ന്ന് അവിനാഷിന്റെ വൃക്ക തകറാറിലായിരുന്നു. ഇന്നലെ പോളിടെക്‌നിക് കോളജില്‍ എത്തിയ പൊലിസ് സംഘം കഴിഞ്ഞ ദിവസം പ്രിന്‍സിപ്പല്‍ സി.ജി അനിതയില്‍ നിന്നു മൊഴിയെടുത്തു. രണ്ടു സംഭവങ്ങളിലും കോളജില്‍ ആദ്യം പരാതി ലഭിച്ചില്ലെന്നാണ് പ്രിന്‍സിപ്പല്‍ പറഞ്ഞത്. പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തപ്പോള്‍ മാത്രമാണ് റാഗിങ് സംബന്ധിച്ചു കോളജ് അധികൃതര്‍ക്കു വിവരം ലഭിച്ചത്. ഇതേ തുടര്‍ന്നു കോളജ് തലത്തില്‍ അന്വേഷണം നടത്തി കുറ്റക്കാരെന്നു കണ്ടെത്തിയ വിദ്യാര്‍ഥികള്‍ക്കെതിരേ പ്രാഥമിക നടപടി സ്വീകരിച്ചതായും പ്രിന്‍സിപ്പല്‍ പൊലിസിനു മൊഴി നല്‍കിയിരുന്നു.
അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍
വിദ്യാഭ്യാസ മന്ത്രിയുടെ നിര്‍ദേശം
തിരുവനന്തപുരം: നാട്ടകം സര്‍ക്കാര്‍ പോളിടെക്‌നികില്‍ നടന്ന റാഗിങ് സംബന്ധിച്ച് വിശദമായി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് നിര്‍ദേശം നല്‍കി. കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.
ബന്ധമില്ലെന്ന് എസ്.എഫ്.ഐ
തൃശൂര്‍: നാട്ടകം ഗവ.പോളിടെക്‌നികിലെ റാഗിങില്‍ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ക്ക് യാതൊരു ബന്ധവുമില്ലെന്ന് സംസ്ഥാന സെക്രട്ടറി എം. വിജിനും പ്രസിഡന്റ് ജെയ്ക്ക് സി. തോമസും പത്രസമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞവര്‍ഷം നടന്ന യൂനിയന്‍ തെരഞ്ഞെടുപ്പില്‍ കെ.എസ്.യു. സ്ഥാനാര്‍ഥിയായി സിവില്‍ വിഭാഗം പ്രതിനിധിസ്ഥാനത്തേയ്ക്ക് മത്സരിച്ച ജെറിന്‍ പൗലോസാണ് കേസിലെ ഒന്നാംപ്രതി. മാത്രമല്ല കൂടുതല്‍ കെ.എസ്.യു.
പ്രവര്‍ത്തകര്‍ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. എസ്.എഫ്.ഐയ്‌ക്കെതിരേ ആരോപണമുന്നയിച്ച മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, തൃശൂര്‍ ഡി.സി.സി. പ്രസിഡന്റടക്കമുള്ളവര്‍ ഇക്കാര്യം പരിശോധിക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."