ട്രേഡിങ്ങിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ്; പരാതിയുമായി കൂടുതല്‍ പേര്‍ രംഗത്ത്
തൃശൂര്‍: ട്രേഡിങ്ങിന്റെ പേരില്‍ വിവിധ ജില്ലകളില്‍ നിന്നായി കോടികള്‍ തട്ടിയെടുത്ത തിരുവനന്തപുരം സ്വദേശിക്കെതിരേ പരാതിയുമായി നിരവധി പേര്‍ രംഗത്ത്.
തിരുവനന്തപുരം ബാലരാമപുരം സ്വദേശി രാജനെതിരേയാണ് മലപ്പുറം, തൃശൂര്‍ സ്വദേശികള്‍ പരാതി നല്‍കാനൊരുങ്ങുന്നത്. ഇയാള്‍ക്കെതിരേ തൃശൂര്‍ അയ്യന്തോള്‍ സ്വദേശി പ്രേംരാജ് നല്‍കിയ പരാതിയില്‍ തൃശൂര്‍ ജില്ലാ മജിസ്‌ട്രേറ്റ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. തൃശൂര്‍ കുറുപ്പം റോഡിലും കിഴക്കുംപാട്ടുകരയിലും പ്രവര്‍ത്തിച്ചിരുന്ന ട്രേഡിങ് സ്ഥാപനം കേന്ദ്രമാക്കിയായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്.
തട്ടിപ്പിനിരയായവര്‍ പ്രശ്‌നമുണ്ടാക്കിയതോടെ ഇയാള്‍ ഓഫിസ് പൂട്ടി മുങ്ങുകയായിരുന്നു. ട്രേഡിങ്ങിലൂടെ ഏഴ് ഇരട്ടിയോളം ലാഭം വര്‍ധിപ്പിച്ച് തരാമെന്ന് വാഗ്ദാനം നല്‍കിയാണ് പലരില്‍ നിന്നായി ഏഴ് കോടി രൂപ നിക്ഷേപം സ്വീകരിച്ചത്. ഒരു ലക്ഷം രൂപ നിക്ഷേപിച്ചാല്‍ 20000 മുതല്‍ 35000 രൂപ വരേ ലാഭം നല്‍കുമെന്നും അഞ്ച് ലക്ഷം രൂപ 100 ദിവസം നിക്ഷേപിച്ചാല്‍ 35 ലക്ഷം രൂപ ലാഭം നല്‍കാമെന്നും വാഗ്ദാനം നല്‍കിയായിരുന്നു തട്ടിപ്പ്.
പെരിന്തല്‍മണ്ണയിലെ നവാസ്, തിരൂരിലെ ദിറാര്‍, ഹനീഫ, ജെന്നിസ്, എറണാകുളത്തെ അനില്‍പോള്‍, തൃശൂരിലെ സജീവ്, നൗഷാദ്, മുരുകന്‍, ശംസുദ്ദീന്‍, നൗഷാദ് തുടങ്ങി നിരവധിപേരാണ് സമാനമായ തട്ടിപ്പിനിരയായയത്. ഇവര്‍ ഡി.ജി.പി, മുഖ്യമന്ത്രി എന്നിവര്‍ക്ക് പരാതി നല്‍കാനൊരുങ്ങുകയാണ്.
ട്രേഡിങ് നടത്താന്‍ കേരള ഫ്രാഞ്ചൈസി നല്‍കാമെന്നു പറഞ്ഞ് തിരൂര്‍ സ്വദേശി ജെന്നിസില്‍ നിന്ന് 30 ലക്ഷം രൂപയും ഇതേ ഫ്രാഞ്ചൈസി നല്‍കാമെന്ന് പറഞ്ഞ് എറണാകുളത്തെ അനില്‍പോളില്‍ നിന്ന് 30 ലക്ഷം രൂപയടക്കം വിവിധ ഘട്ടങ്ങളിലായി ഒരു കോടിയോളം രൂപയും തട്ടിയെടുത്തതായി പരാതിയുണ്ട്.
തമിഴ്‌നാട്, കര്‍ണാടക ഫ്രാഞ്ചൈസികളും സമാനമായ രീതിയില്‍ വില്‍പ്പന നടത്തി ലക്ഷങ്ങള്‍ തട്ടിയെടുത്തിട്ടുണ്ട്. ഇരുവൃക്കകളും തകരാറിലായ സജിന്‍ എന്നയാളുടെ ചികില്‍സക്ക് കരുതിവയ്ച്ചിരുന്ന എട്ട് ലക്ഷം രൂപയും ഇയാള്‍ തട്ടിയെടുത്തു. വൃക്ക മാറ്റിവയ്ക്കാനാവശ്യമായ പണം ട്രേഡിങ് നടത്തി നല്‍കാമെന്ന് പറഞ്ഞാണ് രൂപ കൈവശപ്പെടുത്തിയത്. പണം ലഭിക്കാത്തത് മൂലം ചികില്‍സ പോലും മുടങ്ങിയ അവസ്ഥയിലാണ് സജിന്‍.
രാജന്‍ പുതിയ തട്ടിപ്പുമായി രംഗത്തെത്തിയതായി മുന്‍പ് തട്ടിപ്പിനിരയായവര്‍ പറഞ്ഞു. തട്ടിപ്പിനിരയായവര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."