പീസ് സ്‌കൂളില്‍ നിന്നു പിടിച്ചെടുത്ത പാഠഭാഗങ്ങള്‍ മതേതര സമൂഹത്തിന് അംഗീകരിക്കാവുന്നതല്ല: കോടതി
കൊച്ചി: മതസ്പര്‍ധ വളര്‍ത്തുന്നതെന്ന് ആരോപിച്ച് പീസ് ഇന്റര്‍നാഷനല്‍ സ്‌കൂളില്‍ നിന്ന് പിടിച്ചെടുത്ത പാഠഭാഗങ്ങളിലെ ചില ഭാഗം മതേതര സമൂഹത്തിന് അംഗീകരിക്കാനാവുന്നതല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഈ പാഠഭാഗം കുരുന്നു മനസുകള്‍ ദുഷിക്കാനിടയാകുമെന്നും സിംഗിള്‍ ബെഞ്ച് അഭിപ്രായപ്പെട്ടു.
മതപഠനത്തിനു വേണ്ടിയാണെങ്കില്‍പോലും ഇതു പരിഗണിക്കാനാവാത്ത പാഠഭാഗമാണ്. ഇസ്‌ലാം മതം പഠിപ്പിക്കാനും പ്രചരിപ്പിക്കാനുമുള്ള വഴി ഇതല്ല. മതപഠനത്തിന്റെ ഭാഗമായിട്ടാണെങ്കില്‍ പോലും മതസ്പര്‍ധ വളര്‍ത്തുന്ന തരത്തിലുള്ള പാഠഭാഗം ഒരു സ്ഥാപനത്തില്‍ പഠിപ്പിച്ചാല്‍ സര്‍ക്കാരിന് അംഗീകാരം റദ്ദാക്കുന്നതടക്കമുള്ള ഉചിതമായ നടപടി സ്വീകരിക്കാനാവും. മതേതര സ്വഭാവമുള്ള പാഠ്യപദ്ധതിയുടെ ഭാഗമായി പുസ്തകം പഠിപ്പിച്ചിരുന്നതായി ഡി.ഇ.ഒയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
മതപരമായ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുമ്പോള്‍ തന്നെ എന്തു വിലകൊടുത്തും മതേതരത്വം സംരക്ഷിക്കപ്പെടണം. മതപരമായ പഠനങ്ങള്‍ക്കു വേണ്ടിയാണീ പാഠഭാഗമെന്ന വാദമുണ്ടെങ്കിലും ഇതു മതേതര സമൂഹത്തെ എങ്ങനെ ബാധിക്കുമെന്ന കാര്യം വിചാരണക്കോടതിയാണ് പരിഗണിക്കേണ്ടതെന്നും സിംഗിള്‍ ബെഞ്ച് പറഞ്ഞു. പീസ് ഇന്റര്‍നാഷനല്‍ സ്‌കൂളിലെ വിവാദ പാഠപുസ്തകത്തിന്റെ പ്രസാധകരായ മുംബയ് സ്വദേശികളായ ദാവൂദ് വെയ്ദ്, സഹീല്‍ സെയ്ദ്, സമീദ് അഹമ്മദ് ഷേക്ക് എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിച്ചാണ് സിംഗിള്‍ബെഞ്ച് ഇക്കാര്യം പറഞ്ഞത്.
അറസ്റ്റിലായ പ്രതികള്‍ക്കെതിരേ മതിയായ രേഖകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ശേഖരിച്ചു കഴിഞ്ഞെന്നും മറ്റു പ്രതികളെ അറസ്റ്റു ചെയ്യാനുണ്ടെന്ന കാരണത്താല്‍ ഇവരെ കസ്റ്റഡിയില്‍ തുടരാന്‍ അനുവദിക്കേണ്ടതില്ലെന്നും വിലയിരുത്തി ദാവൂദ് വെയ്ദ്, സഹീല്‍ സെയ്ദ്, സമീദ് അഹമ്മദ് ഷേക്ക് എന്നിവര്‍ക്ക് കോടതി സോപാധിക ജാമ്യം അനുവദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."