കലയ്ക്കു വര്‍ഗീയതയുടെ അതിര്‍വരമ്പ് വേണ്ട
കലയും സംസ്‌കാരവും വര്‍ഗീയ,വിഭാഗീയചിന്തകളില്‍നിന്നു വേറിട്ടുനില്‍ക്കുകയും അതുവഴി എല്ലാവിഭാഗം ജനങ്ങള്‍ക്കും ആസ്വാദനം പ്രാപ്യമാവുകയും ചെയ്ത ഇടമാണു കേരളം. മനുഷ്യനെ തമ്മില്‍ ചേര്‍ത്തുനിര്‍ത്താനും സൗഹൃദത്തിന്റെയും മാനവികതയുടെയും വാതായനങ്ങള്‍ തുറന്നിടാനുമാണു കലയും സംസ്‌കാരവും എന്നും മലയാളിയെ പ്രേരിപ്പിച്ചിട്ടുള്ളത്.
എന്നാല്‍, കുറച്ചുകാലമായി കലയും സംസ്‌കാരവും മനുഷ്യര്‍ക്കിടയില്‍ അകല്‍ച്ചയും വിദ്വേഷ ചിന്തകളും വളര്‍ത്താനുള്ള ഉപകരണമാകുന്നുവെന്നത് അതീവദുഖകരമാണ്. കലാകാരന്മാരും സാംസ്‌കാരികനായകന്മാരും ജനിച്ച ജാതിയുടെയോ മതത്തിന്റെയോ പേരില്‍ വിലയിരുത്തപ്പെടുന്നതും പരിഗണിക്കപ്പെടുന്നതും നമ്മളെ വേദനിപ്പിക്കുകയും ആശങ്കാകുലരാക്കുകയും ചെയ്യണം.
കേരളത്തിന്റെ ചരിത്രത്തില്‍ നൂറ്റാണ്ടുകളായി നമ്മുടെ കലാരൂപങ്ങള്‍ക്കും സാംസ്‌കാരിക വ്യക്തിത്വങ്ങള്‍ക്കും ജാതി,മത,പ്രദേശ വ്യത്യാസമില്ലാതെ ആസ്വാദകരുണ്ടായിരുന്നു. ഒരു കലാരൂപവും ഏതെങ്കിലും മതത്തിന്റെയോ ജാതിയുടേതോ മാത്രമായിരുന്നില്ല. കലാകാരന്മാരും സാംസ്‌കാരിക നായകരും പല ജാതിയിലും മതത്തിലും ജനിച്ചവരായിരിക്കാം. അവര്‍ ആചരിക്കുന്നതും വിശ്വസിക്കുന്നതും തങ്ങള്‍ ജനിച്ച സമുദായത്തിലെ ആചാരങ്ങളും വിശ്വാസങ്ങളുമായിരിക്കാം.
എങ്കിലും, ആ മതത്തിലോ ജാതിയിലോ ഉള്‍പ്പെടുന്നവര്‍ക്കുവേണ്ടിമാത്രമല്ല അവര്‍ എഴുതുന്നതും പാടുന്നതും സാസ്‌കാരികപ്രവര്‍ത്തനത്തനം നടത്തുന്നതും. എല്ലാ ജനങ്ങള്‍ക്കും വേണ്ടിയാണ്. അതുകൊണ്ടാണ് അവരെ സാംസ്‌കാരികനായകന്മാര്‍ എന്നു പറയുന്നത്. നാനാത്വത്തില്‍ ഏകത്വമെന്ന മികച്ച സംസ്‌കാരം ജനങ്ങളിലെത്തിക്കുന്നവരാണ് അവര്‍.
എന്നാല്‍, അടുത്തകാലത്തായി കലാകാരന്മാരെയും സാംസ്‌കാരികനായകന്മാരെയും ജാതി, മതങ്ങളുടെ അതിരുകളില്‍പെടുത്തി വേര്‍തിരിക്കാനുള്ള ശ്രമം നടന്നുവരികയാണ്. കവികളും എഴുത്തുകാരും ചലച്ചിത്രസംവിധായകരും പാട്ടുകാരുമൊക്കെ ഹിന്ദുവും മുസ്‌ലിമും ക്രിസ്ത്യാനിയുമായി പരിഗണിക്കപ്പെടുകയും പലപ്പോഴും അപമാനിക്കപ്പെടുകയും ചെയ്യുമ്പോള്‍ മലയാളിയുടെ പ്രബുദ്ധതയ്ക്ക് എന്തുപറ്റിയെന്നു ഞാന്‍ അത്ഭുതപ്പെടുകയാണ്.
വയലാറും പി ഭാസ്‌കരനും ശ്രീകുമാരന്‍തമ്പിയുമൊക്കെ മികച്ച മാപ്പിളപ്പാട്ടുകള്‍ എഴുതി നമുക്കു മികച്ച ആസ്വാദനാനുഭവം സമ്മാനിച്ചവരാണ്. യൂസഫലി കേച്ചേരിയാകട്ടെ മികച്ച ഹൈന്ദവ ഭക്തിഗാനങ്ങളെഴുതി. സംസ്‌കൃതത്തില്‍ ഗാനരചന നിര്‍വഹിച്ചു പ്രസിഡന്റിന്റെ അവാര്‍ഡും നേടി. യേശുദാസിന്റെ ശബ്ദത്തിലാണ് ശബരിമലക്ഷേത്രത്തിലെ ഹരിവരാസനം. സത്യനും പ്രേംനസീറും മമ്മൂട്ടിയും മോഹന്‍ലാലും വെള്ളിത്തരയില്‍ നമ്മെ വിസ്മയിപ്പിച്ചത് അവരുടെ അപാരമായ അഭിനയ പാടവം കൊണ്ടായിരുന്നു.
കലാമണ്ഡലം ഹൈദരാലിയുടെ മധുരശബ്ദം എത്രയോ ദശാബ്ദങ്ങളോളം നമ്മുട കഥകളി അരങ്ങുകളെ സമ്പന്നമാക്കി. ഇവരുടെയൊന്നും ജാതിയും, മതവും, ജാതകവും നോക്കാതെയാണു മലയാളി ഇഷ്ടപ്പെട്ടതും ബഹുമാനിച്ചതും. അത് അങ്ങനെ വേണമെന്നു നമുക്ക് ആരും പറഞ്ഞുതന്നതല്ല. മറിച്ച്, മലയാളിയുടെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന സംസ്‌കാരമാണത്. ഇന്ത്യക്കും ലോകത്തിനും മുന്നില്‍ മലയാളി തലയുയര്‍ത്തി നിന്നത് ഈ സ്വഭാവവിശേഷംകൊണ്ടു തന്നെയായിരുന്നു.
തുടക്കത്തില്‍ സൂചിപ്പിച്ചപോലെ കുറച്ചുനാളുകളായി മലയാളിമനസ് പതിയെ സങ്കുചിതമാകാന്‍ തുടങ്ങിയിരിക്കുന്നു. നമ്മള്‍ ഏറ്റവും ഭയന്നിരുന്ന, എതിര്‍ത്തിരുന്ന വര്‍ഗീയ നിലപാടുകള്‍ സാംസ്‌കാരികരംഗത്തേയ്ക്കു കടന്നുവരുന്നുവെന്ന സൂചനകള്‍ കണ്ടുതുടങ്ങിയിരിക്കുന്നു. ഏതെങ്കിലും ഒരു പ്രത്യേകസംഭവത്തെ മുന്‍ നിര്‍ത്തിയല്ല ഇതു പറയുന്നത്. പൊതുവെ കേരളീയസമൂഹം അവനവനിലേയ്ക്കു ചുരുങ്ങാന്‍ തുടങ്ങിയിരിക്കുന്നു.
ഒരു എഴുത്തുകാരന്റെ കവിതയോ, നോവലോ ആസ്വദിക്കുമ്പോള്‍, ചിത്രകാരന്റെ ചിത്രം ആസ്വദിക്കുമ്പോള്‍, ഒരു സംവിധായകന്റെ സിനിമ കാണുമ്പോള്‍ അതിന്റെ കലാപരവും സാംസ്‌കാരികവുമായ മൂല്യങ്ങളല്ലാതെ അതിനുപിന്നിലുള്ള വ്യക്തിയുടെ ജാതിയോ മതമോ ഒരിക്കലും മലയാളിയുടെ മനസിലേയ്ക്കു കടന്നുവന്നിരുന്നില്ല. ദു:ഖകരമെന്നു പറയട്ടെ, മലയാളി അത്തരത്തിലും ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നു. ആരംഭത്തിലേ വെട്ടിനീക്കപ്പെടേണ്ട അര്‍ബുദമാണ് ഈ മനോഭാവം.
നമുക്ക് ഹിന്ദുവും മുസ്‌ലിമും ക്രിസ്ത്യാനിയും എന്നു മുദ്രയടിക്കപ്പെട്ട കലാകാരന്മാരും എഴുത്തുകാരും അഭിനേതാക്കളും സംവിധായകരും വേണ്ട. അതൊക്കെ നമ്മുടെയും അവരുടെയും വ്യക്തിജീവിതത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കട്ടെ. അവരുടെ സൃഷ്ടികളും അവര്‍ നല്‍കുന്ന സംഭാവനകളും മാത്രമായിരിക്കണം നമ്മുടെ മുന്നിലുള്ള മാനദണ്ഡം. ആ മനോഭാവം നൂറ്റാണ്ടുകളോളം പിന്തുടര്‍ന്നതുകൊണ്ടു മാത്രമാണു കേരളം ഇന്ത്യയിലെ ഏറ്റവും പ്രബുദ്ധമായ സമൂഹമായിത്തീര്‍ന്നത്. ഒരു പോറല്‍പോലുമേല്‍ക്കാതെ ആ പ്രബുദ്ധത നിലനില്‍ക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."