സുരക്ഷാ പാളിച്ചകള്‍ക്കിടയില്‍ സേനാ തലപ്പത്ത് അധാര്‍മിക മാറ്റം
ഉറി ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്ക് പാകിസ്താന് ഒരു പാഠം നല്‍കിയിട്ടില്ലെന്ന് തെളിയിക്കുന്നതായിരുന്നു തുടര്‍ന്ന് അവര്‍ ഇന്ത്യയില്‍ നിരന്തരമായി നടത്തിക്കൊണ്ടിരിക്കുന്ന ഭീകരാക്രമണങ്ങളില്‍ നിന്നും മനസ്സിലാകുന്നത്. ശ്രീനഗര്‍-ജമ്മു ദേശീയപാതയിലെ പാംപോറില്‍ ആള്‍ക്കൂട്ടത്തിലൂടെ കഴിഞ്ഞ ദിവസം സൈനിക വാഹനവ്യൂഹം കടന്നുപോകുമ്പോഴായിരുന്നു ബൈക്കിലെത്തിയ ഭീകരര്‍ വാഹനവ്യൂഹത്തിനു നേരെ വെടിവച്ചത്. ഭീകരര്‍ ആള്‍ക്കൂട്ടത്തിനിടയിലായിരുന്നതിനാല്‍ സൈന്യത്തിന് തിരികെ വെടിവയ്ക്കാനുമായില്ല. പതിവുപോലെ ഭീകരര്‍ക്കു വേണ്ടി സൈന്യം തിരച്ചില്‍ നടത്തിക്കൊണ്ടിരിക്കുകയാണിപ്പോള്‍. കഴിഞ്ഞ ജൂണില്‍ പാംപോറില്‍ സൈനികതാവളത്തിനു നേരെയുണ്ടായ ആക്രമണത്തിന് ശേഷം ഇത് രണ്ടാം തവണയാണ് ഭീകരര്‍ പാംപോറിനു നേരെ തന്നെ ലക്ഷ്യം വയ്ക്കുന്നത്.
കഴിഞ്ഞ പ്രാവശ്യം പാംപോറില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ 8 ധീരജവാന്മാരെയാണ് നമുക്ക് നഷ്ടപ്പെട്ടത്. കഴിഞ്ഞ ദിവസം മൂന്ന് ജവാന്മാരെയും നമുക്ക് നഷ്ടമായി. കഴിഞ്ഞ ജൂണിലുണ്ടായ ഭീകരാക്രമണം സുരക്ഷാ വീഴ്ച മൂലമായിരുന്നുവെന്ന പരാതിയെതുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. അന്വേഷണ റിപ്പോര്‍ട്ടുകളോ നടപടികളോ ഒന്നും പുറത്തുവന്നതായി കണ്ടില്ല. നടപടിയുണ്ടായാല്‍ സൈന്യത്തിന്റെ ആത്മവീര്യം ചോരുമെന്ന പതിവു പല്ലവി ഇവിടെയും ആവര്‍ത്തിക്കപ്പെട്ടു. ഇപ്പോഴിതാ വീണ്ടും പാംപോറില്‍ ഭീകരാക്രമണം ഉണ്ടായിരിക്കുന്നു.
കഴിഞ്ഞ മൂന്നു വര്‍ഷമായി പാകിസ്താനില്‍നിന്നു ഭീകരരുടെ നുഴഞ്ഞുകയറ്റവും ഭീകരാക്രമണവും നിരന്തരമായി നടന്നുകൊണ്ടിരിക്കുകയാണ്. പാംപോറില്‍ രണ്ടാം പ്രാവശ്യവും ഭീകരാക്രമണം ഉണ്ടായിട്ടും നുഴഞ്ഞുകയറ്റക്കാരായ ഭീകരരെ തുരത്താനുതകുന്ന കര്‍മപദ്ധതികള്‍ തയ്യാറാക്കുവാന്‍ ഇതുവരെയും നമുക്ക് കഴിഞ്ഞിട്ടില്ല. രാജ്യസ്‌നേഹവും രാജ്യസുരക്ഷയും രാജ്യത്തെ കാത്തുസൂക്ഷിക്കുന്നതിലാണ് ഉണ്ടാകേണ്ടത്. കഴിഞ്ഞ ദിവസമുണ്ടായ ഭീകരാക്രമണത്തില്‍ കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശി സി. രതീഷ് അടക്കം 3 പേരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. അവധിക്ക് നാട്ടില്‍ വന്ന് ഒരാഴ്ച മുമ്പാണ് രതീഷ് തിരികെ പോയത്. ഭീകരര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും ഇതുവരെ അവരിലാരെയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
ഇന്ത്യന്‍ സേന പാകിസ്താനില്‍ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ തുടര്‍ന്ന് 250 ലധികം ഭീകരര്‍ കശ്മീരിലേക്ക് നുഴഞ്ഞുകയറിയിട്ടുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയതായിരുന്നു. ഇതേകുറിച്ച് എന്തെങ്കിലും അന്വേഷണം നടന്നതായി അറിവില്ല. അവരെ കണ്ടെത്താന്‍ കഴിഞ്ഞില്ല എന്നത് അക്ഷന്തവ്യമായ അപരാധം തന്നെയാണ്. ലഷ്‌കറെ ത്വയ്ബ, ജയ്‌ഷെ മുഹമ്മദ്, ഹിസ്ബുല്‍ മുജാഹിദീന്‍ എന്നീ ഭീകര സംഘടനകളില്‍ പെട്ട ഭീകരരാണ് ഇന്ത്യയില്‍ നുഴഞ്ഞുകയറിയിട്ടുള്ളതെന്നായിരുന്നു റിപ്പോര്‍ട്ട്. ആക്രമണം ഉണ്ടായതിന് ശേഷം ഭീകരരെ തിരയുന്നതിന് പകരം ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനടിസ്ഥാനത്തില്‍ അവരെകുറിച്ച് ഊര്‍ജിതമായ അന്വേഷണം ഉണ്ടാകണമായിരുന്നു. കശ്മീരില്‍ നടക്കുന്നത് ഭീകരാന്വേഷണത്തിന്റെ പേരില്‍ തദ്ദേശവാസികളെ പീഡിപ്പിക്കലാണ്.
അതിര്‍ത്തിയില്‍ സംഘര്‍ഷഭരിതമായ അന്തരീക്ഷം നിലനില്‍ക്കുമ്പോള്‍ വിവാദത്തിനിടയാക്കും വിധം പുതിയ കരസേനാ മേധാവിയുടെ നിയമനം നടത്തിയത് കേന്ദ്ര സര്‍ക്കാരിന്റെ പിടിപ്പുകേടാണ്. മുതിര്‍ന്ന രണ്ട് ഓഫിസര്‍മാരുടെ സീനിയോറിറ്റി മറികടന്ന് ലഫ്റ്റ്‌നന്റ് ജനറല്‍ വിപിന്‍ റാവത്തിനെ കരസേനാ മേധാവിയാക്കിയതിനെതിരേ പ്രതിപക്ഷം ഇതിനകം വിമര്‍ശനം ഉന്നയിച്ചുകഴിഞ്ഞു. സൈന്യത്തില്‍ സീനിയോറിറ്റി ലംഘിക്കപ്പെടാത്തതാണെന്നിരിക്കെ ഇത്തരമൊരു നിയമനം സൈന്യത്തില്‍ അസംതൃപ്തി പടര്‍ത്തുകയേയുള്ളു. സൈന്യത്തിന്റെ വിശ്വാസ്യതയെ ബാധിക്കുന്ന പ്രശ്‌നമായി ഇത് മാറും.
കിഴക്കന്‍ കമാന്‍ഡന്റ് മേധാവി ലഫ്റ്റ്‌നന്റ് ജനറല്‍ പ്രവീണ്‍ ബക്ഷി, തെക്കന്‍ കമാന്‍ഡന്റ് മേധാവിയും ലഫ്റ്റ്‌നന്റ് ജനറലും മലയാളിയുമായ പി.എം ഹാരിസ് എന്നിവരെ മറികടന്നാണ് വിപിന്‍ റാവത്തിനെ കരസേനാ മേധാവിയായി നിയമിച്ചത്. സീനിയോറിറ്റി പരിഗണിക്കുകയാണെങ്കില്‍ ബക് ഷിക്ക് ശേഷം ഹാരിസ് കരസേനാ മേധാവിയാകുമെന്നും ഒരു മുസ്‌ലിം കരസേനാ മേധാവിയാകുന്നത് തടയുവാനാണ് ഇത്തരമൊരു അട്ടിമറി നടന്നതെന്നുമുള്ള കോണ്‍ഗ്രസ് നേതാവ് ഷെഹ്‌സാ പുനാവാലാ പറഞ്ഞത് തള്ളിക്കളയാമെങ്കിലും സീനിയോറിറ്റി അട്ടിമറിച്ചതിന്റെ കാരണം സര്‍ക്കാര്‍ വ്യക്തമാക്കേണ്ടതുണ്ട്. അതിര്‍ത്തിയില്‍ സംഘര്‍ഷം പുകഞ്ഞുകൊണ്ടിരിക്കുമ്പോള്‍ സൈന്യത്തില്‍ അതൃപ്തി പടരാതെ നോക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."