എം.എഡ് ബിരുദമുള്ളവര്‍ക്ക് കെ-ടെറ്റില്‍ ഇളവ്
ചെറുവത്തൂര്‍: കെ -ടെറ്റ് യോഗ്യതയുമായി ബന്ധപ്പെട്ട് എം.എഡ് ബിരുദധാരികള്‍ക്കിടയില്‍ നിലനിന്നിരുന്ന ആശങ്കകള്‍ നീങ്ങി. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ അധ്യാപക നിയമനത്തിന് എം.എഡ് ബിരുദമുള്ളവര്‍ക്ക് കെ-ടെറ്റ് വേണ്ടെന്നു സര്‍ക്കാര്‍ ഉത്തരവായി.
അധ്യാപക നിയമനത്തിന് ടെറ്റ് യോഗ്യത നിര്‍ബന്ധമാക്കികൊണ്ട് സെപ്റ്റംബറില്‍ പുറത്തിറങ്ങിയ ഉത്തരവില്‍ സിടെറ്റ്, നെറ്റ്, സെറ്റ്, എം.ഫില്‍, പി.എച്ച്.ഡി എന്നീ യോഗ്യതകള്‍ നേടിയവരെ ടെറ്റില്‍ നിന്നും ഒഴിവാക്കിയിരുന്നു. എന്നാല്‍ എം.എഡ് യോഗ്യത നേടിയവരെ ടെറ്റില്‍ നിന്നും ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് ഉത്തരവില്‍ പരാമര്‍ശമില്ലാത്തത് നിരവധി അധ്യാപകരില്‍ ആശങ്കപ്പെടുത്തുന്നതായി സുപ്രഭാതം റിപ്പോര്‍ട്ട് ചെയ്തിരുന്നു. തങ്ങള്‍ക്ക് ടെറ്റില്‍ ഇളവു നല്‍കണമെന്ന് ആവശ്യപ്പെട്ട് എം.എഡ് യോഗ്യതയുള്ളവര്‍ ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു. എയ്ഡഡ് വിദ്യാലയങ്ങളില്‍ ജോലി ചെയ്യുന്ന നിരവധി അധ്യാപകര്‍ക്ക് പുതിയ ഉത്തരവ് ആശ്വാസം പകരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."