എല്‍.ഡി.എഫ് മന്ത്രിസഭയില്‍ കൂടുതല്‍ പ്രാതിനിധ്യം കണ്ണൂരിന്
എം.പി മുജീബ് റഹ്മാന്‍
കണ്ണൂര്‍: സി.പി.എം മന്ത്രിമാരെ തീരുമാനിച്ചതോടെ എല്‍.ഡി.എഫ് മന്ത്രിസഭയില്‍ ഏറ്റവും കൂടുതല്‍ പ്രാതിനിധ്യം കണ്ണൂര്‍ ജില്ലയ്ക്ക്. മുഖ്യമന്ത്രിയടക്കം കണ്ണൂരിനു നാലു മന്ത്രിമാരാണുണ്ടാവുക. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരില്‍ നാലു മന്ത്രിമാരുണ്ടായിരുന്ന മലപ്പുറത്തിനായിരുന്നു മികച്ച പ്രാതിനിധ്യം ലഭിച്ചത്. ധര്‍മടത്ത് നിന്നു തെരഞ്ഞെടുക്കപ്പെട്ട് മുഖ്യമന്ത്രിയാവുന്ന പിണറായി വിജയന്‍ മന്ത്രിസഭയില്‍ സി.പി.എം കേന്ദ്രകമ്മിറ്റി അംഗങ്ങളായ മട്ടന്നൂരില്‍ നിന്നുള്ള ഇ.പി ജയരാജന്‍, കൂത്തുപറമ്പില്‍ നിന്നുള്ള കെ.കെ ശൈലജ, കണ്ണൂരില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് (എസ്) സംസ്ഥാന പ്രസിഡന്റ് കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവരാണു ജില്ലയില്‍ നിന്നുണ്ടാവുക. മുഖ്യമന്ത്രിയടക്കം നാലു മന്ത്രിമാരെ ലഭിക്കുന്നതോടെ ജില്ലയ്ക്കു മികച്ച പ്രാതിനിധ്യമാണുണ്ടാവുക. വികസനകാര്യത്തില്‍ അവഗണിക്കപ്പെട്ടിരുന്ന ഉത്തരമലബാര്‍ വികസനത്തിനും മന്ത്രിമാരുടെ സാന്നിധ്യം ഗുണകരമാകും.
ഘടകകക്ഷി എന്ന നിലയില്‍ ഒരുസീറ്റ് ലഭിച്ച കോണ്‍ഗ്രസി (എസ്) നും മന്ത്രിസ്ഥാനം നല്‍കാന്‍ സി.പി.എം തീരുമാനിച്ചതോടെയാണു കടന്നപ്പള്ളിക്കും നറുക്കുവീണത്. കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ഒന്നരവര്‍ഷക്കാലം കടന്നപ്പള്ളി ദേവസ്വം മന്ത്രിയായിരുന്നു. മുഖ്യമന്ത്രിക്കൊപ്പം ആഭ്യന്തരവകുപ്പും പിണറായി കൈകാര്യം ചെയ്യുമ്പോള്‍ ഇ.പി ജയരാജനു വ്യവസായവും ശൈലജയ്ക്കു ആരോഗ്യമന്ത്രി സ്ഥാനവും ലഭിക്കുമെന്നാണു സൂചന. കഴിഞ്ഞതവണ വനിതാ പ്രതിനിധിയായി ജില്ലയില്‍ നിന്നു മന്ത്രിസഭയിലെത്തിയ പി.കെ ശ്രീമതിക്കും ആരോഗ്യവകുപ്പാണു ലഭിച്ചിരുന്നത്.
കാഞ്ഞങ്ങാട് നിന്നു തെരഞ്ഞെടുക്കപ്പെട്ട ഇ ചന്ദ്രശേഖരനെ മന്ത്രിസ്ഥാനത്തേക്കു സി.പി.ഐ നിയോഗിച്ചാല്‍ പത്തുവര്‍ഷത്തിനുശേഷം കാസര്‍കോട് ജില്ലയ്ക്കു മന്ത്രിസ്ഥാനം ലഭിക്കും. 2001ലെ യു.ഡി.എഫ് മന്ത്രിസഭയിലാണു ചെര്‍ക്കളം അബ്ദുല്ലയിലൂടെ കാസര്‍കോടിന് ഒടുവില്‍ മന്ത്രിസ്ഥാനം ലഭിച്ചത്. എ.കെ ശശീന്ദ്രനെ എന്‍.സി.പി മന്ത്രിയാക്കാന്‍ തീരുമാനിച്ചാല്‍ കോഴിക്കോടിനു രണ്ടു മന്ത്രിസ്ഥാനം ലഭിക്കും. പേരാമ്പ്രയില്‍ നിന്നുള്ള ടി.പി രാമകൃഷ്ണനെയാണു അവിടെ നിന്നു മന്ത്രിയാക്കാന്‍ സി.പി.എം തീരുമാനിച്ചത്. കെ.ടി ജലീല്‍ മന്ത്രിയാവുന്നതിനു പുറമെ പി ശ്രീരാമകൃഷ്ണനിലൂടെ മലപ്പുറത്തിനു സ്പീക്കര്‍ സ്ഥാനവും ലഭിക്കും. തോമസ് ഐസക്ക്, ജി സുധാകരന്‍ എന്നിവരിലൂടെ നിലവില്‍ രണ്ടു മന്ത്രിസ്ഥാനങ്ങള്‍ ഉറപ്പായത് ആലപ്പുഴയ്ക്കാണ്. കുട്ടനാട് നിന്നുള്ള തോമസ് ചാണ്ടിയെ മന്ത്രിയാക്കാന്‍ എന്‍.സി.പി തീരുമാനിച്ചാല്‍ കണ്ണൂര്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ മന്ത്രിമാരെന്ന ഖ്യാതി ആലപ്പുഴയ്ക്കായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."