മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കെതിരായ പൊലിസ് നടപടി പ്രതിഷേധത്തിനിടയാക്കുന്നു
കോഴിക്കോട്: മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കെതിരേയുള്ള പൊലിസ് നടപടി വ്യാപക പ്രതിഷേധത്തിനിടയാക്കുന്നു. ആര്‍.എസ്.എസും യുവമോര്‍ച്ചയും നല്‍കുന്ന പരാതികള്‍ പ്രകാരമാണ് പൊലിസ് ദേശദ്രോഹവകുപ്പ് ചേര്‍ത്ത് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുക്കുന്നത്.
പൊലിസ് നടപടിയെ വിമര്‍ശിച്ച് സി.പി.ഐക്കു പിന്നാലെ വി.എസ് അച്യുതാനന്ദന്‍കൂടി രംഗത്തെത്തിയതോടെ എല്‍.ഡി.എഫിലും പൊലിസ് നടപടി വിവാദങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. മാവോയിസ്റ്റ് വേട്ടയുടെയും ദേശീയഗാന വിവാദത്തിന്റെയും പശ്ചാത്തലത്തില്‍ പ്രതികരിച്ച മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കെതിരേ പഴയ കേസുകള്‍ ചൂണ്ടിക്കാട്ടിയാണ് പൊലിസ് ശക്തമായ നടപടികള്‍ സ്വീകരിക്കുന്നത്.
നിലമ്പൂരില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം വിട്ടുകിട്ടുന്നതിനായി പ്രവര്‍ത്തിച്ച മനുഷ്യാവകാശ പ്രവര്‍ത്തകന്‍ രജീഷിനെ പൊലിസ് നിര്‍ബന്ധത്തെ തുടര്‍ന്ന് സര്‍ക്കാര്‍ സര്‍വിസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതിനു പിന്നാലെ കഴിഞ്ഞ ദിവസം ദേശീയഗാനത്തെ അവഹേളിച്ചുവെന്ന പരാതിയില്‍ നാടക പ്രവര്‍ത്തകന്‍ കമല്‍ സി. ചവറയെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. ഇതുകൂടാതെയാണ് യു.എ.പി.എ ചുമത്തിയ കേസില്‍ ഇന്നലെ സാമൂഹ്യപ്രവര്‍ത്തകനായ നാദിറിനെ അറസ്റ്റു ചെയ്തത്. അന്താരാഷ്ട്ര ചലച്ചിത്രോത്സവമേളയില്‍ ദേശീയഗാനം കേള്‍പ്പിക്കുന്നതിനിടെ എഴുന്നേറ്റു നില്‍ക്കാത്ത അഞ്ചു പേരെയും പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ കമലിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയ യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ ദേശീയഗാനത്തെ സമരത്തിനായി ആലപിച്ചതിനെതിരേ കേസെടുക്കാത്തതും പൊലിസ് നടപടിയിലെ വൈരുധ്യം വെളിപ്പെടുത്തുന്നതാണെന്ന ആരോപണം ശക്തമാണ്.
മാവോയിസ്റ്റുകളുടെ മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യണമെന്നാവശ്യപ്പെട്ട് കോഴിക്കോട്ട് പ്രതിഷേധിച്ച മനുഷ്യാവകാശ പ്രവര്‍ത്തകരെ പൊലിസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചെങ്കിലും പോരാട്ടം നേതാവ് മുണ്ടൂര്‍ രാമുണ്ണിയെ മറ്റൊരു കേസില്‍ പ്രതിയെന്ന് ചൂണ്ടിക്കാട്ടി പൊലിസ് കോടതിയില്‍ ഹാജരാക്കുകയാണ് ചെയ്തത്.
അദ്ദേഹം ഇപ്പോഴും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണുള്ളത്. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് മാവോയിസ്റ്റ് ആരോപണത്തിന്റെയും ചുംബന സമരത്തിന്റെയും പേരില്‍ എടുത്തിരിക്കുന്ന പഴയ കേസുകളില്‍ പ്രതികളായവരെ പിടികൂടാനുള്ള തയാറെടുപ്പിലാണ് പൊലിസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."