വിദ്യാര്‍ഥികൂട്ടായ്മയില്‍ ഒരു ടണ്‍ ഇ-മാലിന്യങ്ങള്‍ ശേഖരിച്ചു
വടകര: സമൂഹത്തിനു ഭീഷണിയായി മാറുന്ന ഇലക്ട്രോണിക് മാലിന്യത്തിന്റെ സംസ്‌കരണത്തിനു വിദ്യാര്‍ഥികള്‍ രംഗത്തെത്തി. ഇതിന്റെ ഭാഗമായി വടകര ഗവ: മോഡല്‍ പോളിടെക്‌നിക് കോളജ് നാഷണല്‍ സര്‍വിസ് സ്‌കീം യൂനിറ്റിന്റെ നേതൃത്വത്തില്‍ ഇ-മാലിന്യങ്ങള്‍ ശേഖരിച്ചു. ഈ വര്‍ഷം ഇതുവരെ ശേഖരിച്ച ഇ-മാലിന്യങ്ങള്‍ ഒരു ടണ്ണിലധികം വരും. മൊബൈല്‍ ഫോണ്‍ ചാര്‍ജര്‍ മുതല്‍ ടി.വി, കംപ്യൂട്ടര്‍, വാഷിംഗ് മെഷീന്‍ തുടങ്ങി പ്രവര്‍ത്തനക്ഷമമല്ലാത്ത നിരവധി ഇലക്‌ടോണിക്‌സ് ഉപകരണങ്ങള്‍ വളണ്ടിയര്‍മാര്‍ ശേഖരിച്ചുകഴിഞ്ഞു.
ഇ-മാലിന്യങ്ങള്‍ ഉയര്‍ത്തുന്ന ഭീഷണികളെപ്പറ്റി വടകര നഗരസഭയില്‍ 2016 ജനുവരി മുതല്‍ ബോധവത്കരണം തുടങ്ങിയിരുന്നു. മോഡല്‍ പോളിടെക്‌നിക്കിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ അവധി ദിവസങ്ങളില്‍ നഗരസഭയിലെ വിവിധ വാര്‍ഡുകളില്‍ ഇറങ്ങി ഇവ ഉയര്‍ത്തുന്ന ഭീഷണികളെപ്പറ്റിയും അത് ഉണ്ടാക്കുന്ന രോഗങ്ങളെപ്പറ്റിയും പരിഹാരമാര്‍ഗങ്ങളെപറ്റിയും ലഘുലേഖകള്‍ വിതരണം ചെയ്യുകയുണ്ടായി. ഇതിന്റെ തുടര്‍ച്ചയായാണ് മാലിന്യ ശേഖരണം.
പോളിടെക്‌നിക് ക്യാംപസില്‍ ഇവ താല്‍ക്കാലികമായി സൂക്ഷിച്ചിരിക്കുകയാണ്. ഇ-മാലിന്യങ്ങളുടെ റീസൈക്ലിംഗിനും അവ പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത തരത്തില്‍ നിര്‍മാര്‍ജനം ചെയ്യുന്നതിനും സര്‍ക്കാര്‍ രൂപീകരിച്ച ഗ്രീന്‍ കേരള കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ഡിസംബര്‍ 25 മുതല്‍ 31 വരെ നടക്കുന്ന നാഷണല്‍ സര്‍വിസ് സ്‌കീമിന്റെ സപ്തദിന സ്‌പെഷ്യല്‍ ക്യാംപിന്റെ ഭാഗമായി തണ്ണീര്‍പന്തല്‍ പ്രദേശത്തു നിന്നും ഇ-മാലിന്യങ്ങള്‍ ശേഖരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതുവരെ ശേഖരിച്ചവ 2017 ജനുവരി നാലിന് ഗ്രീന്‍ കേരളയുടെ നേതൃത്വത്തില്‍ ലോറിയില്‍ കയറ്റി റീസൈക്ലിംഗ് കേന്ദ്രത്തിലേക്ക് കൊണ്ടുപോകും. എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ എം.രാജീവന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."