ജില്ലയിലെ റിസോര്‍ട്ട് നിര്‍മാണം നിയന്ത്രിക്കണമെന്ന ആവശ്യം ശക്തം
മാനന്തവാടി: ജില്ലയില്‍ വര്‍ധിക്കുന്ന പ്രകൃതിയും ജലവിഭവങ്ങളും ചൂഷണം ചെയ്തുള്ള റിസോര്‍ട്ട് നിര്‍മാണങ്ങള്‍ക്കു നിയന്ത്രണമേര്‍പ്പെടുത്തണമെന്ന് ആവശ്യം ശക്തമാകുന്നു. വിനോദ സഞ്ചാരകേന്ദ്രങ്ങളിലും വന്‍കിട തോട്ടങ്ങളിലും നിയന്ത്രണങ്ങളില്ലാതെ നിര്‍മിക്കുന്ന റിസോര്‍ട്ടുകളും മറ്റും ജില്ലയുടെ കാലാവസ്ഥാ വ്യതിയാനത്തിനു കാരണമാകുന്നതായി വിദഗ്ധ നിരീക്ഷണമുണ്ടായിരുന്നു.
ജില്ലയില്‍ വിസ്തീര്‍ണത്തില്‍ ഏറ്റവും ചെറിയ പഞ്ചായത്തായ തരിയോട്ട് നിലവില്‍ നാല് റിസോര്‍ട്ടുകളാണു പ്രവര്‍ത്തിക്കുന്നതെന്നു വിവരാവകാശ രേഖകള്‍ പറയുന്നു. ഇതില്‍ ഒരാളുടേതൊഴികെ മൂന്നെണ്ണവും ഇതര ജില്ലകളില്‍നിന്നുള്ളവരുടെ ഉടമസ്ഥതയിലാണ്. നിര്‍മാണാനുമതി നല്‍കിയ ഒരു റിസോര്‍ട്ടിന്റെ അനുമതിക്കായി അപേക്ഷനല്‍കി കാത്തിരിക്കുന്നതും ഇതര ജില്ലക്കാര്‍ തന്നെ.
പടിഞ്ഞാറത്തറ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന മൂന്നെണ്ണത്തിന്റെയും പുതുതായി നിര്‍മാണം നടക്കുന്ന അഞ്ചില്‍ നാല് റിസോര്‍ട്ടിന്റെയും ഉടമസ്ഥര്‍ ഇതര ജില്ലക്കാരാണ്. ഇത്തരത്തില്‍ ജില്ലയിലെ ഭൂരിഭാഗം ഹോംസ്റ്റേകളും റിസോര്‍ട്ടുകളും ഇതരജില്ലക്കാരായ വന്‍കിടക്കാരുടെ കൈവശമാണുള്ളത്.
അതിനു പുറമെ, ഇവിടങ്ങളില്‍ ജോലിചെയ്യുന്ന ഭൂരിഭാഗം തൊഴിലാളികളും ഇതരസംസ്ഥാനത്തു നിന്നുള്ളവരാണ്. വിദേശികളുള്‍പ്പെടെ ജില്ലയില്‍ നിത്യവുമെത്തുന്ന ആയിരക്കണക്കിനു വിനോദസഞ്ചാരികള്‍ക്കായി ജില്ലയുടെ മണ്ണും പ്രകൃതി വിഭവങ്ങളും ചൂഷണം ചെയ്യപ്പെടുകയാണ്. എന്നാല്‍ പല റിസോര്‍ട്ടുകളും തൊഴിലാളികളുടെ തൊഴില്‍നികുതിയും കെട്ടിടനികുതിയും അടക്കുന്നതില്‍ വന്‍വീഴ്ച വരുത്തുന്നതായി കണ്ടെത്തിയിരുന്നു. അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തോടു ചേര്‍ന്നു കൂടുതല്‍ മുറികള്‍ നിര്‍മിച്ചു വാടകക്കു നല്‍കിയതു സംബന്ധിച്ച് തരിയോട് ഗ്രാമപഞ്ചായത്ത് മാസങ്ങള്‍ക്കു മുന്‍പ് വന്‍കിട റിസോര്‍ട്ടിന് നോട്ടിസ് നല്‍കിയിരുന്നു. എന്നാല്‍, ഇതിനു തുടര്‍നടപടികളൊന്നുമുണ്ടായിട്ടില്ല.
വയനാടിന് യാതൊരു നേട്ടവുമില്ലാത്ത രീതീയില്‍ തഴച്ചുവളരുന്ന റിസോര്‍ട്ട് മാഫിയകളെ ജില്ല കടുത്ത വരള്‍ച്ച നേരിടുന്ന സാഹചര്യത്തില്‍ നിയന്ത്രിക്കണമെന്നാണ് ആവശ്യം ഉയരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."