കോതമംഗലത്ത്പള്ളിയുടെ കപ്പേള തകര്‍ത്ത നിലയില്‍
കോതമംഗലം: പള്ളിയുടെ കപ്പേള സാമുഹ്യ വിരുദ്ധര്‍ തകര്‍ത്തു. നെല്ലികുഴി സെന്റ് ജോസഫ് കത്തോലിക്ക പള്ളിയുടെ കീഴിലുള്ള സെന്റ് സെബാസ്റ്റ്യന്‍സ് കപ്പേളയാണ് ഇന്നലെ പുലര്‍ച്ചേ തകര്‍ക്കപ്പെട്ടത്. ഗ്ലാസുകളും വാതിലുകളും തകര്‍ത്തിട്ടുണ്ട്. ആലുവ മൂന്നാര്‍ റോഡ് സൈഡില്‍ നങ്ങേലി പടിക്ക് സമീപം റാഡോ ടയേര്‍സിന് എതിര്‍വശത്തായാണ് കപ്പേള സ്ഥിതി ചെയ്യുന്നത് ആറ് വര്‍ഷം മുന്‍പാണ് കപ്പേള നിര്‍മിച്ചത്.
കോതമംഗലം പൊലിസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. പ്രാഥമിക അന്വേഷണത്തില്‍ പുലര്‍ച്ചേ ബൈക്കിലെത്തിയ യുവാക്കളാണ് കപ്പേള തകര്‍ത്തതെന്ന്‌സൂചനകള്‍ ലഭിച്ചു. സംഭവം നേരില്‍ കണ്ടിട്ടുള്ള സമീപത്തെ റാഡോ ടയേഴ്‌സ് കമ്പനി കാവല്‍ക്കാരനും ഇവിടെ പുലര്‍ച്ചേ ലോഡുമായി വന്ന നാഷണല്‍ പെര്‍മിറ്റ് ലോറിയുടെ ഡ്രൈവര്‍ മഹാരാഷ്ട സ്വദേശി റെമീസും സംഭവത്തെ കുറിച്ച് പൊലിസിന് മൊഴി നല്‍കിയിട്ടുണ്ട്. മോഷണമല്ല സംഭവത്തിനു പിന്നിലെന്നും പൊലിസിന്റെപ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. ഇതിന്റെ ചുവടുപിടിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ബൈക്കിലെത്തിയ മൂവര്‍ സംഘത്തില്‍ നിന്നും ഒരാള്‍ കപ്പേളയിലേക്ക് കയറി ചെന്ന് കമ്പിവടിക്ക് കനം കൂടിയ ചില്ലുകള്‍ അടിച്ച് തകര്‍ക്കുകയായിരുന്നു.
സമീപത്ത് പാതയോരത്ത് ടോറസ് ലോറി പാര്‍ക്ക് ചെയ്ത് ഉറങ്ങുകയായിരുന്ന ഡ്രെവര്‍ ചില്ലുകള്‍ തകരുന്ന ശബ്ദം കേട്ടാണ് ഉണര്‍ന്നത്. അക്രമികളെ ഭയന്ന് വാഹനത്തില്‍ തന്നെ കഴിച്ച് കൂട്ടുകയായിരുന്നുവെന്ന് ടോറസ് ഡ്രൈവര്‍ പറഞ്ഞു. തുടര്‍ന്ന് തങ്കളത്തേക്ക് പോയ സംഘം റിലയന്‍സ് പമ്പില്‍ കുറച്ച് സമയം ചിലവഴിച്ചതായും കര്‍ണ്ണാടക രജിസ്‌ട്രേഷനിലുള്ള ഒരു ഇന്നോവ കാറുകാരനുമായി ഇവര്‍ സംസാരിച്ചതായും വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. സമീപത്തെ കടകളിലേയും തങ്കളത്തെ റിലയന്‍സ് പമ്പിലേയും സി.സി ക്യാമറകള്‍ കേന്ദ്രീകരിച്ചാണ് അന്യേഷണം പുരോഗമിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."