ഇക്കുറി എറണാകുളം ജില്ലയില്‍നിന്ന് മന്ത്രിസഭയിലേക്ക് ആരുമില്ല
കിരണ്‍ പുരുഷോത്തമന്‍
കൊച്ചി: എറണാകുളം ജില്ലയില്‍നിന്ന് മന്ത്രിസഭയിലേക്ക് ഇക്കുറി ആരുമില്ല. ഭരണകക്ഷിയായ എല്‍.ഡി.എഫിന് ജില്ലയില്‍ അഞ്ച് എം.എല്‍.എമാര്‍ ഉണ്ടെങ്കിലും ഇവരെയാരെയും ഇത്തവണ മന്ത്രിസഭയിലേക്ക് പരിഗണിച്ചില്ല.
കഴിഞ്ഞ യു.ഡി.എഫ് മന്ത്രിസഭയില്‍ മൂന്ന് പേരായിരുന്നു എറണാകുളത്തുനിന്ന് മന്ത്രിമാരായത്. എക്‌സൈസ് മന്ത്രി കെ ബാബു, പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ്, സിവില്‍ സപ്ലൈയ്‌സ് മന്ത്രി അനൂപ് ജേക്കബ് എന്നിവര്‍ ജില്ലയെ പ്രതിനിധീകരിച്ച മന്ത്രിമാരായിരുന്നു.
വികസനത്തിന്റെ കാര്യത്തില്‍ സംസ്ഥാനത്തിന് മൊത്തത്തില്‍ മാതൃകയായി കുതിക്കുന്ന കൊച്ചിക്ക് ഇത്തവണ മന്ത്രിമാരില്ലാത്തത് വികസന പ്രവര്‍ത്തനങ്ങളുടെ നടത്തിപ്പിനെ ബാധിച്ചേക്കും.
വാണിജ്യരംഗത്ത് മാത്രമല്ല ഐ.ടി വ്യവസായം തുടങ്ങി എല്ലാമേഖലകളിലും ഒന്നാമതായി കുതിക്കുന്ന എറണാകുളം ജില്ലക്ക് മന്ത്രിസഭയില്‍ പ്രാതിനിധ്യമില്ലാത്തത് പുതുതായി തുടങ്ങിവച്ച വികസന പ്രവര്‍ത്തനങ്ങളുടെ താളം തെറ്റിക്കും. പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് മന്ത്രിസഭയില്‍ നിന്ന് എറണാകുളം ജില്ലയുടെ പ്രാധിനിത്യം ഇല്ലാതാകുന്നത്. മുന്‍ മന്ത്രിയുള്‍പ്പെടെ പരിചയ സമ്പന്നരായ എം.എല്‍.എമാര്‍ എറണാകുളത്തുനിന്ന് ഉണ്ടായിട്ടും ആര്‍ക്കും മന്ത്രിസഭയില്‍ പ്രാതിനിധ്യം ലഭിക്കാത്തതില്‍ ജില്ലയിലെ പാര്‍ട്ടിക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അമര്‍ഷവും നിരാശയുമുണ്ട്.
മുന്‍പുണ്ടായിരുന്ന എല്‍.ഡി.എഫ് മന്ത്രിസഭയില്‍ എസ് ശര്‍മ്മ, ടി.കെ രാമകൃഷ്ണന്‍, ടി.യു കുരുവിള, ജോസ് തെറ്റയില്‍, വി വിശ്വനാഥമേനോന്‍ തുടങ്ങി നിരവധി പേരാണ് ജില്ലയില്‍ നിന്നുമുണ്ടായിരുന്നത്.
നിലവില്‍ വൈപ്പിന്‍ മണ്ഡലത്തില്‍ നിന്ന് വിജയിച്ച എസ് ശര്‍മ്മ രണ്ട് തവണ മന്ത്രിയായ ആളാണ്. എന്നാല്‍ കടുത്ത വി.എസ് പക്ഷക്കാരനായതാണ് ശര്‍മ്മയെ ഇത്തവണ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കാന്‍ കാരണമായത്.
തൃപ്പൂണിത്തുറയില്‍ മന്ത്രി കെ ബാബുവിനെ അട്ടിമറിച്ച് സഭയിലെത്തിയ എം സ്വരാജ്, കോതമംഗലത്ത് യു.ഡി.എഫ് സ്ഥാനാര്‍ഥി ടി.യു കുരുവിളയെ പരാജയപ്പെടുത്തിയ ആന്റണി ജോണ്‍, കൊച്ചിയില്‍ നിന്നും വിജയിച്ച കെ.ജെ മാക്‌സി എന്നിവര്‍ സി.പി.എം സ്ഥാനാര്‍ഥികളായാണ് മത്സരിച്ചത്. എന്നാല്‍ ഇവരെ ആരെയും മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചില്ല. എല്‍.ഡി.എഫിന് 25 വര്‍ഷം മുന്‍പ് കൈവിട്ടുപോയ തൃപ്പൂണിത്തുറ പിടിച്ചെടുത്ത എം സ്വരാജിന് മന്ത്രിസഭയില്‍ സ്ഥാനമുണ്ടാകുമെന്ന് മുന്‍പ് സൂചനയുണ്ടായിരുന്നെങ്കിലും അന്തിമലിസ്റ്റില്‍ അദ്ദേഹവും പുറത്തായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."