വിവാഹം ചെയ്ത് വഞ്ചിച്ച കേസില്‍ പിടിയിലായ പ്രതികളെ ഇന്ന് കൊച്ചിയിലെത്തിക്കും
കൊച്ചി: നിരവധി പേരെ വിവാഹം ചെയ്ത് വഞ്ചിച്ച കേസില്‍ ഡല്‍ഹിയില്‍ പിടിയിലായ പ്രതികളെ ഇന്ന് കൊച്ചിയിലെത്തിക്കും. വിവിധ സംസ്ഥാനങ്ങളില്‍ നിരവധി പേരെ വിവാഹം ചെയ്ത് വഞ്ചിച്ച കേസിലെ പ്രതികളായ ഇന്‍ഡോര്‍ സ്വദേശി മേഘ ഭാര്‍ഗവ്(28), സഹോദരി പ്രാചി ഭാര്‍ഗവ്, മേഘയുടെ കൂടെ താമസിച്ചിരുന്ന ദേവേന്ദ്ര ശര്‍മ എന്നിവരെയാണ് കൊച്ചിയിലെത്തിക്കുന്നത്. വിവാഹ തട്ടിപ്പിനിരയായ ഗുജറാത്ത് സ്വദേശിയും ഇപ്പോള്‍ കൊച്ചിയില്‍ സ്ഥിര താമസക്കാരനുമായ ലെനിന്‍ ജിതേന്ദറിന്റെ പരാതിയിലാണ് അറസ്റ്റ്. മേഘായാണ് കേസിലെ ഒന്നാം പ്രതി.
ലെനിന്‍ ജിതേന്ദര്‍ നല്‍കിയ പരാതിയെ തുടര്‍ന്നു കടവന്ത്ര എസ്.ഐ ടി ഷാജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ഒരാഴ്ചയായി ഡല്‍ഹിയിലും മറ്റ് പരിസരത്തുമായി നടത്തിയ തിരച്ചിലിനൊടുവില്‍ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണു നോയിഡയില്‍ നിന്നാണു മേഘയും കൂട്ടാളികളും പിടിയിലാകുന്നത്. കേരളത്തില്‍ ലെനിന്‍ ഉള്‍പ്പെടെ നാലുപേരെ വിവാഹം ചെയ്ത് തട്ടിപ്പ് നടത്തിയെന്നാണു സൂചന. വിവാഹ ശേഷം വരന്റെ പണവും സ്വര്‍ണാഭരണവുമായി കടന്നുകളയുകയാണു മേഘയുടെ രീതി. തട്ടിപ്പ് സംഘത്തിലെ പ്രധാന പ്രതിക്കായി നോയിഡ പൊലിസിന്റെ സഹായത്തോടെ അന്വേഷണം തുടരും. ഉത്തരേന്ത്യയിലും സമാന രീതിയില്‍ വിവാഹ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് പൊലിസ് പറഞ്ഞു. കഴിഞ്ഞ ജൂലൈയിലാണു പരാതി നല്‍കിയത്. തട്ടിപ്പിന്റെ വ്യാപ്തി തിരിച്ചറിഞ്ഞ പൊലിസ് അന്വേഷണം ഉത്തരേന്ത്യയിലേക്കു വ്യാപിപ്പിക്കുകയായിരുന്നു.
ലെനിനെ പരിചയപ്പെട്ട മേഘ ഇടനിലക്കാരന്‍ വഴിയാണ് വിവാഹാലോചന നടത്തിയത്. സംസാര വൈകല്യമുള്ള ലെനിനെ വിവാഹം ചെയ്യുന്നതിന് പകരമായി 15 ലക്ഷരൂപയും 25 പവനും വിവാഹ വസ്ത്രവും മേഘയ്ക്കു നല്‍കി. സ്വര്‍ണവും രൂപയും മറ്റും ഇന്‍ഡോറിലെ വീട്ടിലെത്തിച്ചാണ് വിവാഹം നടത്തിയത്. ഒരു മാസത്തോളം ലെനിനൊപ്പം കഴിഞ്ഞ മേഘയെ പ്രാചിയെത്തി നാട്ടിലേക്ക് കൊണ്ടുപോയി. എന്നാല്‍ തിരികെ എത്തിയില്ല. തിരികെ കൊണ്ടുവരാന്‍ ലെനിന്‍ ഇന്‍ഡോറിലെത്തിയെങ്കിലും കൂടെ വരാന്‍ മേഘ തയ്യാറായില്ല. ഇതേ തുടര്‍ന്നാണ് ലെനിന്‍ പൊലിസില്‍ പരാതി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."