കുട്ടിയെ രക്ഷിക്കാന്‍ അമ്മ നല്‍കിയത് സ്വന്തം പ്രാണന്‍
കാക്കനാട്: ആറ് മാസം മുന്‍പ് ഒന്നര വയസുകാരന്‍ ശിവദിനും ഭര്‍ത്താവിനുമൊപ്പം കാക്കനാട്ടെ ഫഌറ്റില്‍ താമസത്തിനെത്തിയതാണ് മേഘ. മാവേലിക്കരക്കടുത്ത് ഓല കെട്ടിയമ്പലത്തു നിന്നാണ് ഭര്‍ത്താവ് സുജിത് സുരേന്ദ്രനൊപ്പം മേഘയും കുഞ്ഞുമെത്തിയത്. ഫഌറ്റിലെ എല്ലാ കുടുംബങ്ങള്‍ക്കും പ്രിയങ്കരിയായിരുന്നു ഈ വീട്ടമ്മ.
മെഡിക്കല്‍ ഉപകരണങ്ങളുടെ വില്‍പന സ്ഥാപനം സ്വന്തമായി നടത്തുകയാണ് സുജിത്. വീട്ടിനുള്ളില്‍ കുഞ്ഞിനൊപ്പം സദാസമയവും ചെലവഴിച്ചിരുന്ന മേഘ വീട്ടിലെ ജോലിയും കുഞ്ഞിന്റെ സംരക്ഷണവും മുറതെറ്റാതെ നോക്കി. കണ്ണൊന്നു തെറ്റിയാല്‍ കുസൃതിക്കാരന്‍ വാതിലിനു പുറത്തു കടക്കും.
ഇന്നലെ പുറത്തെ വേസ്റ്റ് ബിന്നില്‍ മാലിന്യം നിക്ഷേപിക്കാനിറങ്ങുന്നതിനിടയില്‍ കാറ്റടിച്ച് വാതില്‍ അടഞ്ഞ് ലോക്കുവീണു. അമ്മയെ കാണാതായതോടെ മുറിക്കുള്ളിലകപ്പെട്ട ശിവദ് കരയാന്‍ തുടങ്ങി. കുട്ടിയുടെ കരച്ചില്‍ അസഹ്യമായതോടെ ബാല്‍ക്കണിയിലെ ഷെയ്ഡ് വഴി മുറിക്കകത്തെത്താന്‍ മേഘ നടത്തിയ ശ്രമമാണ് മരണത്തില്‍ കലാശിച്ചത്. കുഞ്ഞിന് എന്തെങ്കിലും പറ്റിയാലോ എന്ന ഭയവും മേഘക്ക് ഉണ്ടായിരുന്നു. ഇന്‍ഫോപാര്‍ക്ക് പൊലിസ് എത്തി യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. തൃക്കാക്കര ഫയര്‍സ്റ്റേഷനില്‍ നിന്നെത്തിയവര്‍ വാതില്‍ പൊളിച്ചാണ് കുട്ടിയെ രക്ഷിച്ചത്. കാര്‍ ഷെഡ്ഡിനു മുകളിലെ ഷീറ്റുകള്‍ തകര്‍ന്നാണ് മേഘ നിലത്തേക്ക് വീണതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. വിവരമറിഞ്ഞെത്തിയ സുജിതിന്റെ കയ്യിലിരിക്കുമ്പോഴും ശിവദ് അമ്മയെ കാണാത്തതിനാല്‍ കരയുന്നുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."