ഹരിതകേരളം പദ്ധതി: പഞ്ചായത്ത് ജീവനക്കാര്‍ മാതൃകയായി
ചേര്‍ത്തല: ഭൂമിയും വെള്ളവും പച്ചപ്പും സംരക്ഷിക്കുക ലക്ഷ്യമാക്കി സര്‍ക്കാര്‍ പൊതുജന പങ്കാളിത്തത്തോടെ നടപ്പാക്കുന്ന ഹരിതകേരളം പദ്ധതിയുടെ പ്രധാനഭാഗമായ സന്നദ്ധസേവനത്തില്‍ ചേര്‍ത്തല തെക്ക് പഞ്ചായത്ത് ജീവനക്കാര്‍ മാതൃകയായി.
പഞ്ചായത്ത് വളപ്പിലെ അരനൂറ്റാണ്ടിലേറെ പഴക്കമുള്ള കിണര്‍ വൃത്തിയാക്കി തെളിനീര് ലഭ്യമാക്കിയാണ് ഇവര്‍ മാതൃക സൃഷ്ടിച്ചത്. 1965 ഫെബ്രുവരി ഒന്നിന്് നിര്‍മിച്ച് ഉപയോഗം ആരംഭിച്ച കിണര്‍ കാലാന്തരത്തില്‍ നാശോന്മുഖമായ അവസ്ഥയിലായി. കാടുപിടിച്ച് അഴുക്കുകയറിയ നിലയിലാണ് വര്‍ഷങ്ങളായി നിലകൊണ്ടത്. കാലപ്പഴക്കത്താല്‍ കിണറിന് കേടുപാടും സംഭവിച്ചു. ഈ സാഹചര്യത്തിലാണ് പഞ്ചായത്ത് ജീവനക്കാര്‍ കിണര്‍ വൃത്തിയാക്കി ഉപയോഗപ്രദമാക്കിയത്.
ഹരിതകേരളം പദ്ധതിയുടെ ഉദ്ഘാടന നാളില്‍തന്നെ ജീവനക്കാര്‍ പഞ്ചായത്ത് സെക്രട്ടറി പി പി ഉദയസിംഹന്റെ നേതൃത്വത്തില്‍ സന്നദ്ധസേവനത്തിലൂടെ വൃത്തിയാക്കി. തുടര്‍ന്ന് പൊട്ടിപ്പൊളിഞ്ഞ ഭാഗങ്ങള്‍ അറ്റകുറ്റപ്പണിയിലൂടെ നന്നാക്കി. സുരക്ഷിതമാക്കാന്‍ ചുറ്റും തറകെട്ടുകയും ചെയ്തു. മേസ്തിരിയുടെ സൗജന്യസേവനം ഇതിനായി പ്രയോജനപ്പെടുത്തി. പെയിന്റിങ് തൊഴിലാളിയുടെ സന്നദ്ധസേവനം വിനിയോഗിച്ച് പച്ചനിറം പൂശിയതോടെ കിണര്‍ കമനീയമായി.
മഴവെള്ളം കിണറില്‍ ശേഖരിക്കുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. പഞ്ചായത്ത് ഓഫീസ് കെട്ടിടത്തില്‍ പതിക്കുന്ന മഴവെള്ളം കിണറിലെത്തുന്നതിനുള്ള സംവിധാനമാണ് സജ്ജമാക്കിയത്. വേനല്‍ക്കാലത്ത് ജലക്ഷാമം ഒഴിവാക്കുന്നതിനുള്ള കരുതലാണിത്. പൈപ്പ് വാങ്ങുന്നതിനും മറ്റുമുള്ള ചെറുതുക മാത്രമാണ് പഞ്ചായത്ത് ഫണ്ടില്‍നിന്ന് ചെലവായത്. ശുദ്ധമായ തെളിനീരാണ് ഇപ്പോള്‍ കിണറില്‍നിന്ന് ലഭിക്കുന്നത്. ഹരിതകേരളം പദ്ധതിയില്‍ മഹനീയ മാതൃകയാണ് ഇവിടെ പഞ്ചായത്ത് ജീവനക്കാര്‍ സൃഷ്ടിച്ചത്. ഉപയോഗശൂന്യമായ കിണറുകള്‍ വൃത്തിയാക്കി കുടിവെള്ളം ലഭ്യമാക്കുകയും അതുവഴി ജലസംരക്ഷണവും സര്‍ക്കാര്‍ പ്രഖ്യാപിച്ച ഹരിതകേരളം പദ്ധതിയുടെ ഭാഗമാണ്.
കിണറുകള്‍ വൃത്തിയാക്കി ശുദ്ധജലം ലഭ്യമാക്കലും മഴവെള്ളം സംഭരിക്കുന്ന സംവിധാനം ഒരുക്കലും തൊഴിലുറപ്പ് പദ്ധതിയില്‍ പഞ്ചായത്തിലാകെ നടപ്പാക്കാന്‍ തയ്യാറെടുപ്പുണ്ടെന്ന് സെക്രട്ടറി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."