ക്രിസ്മസ്, പുതുവല്‍സരം ലക്ഷമിട്ട് കര്‍ണാടക മദ്യം ഒഴുകുന്നു
കാസര്‍കോട്: ക്രിസ്മസ്, പുതുവത്സരാഘോഷത്തെ കൊഴുപ്പിക്കാന്‍ സംസ്ഥാനത്തേക്ക് കര്‍ണാടക മദ്യം ഒഴുകുന്നു. റെയില്‍ മാര്‍ഗവും റോഡ് മാര്‍ഗവുമാണ് ജില്ലയില്‍ മദ്യമെത്തിയിരിക്കുന്നത്. കൂടാതെ പുതുച്ചേരി, മാഹി കേന്ദ്രീകരിച്ച പ്രവര്‍ത്തിക്കുന്ന മദ്യമാഫിയയും ജില്ലയിലെത്തിയിട്ടുണ്ട്. ജില്ലയിലെ വിവിധ ഭാഗങ്ങളിലേക്ക് സുരക്ഷിതമായി മൊത്തക്കച്ചവടക്കാര്‍ക്ക് മദ്യം എത്തിച്ചു നല്‍കുന്ന മാഫിയയാണ് ഇപ്പോള്‍ സജീവമായിരിക്കുന്നത്. 180 മില്ലിയടങ്ങുന്ന ബോട്ടിലുകളും 500 മില്ലിയടങ്ങുന്ന ബോട്ടിലുകളും മദ്യകച്ചവടത്തില്‍ ലഭ്യമാണ്. ഒരുകോള്‍ മതി വീട്ടുപടിക്കല്‍ സാധനമെത്തിക്കുന്നവിധത്തിലാണ് മാഫിയയുടെ നീക്കം. ലഭ്യതക്കുറവ് പരമാവധി മുതലെടുത്ത് ഇരട്ടിയിലധികം വില ഈടാക്കിയാണ് ജില്ലയുടെ വടക്കന്‍ മേഖലകളില്‍ മാഫിയ പ്രവര്‍ത്തിക്കുന്നത്. രണ്ടാഴ്ച മുമ്പ് എക്‌സൈസ് റേയ്ഞ്ച് തലത്തില്‍ റെയ്ഡ് നടത്തിയിരുന്നുവെങ്കിലും ഇപ്പോള്‍ പ്രവര്‍ത്തനം നിര്‍ജീവമാണെന്നാണ് ജനങ്ങളുടെ പരാതി. എക്‌സൈസ് കമ്മിഷ്ണര്‍ മുന്‍കൈയെടുത്ത് നടപടി കാര്യക്ഷമമാക്കുന്നില്ലെന്നാണ് അധികൃതര്‍ തന്നെ വിശദമാക്കുന്നത്. കര്‍ണാടകയില്‍ നിന്നെത്തുന്ന മദ്യത്തില്‍ ഭൂരിഭാഗവും വ്യാജമദ്യമാണെന്നാണ് എക്‌സൈസ് അധികൃതര്‍ തന്നെ പറയുന്നത്. കുപ്പികള്‍ മാറ്റി വില്‍പന നടത്തുന്നതുമൂലം യഥാര്‍ഥ ഡിസ്റ്റലറികളില്‍ നിര്‍മിച്ചതാണോ ഈ മദ്യമെന്നത് കണ്ടെത്തുന്നതിനും പ്രയാസമാണ്. കുടക് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വ്യാജ മദ്യ ലോബിയും ജില്ലയില്‍ പ്രവര്‍ത്തിക്കുന്നതായി സൂചന ലഭിച്ചിട്ടുണ്ട്. ബദിയടുക്ക, മധൂര്‍, കുമ്പള, പാണത്തൂര്‍, ചീമേനി സ്ഥലങ്ങളില്‍ വില്‍പനയ്ക്ക് നിരവധി ഏജന്റുമാര്‍ തന്നെയുണ്ട്.
ജില്ലയിലെ ബീവറേജുകളില്‍ രാവിലെ തന്നെയെത്തി മൊത്തമായും മദ്യം കടത്തുന്ന സംഘവും സജീവമാണ്. മൂന്നും നാലും പ്രാവശ്യം നിരയില്‍ കയറിയാണ് ആവശ്യത്തിന് മദ്യം ശേഖരിക്കുന്നത്. ചിലര്‍ക്ക് ക്യൂ നില്‍ക്കാതെ തന്നെ അധികൃതര്‍ പ്രത്യേക ബില്‍ നല്‍കി മദ്യം നല്‍കുന്നാതായും പരാതിയുണ്ട്. കാസര്‍കോട് കെ.എസ്.ആര്‍.ടി.സിക്ക് സമീപത്തുള്ള ബീവറേജ് ഔട്ട് ലറ്റില്‍ നിന്ന് ജീവനക്കാരുടെ ഒത്താശയോടെയാണ് രാവിലെ മദ്യം കടത്തുന്നത്. 500 മില്ലി മദ്യത്തിന് 450 മുതല്‍ 600 വരെ രൂപയാണ് വില. രാത്രി വൈകുകയാണെങ്കില്‍ ഇരട്ടിയുമാകും വില.
പത്തുവര്‍ഷംവരെ തടവും ഒരുലക്ഷം രൂപ പിഴയും ലഭിക്കുന്ന കുറ്റകൃത്യമായിട്ടും പിടിക്കപ്പെട്ടവര്‍ വീണ്ടും ഈ മേഖലയില്‍തന്നെ തുടരുന്ന അവസ്ഥയാണ്. ജില്ലയില്‍ നടക്കുന്ന പല റെയ്ഡിലും മദ്യം സൂക്ഷിക്കുന്ന ആളെകിട്ടാറില്ല. പരിശോധനയ്‌ക്കെത്തുമ്പോള്‍ ഓടി രക്ഷപ്പെടുന്നുവെന്നാണ് അധികൃതര്‍ പറയുന്നത്. മഞ്ചേശ്വരം ചെക്ക് പോസ്റ്റുകളില്‍ നടക്കുന്ന പരിശോധനമാത്രമാണ് ഇപ്പോള്‍ കാര്യക്ഷമമായി നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."