അമ്മമാര്‍ക്കുള്ള ഭക്ഷണവിതരണത്തില്‍ ക്രമക്കേട്: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചു
നിലമ്പൂര്‍: ഭക്ഷണവിതരണത്തില്‍ ക്രമക്കേട് നടക്കുന്നുണ്ടെന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസ് മുനിസിപ്പല്‍ കമ്മിറ്റി നിലമ്പൂര്‍ ജില്ലാ ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചു. ദേശീയ ഗ്രാമീണ ആരോഗ്യദൗത്യം പദ്ധതിയുടെ ഭാഗമായാണ് പ്രസവാനന്തരം അമ്മമാര്‍ക്ക് തുടര്‍ച്ചയായി അഞ്ച് ദിവസം മൂന്ന് നേരമായി ഭക്ഷണം നല്‍കുന്നത്.
ശസ്ത്രക്രിയ കഴിഞ്ഞവര്‍ക്ക് അഞ്ച് ദിവസവും സാധാരണ പ്രസവം കഴിഞ്ഞവര്‍ക്ക് മൂന്ന് ദിവസവുമാണ് ഭക്ഷണം നല്‍കേണ്ടത്. എന്നാല്‍ മെനു പ്രകാരമുള്ള ഭക്ഷണവിതരണം കൃത്യമായി നടക്കുന്നില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്നാണ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി ആശുപത്രിയിലെത്തിയത്. ഭക്ഷണവിതരണ കാര്യത്തില്‍ ശ്രദ്ധിക്കുമെന്നും മെനു പ്രകാരമുള്ള ഭക്ഷണവിതരണം ഉറപ്പാക്കുമെന്നും സുപ്രണ്ട് അറിയിച്ചതോടെ സമരം അവസാനിപ്പിച്ചു. ഷാജഹാന്‍ പായമ്പാടം, യൂസഫ് കാളിമഠത്തില്‍, സുബിന്‍ കല്ലേമ്പാടം, റഹീം ചോലക്കല്‍, മൂര്‍ഖന്‍ മാനു, ഷിബു പാണ്ടിക്കുന്ന്, ഷംസീര്‍ പാത്തിപ്പാറ, കെ.റെനീഷ്, ജെറിര്‍ ബാബു എന്നിവര്‍ നേതൃത്വം നല്‍കി.
അതേസമയം കരാറുക്കാരാണ് ഭക്ഷണം വിതരണം ചെയ്യുന്നതെന്നും ഇതുപ്രകാരമുള്ള പരാതികള്‍ മുമ്പ് ലഭിച്ചിരുന്നില്ലെന്നും ആശുപത്രി സുപ്രണ്ട് ഡോ. സീമാമു പറഞ്ഞു. ഒരാള്‍ക്ക് 95 രൂപയുടെ ഭക്ഷണമാണ് ദിവസം നല്‍ക്കേണ്ടത്. എന്നാല്‍ ചില ദിവസങ്ങളില്‍ ഭക്ഷണം നല്‍ക്കേണ്ടവരുടെ എണ്ണം വളരെ കുറവാകുന്നത് മൂലം ഭക്ഷണവിതരണത്തിന് കരാറെടുക്കാന്‍ ആരുംതയാറാകുന്നില്ലെന്നും ഇതാണ് വിതരണം തടസപ്പെടാനിടയാവുന്നതെന്നും സൂപ്രണ്ട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."