ഗദ്ദികയില്‍ പ്രാക്തന ഗോത്രങ്ങളുടെ തനതു കലകളും ഉല്‍പന്നങ്ങളും
ഗോത്രവര്‍ഗ പൈതൃകത്തിന്റേയും തനത്കലകളുടേയും സംരക്ഷണവും പരിപോഷണവുമാണ് മേളയിലൂടെ ലക്ഷ്യമിടുന്നത്. പരമ്പരാഗത തൊഴില്‍ ഉത്പന്നങ്ങളുടെ പ്രദര്‍ശനവും വില്‍പനയും മേളയോടനുബന്ധിച്ച് നടക്കും.തനത് ഗോത്ര കലാരൂപങ്ങള്‍, ആദിവാസി ഗോത്ര സമൂഹങ്ങളുടെ പാരമ്പര്യ രുചിക്കുട്ടുകളും, മുളയരി, റാഗി, കാട്ടുതേന്‍ തുടങ്ങിയ വനവിഭവങ്ങളും പൈതൃകമായ വൈദ്യചികിത്സാ രീതികളും മേളയില്‍ കാണാന്‍ കഴിയും. പട്ടികജാതി വിഭാഗക്കാരുടെ 60ഉം പട്ടികവര്‍ഗക്കാരുടെ 20ഉം സ്റ്റാളുകളിലുമായി 80 സ്റ്റാളുകളിലാണ് ഉത്പന്ന പ്രദര്‍ശന-വിപണനം നടക്കുന്നത്. ആദിവാസി ഊരിന്റെ മാതൃകയിലുള്ള ആറ് സ്റ്റാളുകളാണ് കിര്‍ത്താഡ്‌സ് നിര്‍മിച്ചിരിക്കുന്നത്. പ്രദര്‍ശനത്തിനും വില്‍പനക്കുമായി കേരളത്തിന്റെ വിവിധയിടങ്ങളില്‍ നിന്നായി 200ല്‍ അധികം പേരാണ് എത്തിയിരിക്കുന്നത്. ഇവര്‍ക്കുള്ള യാത്ര-ഭക്ഷണ-താമസസൗകര്യങ്ങള്‍ പട്ടികജാതി-വര്‍ഗ വികസന വകുപ്പ് ഒരുക്കിയിട്ടുണ്ട്.
രാവിലെ 10 മുതല്‍ വൈകീട്ട് എട്ടുവരെ നടക്കുന്ന പ്രദര്‍ശനത്തില്‍ ആദിവാസി ഒറ്റമൂലികള്‍, കരകൗശല വസ്തുക്കള്‍, അട്ടപ്പാടിയിലെ ഫാമിങ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ സുഗന്ധദ്രവ്യങ്ങള്‍, ചെരിപ്പുകള്‍,ബാഗുകള്‍,വസ്ത്രങ്ങള്‍, പ്രകൃതി വിഭവങ്ങള്‍, കുടുംബശ്രീ നിര്‍മിക്കുന്ന ഭക്ഷണങ്ങള്‍ എന്നിവ പരിചയപ്പെടുത്തും.ഹരിതകേരളം മിഷന്റെ ഭാഗമായി സ്റ്റാളുകള്‍ പൂര്‍ണമായും പരിസ്ഥിതി സൗഹൃദമായാണ് നിര്‍മിച്ചിരിക്കുന്നത്. ശുചിത്വത്തിന് പ്രാധാന്യം നല്‍കിയാണ് പ്രദര്‍ശന-വിപണനമേള സംഘടിപ്പിച്ചിരിക്കുന്നത്.
ഗദ്ദിക നാടന്‍കലാമേളയില്‍ ഇന്ന്
ഡിസംബര്‍ 20ന് വൈകീട്ട് 5.30ന് നടക്കുന്ന സാംസ്‌കാരിക സായാഹ്നം വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. കെ.ഡി.പ്രസേനന്‍ എം.എല്‍.എ അധ്യക്ഷനാകും. ദൃശ്യ-ശ്രവ്യ-അച്ചടി മാധ്യമ പുരസ്‌കാരങ്ങള്‍ പട്ടികജാതി-വര്‍ഗ നിയമ സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ.ബാലന്‍ വിതരണം ചെയ്യും. ദൃശ്യ മാധ്യമ വിഭാഗത്തില്‍ ജീവന്‍ ടി.വി.യിലെ സുബിത സുകുമാര്‍, അച്ചടി മാധ്യമ വിഭാഗത്തില്‍ മാധ്യമം ആഴ്ച പതിപ്പിലെ എന്‍.എസ്.നിസ്സാര്‍, ശ്രവ്യ മാധ്യമ വിഭാഗത്തില്‍ തിരുവനന്തപുരം ആകാശവാണിയിലെ ജി.ജയ എന്നിവര്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങും.
തുടര്‍ന്ന് വൈകീട്ട് 6.30ന് കാസര്‍ഗോഡ് ഗ്രാമശ്രീ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ബാനം മോഹനന്‍ അവതരിപ്പിക്കുന്ന മംഗലം കളി, 7.15 മുതല്‍ വര്‍ക്കല സുശീലന്‍സുജേഷ് എന്നിവര്‍ അവതരിപ്പിക്കുന്ന കാക്കരിശ്ശി നാടകം, രാത്രി എട്ടു മുതല്‍ വയനാട് , കാട്ടിക്കുളം ബേഗൂര്‍ കോളനിയിലെ എം.രഘു അവതരിപ്പിക്കുന്ന കാട്ടുനായ്ക്ക നൃത്തം, 8.45 മുതല്‍ കേരള ലളിതകലാ അക്കാദമിയുടെ തോല്‍പാവക്കൂത്ത് അരങ്ങേറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."