കുന്നത്തുകാട് കുടുംബക്ഷേമ കേന്ദ്രം തുറക്കാത്തതില്‍ പ്രതിഷേധം
മാള: പഞ്ചായത്തിലെ കുന്നത്തുകാട് പ്രദേശത്തെ കുടുംബക്ഷേമ കേന്ദ്രം തുറക്കാത്തതില്‍ വ്യാപക പ്രതിഷേധം. പത്ത് വര്‍ഷത്തിലേറെയായി ഇവിടെ പ്രവത്തിച്ചിരുന്ന കുടുംബക്ഷേമ കേന്ദ്രം ഏതാനും മാസങ്ങളായി തുറന്ന് പ്രവര്‍ത്തിക്കാതായതോടെ ഈ പ്രദേശത്തെ നൂറുകണക്കിന് സാധാരണക്കാര്‍ ദുരിതത്തിലായിരിക്കുകയാണ്.
ചികിത്സ തേടി ആറ് കിലോമീറ്റര്‍ അകലെയുള്ള മാള സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ പോകേണ്ട ദുരവസ്ഥയാണിപ്പോള്‍ ഉണ്ടായിട്ടുള്ളത്. മാള സാമൂഹ്യാരോഗ്യ കേന്ദ്രത്തിന്റെ സബ് സെന്ററായ കുന്നത്തുകാട് കുടുംബക്ഷേമ കേന്ദ്രത്തില്‍ രോഗികളെ പരിശോധിക്കുന്നതിനുള്ള മുറിയും ആശുപത്രി ചുമതലയുള്ള നഴ്‌സിന് താമസിക്കുന്നതിനുള്ള ക്വാര്‍ട്ടേഴ്‌സ് ഉള്‍പ്പടെയുള്ള സൗകര്യങ്ങളുമുണ്ട്.
കുട്ടികള്‍ക്കുള്ള പ്രതിരോധ കുത്തിവെപ്പുകള്‍, ഗര്‍ഭിണികള്‍ക്കും അമ്മമാര്‍ക്കുമുള്ള മരുന്ന് വിതരണം, പ്രഥമ ശുശ്രൂഷ നല്‍കല്‍, ജീവിത ശൈലീരോഗ പരിശോധന, മരുന്ന് വിതരണം തുടങ്ങിയ സേവനങ്ങള്‍ കേന്ദ്രത്തില്‍ നിന്ന് ലഭിച്ചിരുന്നു.
നേരത്തെ ആഴ്ചയില്‍ രണ്ട് ദിവസങ്ങളില്‍ ഇവിടെ ഡോക്ടറുടെ സേവനങ്ങളും ലഭിച്ചിരുന്നു. പിന്നീട് അത് ചൊവ്വാഴ്ച മാത്രമാക്കി ചുരുക്കി. ഏതാനും മാസങ്ങളായി ഇവിടെ ഡോക്ടറുടെ സേവനവും മറ്റ് സൗകര്യങ്ങളും ലഭ്യമല്ലാതായിരിക്കുകയാണ്. അതോടൊപ്പം അറ്റകുറ്റപ്പണികളും നവീകരണവുമില്ലാതെ കുടുംബക്ഷേമ കേന്ദ്രത്തിന്റെ കെട്ടിടം ശോച്യാവസ്ഥയിലായിരിക്കുകയുമാണ്. മുന്‍ ഭാഗത്തെ ഷെഡിന്റെ ഷീറ്റ് തുരുമ്പെടുത്ത് ദ്രവിച്ച് പോയിട്ടുണ്ട്. ഇതുകാരണം ചോര്‍ച്ച ശക്തമായിരിക്കുകയാണ്.
മേല്‍ക്കൂരയില്‍ ഇട്ടിരിക്കുന്ന ഷീറ്റും ദ്രവിച്ച് ചോര്‍ന്നൊലിക്കുന്ന അവസ്ഥയാണുള്ളത്. നഴ്‌സിന് താമസിക്കാനുള്ള കെട്ടിടവും തകര്‍ച്ചാ ഭീഷണിയിലാണ്. കെട്ടിടത്തോട് ചേര്‍ന്ന് വളര്‍ന്ന് നില്‍ക്കുന്ന മരങ്ങളുടെ വേര് ആഴ്ന്നിറങ്ങി കക്കൂസ് കുഴിയുടെ സ്ലാബുകളും തകര്‍ന്നിട്ടുണ്ട്.
കുന്നത്തുകാട് കുടുംബക്ഷേമ കേന്ദ്രത്തിന്റെ ശോച്യാവസ്ഥക്ക് അടിയന്തിര പരിഹാരം ഉണ്ടാക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
എന്നാല്‍ കെട്ടിടത്തിന്റെ അറ്റകുറ്റപ്പണിക്ക് ഫണ്ട് ലഭിക്കാത്തതിനാലാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയാത്തതെന്നാണ് അധികൃതരുടെ വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."