കൃഷിയിടം നികത്താനെത്തിയ മണ്ണു ലോറികള്‍ നാട്ടുകാര്‍ തടഞ്ഞു
അരിമ്പൂര്‍: ചാലാടി പഴംകോള് പടവില്‍ കൃഷിയിടം നികത്താനായി മണ്ണുമായെത്തിയ ലോറികള്‍ നാട്ടുകാര്‍ തടഞ്ഞു. സംഭവ സ്ഥലത്തെത്തിയ വില്ലേജ് ഓഫിസര്‍ കെ.എസ് ബിന്ദു നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനിടെ ഡ്രൈവര്‍മാര്‍ വാഹനവുമായി കടന്നു കളയാന്‍ ശ്രമിച്ചു. തുടര്‍ന്ന് നാട്ടുകാര്‍ ബൈക്കുമായി ലോറി തടഞ്ഞത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.
വില്ലേജ് ഓഫിസറുടെ നിര്‍ദേശ പ്രകാരം ലോറി അന്തിക്കാട് പൊലിസ് പിടികൂടി. 1983ലെ തണ്ണീര്‍ത്തട സംരക്ഷണ നിയമം കാറ്റില്‍ പറത്തിയാണ് സ്വകാര്യ വ്യക്തി കൃഷിയിടം വ്യാപകമായി നികത്തുന്നത്. ഇതിനെതിരേ പരിസരവാസികള്‍ കൃഷിയിട സംരക്ഷണ സമിതിയുമായി രംഗത്തുണ്ട്. സ്വകാര്യ വ്യക്തി കൃഷിയിടം രൂപമാറ്റം വരുത്തുന്നതിന് വില്ലേജില്‍ നിന്നും അനുവാദ പത്രം വാങ്ങാതെയാണ് നികത്തുന്നതെന്ന് സംരക്ഷണ സമിതിക്കാര്‍ പറയുന്നു. ഇന്നലെ മണ്ണുമായെത്തിയ രണ്ട് ലോറികളാണ് നാട്ടുകാര്‍ തടഞ്ഞത്.
സംഭവ സ്ഥലത്തെത്തിയ പൊലിസ് പരയ്ക്കാട് വില്ലേജ് ഓഫിസറുടെ നിര്‍ദേശ പ്രകാരം കസ്റ്റഡിയിലെടുത്തു. ലോറി കോടതിയില്‍ ഹാജരാക്കുമെന്ന് എസ്.ഐ വിന്‍സെന്റ് ഇഗ്നേഷ്യസ് പറഞ്ഞു.
കൃഷിയിട സംരക്ഷണ സമിതിക്കാര്‍ കൃഷി വകുപ്പ് മന്ത്രിയ്ക്ക് നല്കിയ നിവേദനത്തില്‍ അടിയന്തര നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സമിതി കണ്‍വീനര്‍ സുഭാഷ് പറഞ്ഞു.അനൂപ്, ആനന്ദന്, സുരേഷ്കുമാര്‍, സുകുമാരന്‍, സലിംകുമാര്‍, തങ്കപ്പന്, വേലായുധന്‍കുട്ടി എന്നിവര്‍ ലോറി തടയാനെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."