സംഘ്പരിവാര്‍ പ്രതികളായ കേസുകള്‍ ഇഴയുന്നു
ന്യൂഡല്‍ഹി: 2013ലെ ഹൈദരാബാദ് ഇരട്ട സ്‌ഫോടന കേസില്‍ കുറ്റക്കാരെന്നു കണ്ടെത്തി കഴിഞ്ഞദിവസം പ്രത്യേക എന്‍.ഐ.എ കോടതി അഞ്ചുപേരെ വധശിക്ഷക്കു വിധിച്ചെങ്കിലും സംഘ്പരിവാര്‍ പ്രതികളായ വിവിധ കേസുകള്‍ ഇഴഞ്ഞുനീങ്ങുന്നു. മൂന്നുവര്‍ഷം കൊണ്ട് കേസിലെ പ്രതികള്‍ക്ക് വിചാരണപൂര്‍ത്തിയാക്കി ശിക്ഷ വിധിച്ചത്.
അതേസമയം, സംഘപരിവാര്‍ പ്രതിസ്ഥാനത്തുനില്‍ക്കുന്ന ഏഴോളം സ്‌ഫോടനകേസുകള്‍ ഇഴഞ്ഞുനീങ്ങുകയാണ്. നരേന്ദ്രമോദിസര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ഹിന്ദുത്വ സംഘടനകള്‍ പ്രതികളായ കേസുകളില്‍ മെല്ലെപ്പോക്ക് നയം സ്വീകരിക്കാന്‍ എന്‍.ഐ.എയുടെ ഉന്നത ഉദ്യോഗസ്ഥര്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന് മലേഗാവ് കേസിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ രോഹിണി സല്യാന്‍ ആരോപിക്കുകയും ചെയ്തു. ഈ ആരോപണം ശരിവക്കുന്നതാണ് എന്‍.ഐ.എ നടപടി.
2007ലെ സംജോത സ്‌ഫോടനം, 2006ലെയും 2007ലെയും മലേഗാവ് സ്‌ഫോടനങ്ങള്‍, ഹൈദരാബാദിലെ മക്കാമസ്ജിദ് സ്‌ഫോടനം, നന്ദേഡ് സ്‌ഫോടനം, 2007ലെ അജ്മീര്‍ ദര്‍ഗ സ്‌ഫോടനം തുടങ്ങിയവയാണ് സംഘപരിവാര്‍ പ്രതിസ്ഥാനത്തുനില്‍ക്കുന്ന പ്രധാന ഭീകരാക്രമണങ്ങള്‍. മുതിര്‍ന്ന ആര്‍.എസ്.എസ് നേതാവ് ഇന്ദ്രേഷ്‌കുമാര്‍ ഉള്‍പ്പെടെ ആരോപണവിധേയനായ ഈ കേസുകളിലെ മിക്ക പ്രതികളും ആസൂത്രകരും ഒന്നുതന്നെയാണ്. ആദ്യം ഭീകരവിരുദ്ധ സേന (എ.ടി.എസ്) അന്വേഷിച്ച ഈ കേസുകള്‍ എന്‍.ഐ.എ ഏറ്റെടുക്കുകയായിരുന്നു. സാക്ഷികള്‍ ഏറെക്കുറേ കൂറുമാറിയതിനാല്‍ ഏറ്റവുമധികം ദുര്‍ബലമായികൊണ്ടിരിക്കുകയാണ് ഖാജാ മുഈനുദ്ദീന്‍ ചിശ്ച്തി അന്ത്യ വിശ്രമംകൊള്ളുന്ന ദര്‍ഗാ ശരീഫിനു സമീപം 2007 ഒക്ടോബര്‍ 17നുണ്ടായ സ്‌ഫോടനവും 10 കൊല്ലം മുമ്പ് നടന്ന ഒന്നാം മലേഗാവ് കേസും. അജ്മീര്‍ കേസില്‍ 13 ആര്‍.എസ്.എസ് പ്രവര്‍ത്തകരെ പ്രതികളാക്കി എന്‍.ഐ.എ സമര്‍പ്പിച്ച കുറ്റപത്രത്തില്‍, ആര്‍.എസ്.എസ് ഇവര്‍ക്കു നാഗ്പൂരില്‍ വച്ച് പരിശീലനം നല്‍കുകയുംചെയ്തതായി ആരോപിക്കുന്നുണ്ട്. ആര്‍.എസ്.എസില്‍ ആയുധങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ മിടുക്കുള്ള സുനില്‍ ജോഷി കേസിലെ പ്രതി ദേവേന്ദ്രഗുപ്തയെ വെടിവയ്ക്കാന്‍ പരിശീലിപ്പിക്കുന്നത് കണ്ടിട്ടുണ്ടെന്ന് മൊഴിനല്‍കിയ അജ്മീര്‍ കേസിലെ പ്രധാനസാക്ഷി രണ്‍ദീപ് സിങ് ഉള്‍പ്പെടെയുള്ളവരാണ് മൊഴിമാറ്റിയത്. രണ്‍ദീപ് പിന്നീട് ബി.ജെ.പിയിലെത്തി സംസ്ഥാനമന്ത്രിസഭയില്‍ അംഗമായി.
ആര്‍.എസ്.എസ് പ്രതിസ്ഥാനത്തുള്ള ഏറ്റവും ഗൗരവമുള്ള കേസാണ് 2007 ഫെബ്രുവരിയില്‍ പാകിസ്താനിലേക്കുള്ള സംഝോത എക്‌സ്പ്രസ്സിലുണ്ടായ സ്‌ഫോടനം. 68 പേരാണ് മരിച്ചത്. ഇതില്‍ ഭൂരിഭാഗവും പാക് പൗരന്‍മാരായിരുന്നു. കേസില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാവുകയുംചെയ്തിരുന്നു. ഈ കേസും ഇഴഞ്ഞാണു നീങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."