ആദ്യ സോളാര്‍ ബോട്ടുസവാരി ജനുവരി 12ന്
തിരുവനന്തപുരം: ജനുവരി 12ന് രാജ്യത്തെ ആദ്യത്തെ സോളാര്‍ ബോട്ട് വൈക്കത്ത് നിന്ന് കൊച്ചിയിലേക്ക് സര്‍വിസ് ആരംഭിക്കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍. ജലഗതാഗത വകുപ്പിന്റെ സോളാര്‍ ബോട്ടില്‍ 75 യാത്രക്കാരെ കയറ്റാനാകും. വായു, ജല, പരിസര മലിനീകരണം കുറക്കുന്നതിനാണ് ഇത്തരം നടപടികളിലൂടെ ലക്ഷ്യമിടുന്നത്. ജലഗതാഗത വകുപ്പില്‍ പുതുതായി 14 ബോട്ടുകള്‍ കൂടി വാങ്ങാന്‍ പണം അനുവദിച്ചു. കേസരിഹാളില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒറ്റ ടിക്കറ്റില്‍ മെട്രോ റെയിലിലും ബസുകളിലും ബോട്ടുകളിലും യാത്ര ചെയ്യാന്‍ സാധിക്കുന്ന ഗതാഗത സംവിധാനം കൊച്ചിയില്‍ നടപ്പാക്കും. ലൈറ്റ് മെട്രോ യാഥാര്‍ഥ്യമാകുന്നതോടെ തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിലേക്കും ഇത് വ്യാപിപ്പിക്കും. അടുത്ത സാമ്പത്തികവര്‍ഷം അവസാനിക്കുന്നതിന് മുന്‍പ് തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് എന്നിവിടങ്ങളില്‍ സി.എന്‍.ജി ഉപയോഗിച്ച് ഓടുന്ന ബസുകള്‍ നിരത്തിലിറക്കും.
എല്‍.എന്‍.ജി (ദ്രവീകൃത പ്രകൃതി വാതകം) ഉപയോഗിച്ചുള്ള ബസുകള്‍ നിരത്തിലിറക്കുന്നതിന് കേന്ദ്ര മോട്ടോര്‍വാഹന നിയമത്തില്‍ ഭേദഗതി വരുത്തണമെന്ന് കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എല്‍.എന്‍.ജി ഉപയോഗിച്ചുള്ള ബസിന്റെ പരീക്ഷണ ഓട്ടം വിജയകരമായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."