മനഃസാക്ഷി വോട്ടുതന്ത്രം പരാജയപ്പെട്ടു: യു.എസിനെ ട്രംപ് നയിക്കും
വാഷിംങ്ടണ്‍:വൈറ്റ് ഹൗസിലേക്കുള്ള നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വഴിയടയ്ക്കാനുള്ള അവസാന ശ്രമങ്ങളും വിഫലമായി. അമേരിക്കന്‍ ഇലക്ടറല്‍ കോളജില്‍ 270 വോട്ട് നേടി രാജ്യത്തിന്റെ നാല്‍പത്തിയഞ്ചാമത്തെ പ്രസിഡന്റാകാനുള്ള അംഗീകാരം ട്രംപ് ഔപചാരികമായി നേടി.
ട്രംപിനെ തെരഞ്ഞെടുക്കരുതെന്ന് ആവശ്യപ്പെട്ട് ഇലക്ടറല്‍ കോളജിലേക്കു നിശ്ചയിക്കപ്പെട്ടവരുടെ ഇ മെയിലുകളിലേക്കു സന്ദേശങ്ങള്‍ പ്രവഹിക്കുകയായിരുന്നു. ഇ മെയിലുകള്‍ക്കു പുറമേ കത്തുകളിലൂടെയും, ഫോണ്‍ സന്ദേശത്തിലൂടെയും ട്രംപിനു മുന്‍പില്‍ വാതില്‍ അടയ്ക്കാന്‍ തീവ്രശ്രമം നടന്നു. ടെക്‌സാസില്‍ നിന്നുള്ള രണ്ട് ഇലക്ടറല്‍ കോളജ് വോട്ടര്‍മാര്‍ ട്രംപിനെതിരേ നിലകൊണ്ടെങ്കിലും ടെക്‌സാസ് വോട്ടുകളാണ് 270 എന്ന കടമ്പ പിന്നിടാന്‍ സഹായകമായത്.
ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ നാല് ഇലക്ടറല്‍ കോളജ് വോട്ടര്‍മാര്‍ ഹിലരിക്കുപകരം മറ്റൊരാള്‍ക്ക് വോട്ട് ചെയ്തതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ജനുവരി ആറിനു ചേരുന്ന അമേരിക്കന്‍ കോണ്‍ഗ്രസിന്റെ പ്രത്യേക സമ്മേളനത്തിലാണ് ഇലക്ടറല്‍ കോളജ് ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്.
റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഇലക്ടറല്‍ കോളജ് വോട്ടര്‍മാരെ ട്രംപിനെതിരേ തിരിക്കുവാന്‍ തീവ്രശ്രമം നടന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട ഓണ്‍ലൈന്‍ പരാതിയില്‍ മില്യണ്‍ കണക്കിനാളുകളാണ് ഒപ്പുവച്ചത്. രാജ്യത്തിന്റെ പല സംസ്ഥാന തലസ്ഥാനങ്ങളിലും ട്രംപ് വിരുദ്ധര്‍ പ്രതിഷേധവുമായി രംഗത്തു വന്നിരുന്നു. നവംബര്‍ എട്ടിലെ തെരഞ്ഞെടുപ്പില്‍ 306 ഇലക്ടറല്‍ കോളജ് വോട്ടുകള്‍ ഉറപ്പാക്കിയ ട്രംപിനു വഴിമുടക്കണമെങ്കില്‍ 36 ഇലക്ടറല്‍ കോളജ് അംഗങ്ങള്‍ മറുകണ്ടം ചാടണമായിരുന്നു. അത് എളുപ്പമാകില്ല എന്ന കാര്യം ഏതാണ്ട് തീര്‍ച്ചയായിരുന്നു. മൂന്നു മില്യണിലധികം ജനകീയ വോട്ടുകള്‍ കൂടുതല്‍ ലഭിച്ചത് ഹിലരി ക്ലിന്റനാണെങ്കിലും 30 സംസ്ഥാനങ്ങളില്‍ മുന്നിലെത്തി ഇലക്ടറല്‍ കോളജ് വോട്ടുകള്‍ കൂടുതല്‍ നേടി ട്രംപ് വൈറ്റ്ഹൗസിലേക്കുള്ള പാത ഉറപ്പാക്കുകയായിരുന്നു.
538 അംഗ ഇലക്ടറല്‍ കോളജില്‍ 270 വോട്ടുകള്‍ നേടുന്നയാള്‍ പ്രസിഡന്റ് പദവിയില്‍ എത്തപ്പെടും എന്നതാണ് അമേരിക്കന്‍ തെരഞ്ഞെടുപ്പിലെ നിയമാനുസൃതമായ ചട്ടം. ട്രംപ് ഈ കടമ്പയാണ് ഔദ്യോഗികമായി പിന്നിട്ടിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."