ചുവര്‍ചിത്രങ്ങളും ക്യാംപസ് നുറുങ്ങുകളും എഴുതിയെന്ന് ആരോപിച്ച് വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തു
കൊച്ചി: മഹാരാജാസ് കോളജില്‍ ചുവര്‍ചിത്രങ്ങളും കാംപസ് നുറുങ്ങുകളും എഴുതിയെന്നാരോപിച്ച് ആറു വിദ്യാര്‍ഥികളെ പോലിസ് അറസ്റ്റ് ചെയ്തതായി പരാതി.
രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായ അര്‍ജുന്‍ ആനന്ദ്, രാഘേഷ് ദാസ്, ഷിജാസ്, നിഖില്‍, ആനന്ദ്, ജിതിന്‍ കുഞ്ഞുമോന്‍ എന്നിവരെയാണ് പൊലിസ് അറസ്റ്റു ചെയ്തതെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. തിങ്കളാഴ്ച വൈകിട്ട അഞ്ചോട ബസില്‍ യാത്രചെയ്യവേയാണ് അര്‍ജുന്‍ ആനന്ദിനെ പൊലിസ് അറസ്റ്റ് ചെയ്ത് ലോക്കപ്പിലാക്കിയത്.
കോളജ് പ്രിന്‍സിപ്പലിന്റെ പരാതിയെത്തുടര്‍ന്നാണ് പോലിസ് അര്‍ജുനെ അറസ്റ്റ് ചെയ്തതെന്ന് മഹാരാജാസ് കോളജിലെ ബിരുദ വിദ്യാര്‍ഥികളായ ശാന്തിനി പി കുട്ടിക്കല്‍,പി എസ് സുറുമി,അനശ്വര വിശ്വനാഥന്‍, എം.എച്ച് ഫാത്തിമ, കെ.എ മുജീബ് എന്നിവര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചത്. മതസ്പര്‍ധ ഉളവാക്കുന്ന കാംപസ് നുറുങ്ങുകള്‍ എഴുതിവച്ചു എന്നുവെന്നാണ് ഇവര്‍ക്കെതിരെയുളള കേസ്.
കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ കോളജ് മാഗസിന്റെ സംക്ഷിപ്തമാണ് കാംപസ് നുറുങ്ങുകളായി ഏതോ വിദ്യാര്‍ഥികള്‍ എഴുതി വെച്ചത്. എന്നാല്‍ ഇതില്‍ നിരപരാധികളായവരെയാണ് പൊലിസ് അറസ്റ്റു ചെയ്തിരിക്കുന്നത്. ചുവരില്‍ എഴുതിവെച്ചിരിക്കുന്ന നുറുങ്ങുകളില്‍ യാതൊരു വിധ സ്്പര്‍ധയും ഉളളതായി ആര്‍ക്കും ഇതുവരെ തോന്നിയിട്ടില്ലെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.
തിങ്കളാഴ്ച അറസ്റ്റ് ചെയ്ത അര്‍ജുനിനെ വിട്ടയക്കണമെങ്കില്‍ മറ്റ് അഞ്ചുവിദ്യാര്‍ഥികളെക്കൂടി ഹാജരാക്കണമെന്ന് പൊലിസ് ശാഠ്യം പിടിച്ചതിനെത്തുടര്‍ന്ന് ഇന്നലെ ഉച്ചക്ക് മറ്റ് അഞ്ചു വിദ്യാര്‍ഥികളും ഹാജരാകുകയായിരുന്നു. തുടര്‍ന്ന് ഇവരെയും പൊലിസ് അറസ്റ്റു ചെയ്തു.
ഈ വിദ്യാര്‍ഥികളെ കാണാന്‍ സഹപാഠികളെ പൊലിസ് അനുവദിച്ചില്ലെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. 50,000 രൂപ കെട്ടിവച്ചാല്‍മാത്രം ജാമ്യം അനുവദിക്കാമെന്ന് പൊതുമുതല്‍ നശീകരണ തടയല്‍ നിയമം അനുസരിച്ചാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
അറസ്റ്റ് ചെയ്യപ്പെട്ട നിരപരാധികളായ വിദ്യാര്‍ഥികളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥിനികള്‍ അടക്കമുള്ളവര്‍ മുഖ്യമന്ത്രിക്കും ഭരണപരിഷ്‌കാരകമ്മിറ്റി ചെയര്‍മാന്‍ വി എസ് അച്യുതാനന്ദനും സിറ്റി പൊലിസ് കമ്മിഷണര്‍ക്കും പരാതി നല്‍കി. വരുംദിവസങ്ങളില്‍ കാംപസിനകത്ത് ശക്തമായ പ്രചാരണപ്രക്ഷോഭണപരിപാടികളാരംഭിക്കാനാണ് വിദ്യാര്‍ഥികളുടെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."