ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ 'പുകകുരുക്കില്‍'
കണ്ണൂര്‍: ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളില്‍ പുകയില ഉല്‍പ്പന്ന ഉപയോഗം വ്യാപകമെന്ന് കണ്ടെത്തല്‍. കണ്ണൂര്‍ മെഡിക്കല്‍ കോളജ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. കമ്മ്യൂണിറ്റി മെഡിസിന്‍ ഡിപ്പാര്‍ട്‌മെന്റ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. സുശ്രുത് എ നീലോപന്ത്, റേഡിയോ ഡയഗ്‌നോസിസ് ഡിപ്പാര്‍ട്‌മെന്റിലെ ഡോ. ഡി ശില്‍പ്പ എന്നിവരാണ് പഠനം നടത്തിയത്. പഠനത്തിനു വിധേയരായ 70 ശതമാനത്തോളം ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളും 15ാം വയസില്‍തന്നെ പുകയില ഉപയോഗം തുടങ്ങുന്നതായി കണ്ടെത്തി. 15നും 18നുമിടയില്‍ പ്രായമുള്ള ആണ്‍കുട്ടികളില്‍ 19 ശതമാനവും ഏതെങ്കിലും രൂപത്തില്‍ പുകയില ഉപയോഗിക്കുന്നവരാണ്. പുകവലി മാത്രം ശീലമാക്കിയവരുടെ എണ്ണം 18.15 ശതമാനത്തിലെത്തി.
രണ്ടു ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ 775 കുട്ടികളില്‍ നടത്തിയ പഠനം 'ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് സയന്റിഫിക് സ്റ്റഡി' ആണ് പ്രസിദ്ധീകരിച്ചത്. 'കണ്ണൂരിലെ പ്രീ യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥികളിലെ പുകയില ഉപയോഗം ഒരു സമഗ്ര പഠനം' എന്ന പേരില്‍ നടത്തിയ സര്‍വേയില്‍ 336 ആണ്‍കുട്ടികളും 439 പെണ്‍കുട്ടികളും പങ്കാളികളായി. 41 ശതമാനം കുട്ടികള്‍ക്കും സ്‌കൂളിനു സമീപത്തെ കടകളില്‍നിന്നാണു പുകയില ഉല്‍പ്പന്നങ്ങള്‍ ലഭിച്ചത്.
ഹയര്‍സെക്കന്‍ഡറി കുട്ടികളിലെ പുകയില ഉപയോഗത്തെപ്പറ്റി അടിസ്ഥാന വിവരങ്ങള്‍ ലഭിക്കുന്നതിനാണ് സര്‍വേ നടത്തിയതെന്നും ലോകാരോഗ്യസംഘടനയുടെ മാതൃകയുടെ അടിസ്ഥാനത്തില്‍ തയാറാക്കിയ ചോദ്യാവലിയാണ് ഉപയോഗിച്ചതെന്നും പഠനത്തിനു നേതൃത്വം നല്‍കിയ ഡോ. സുശ്രുത് പറഞ്ഞു. ് കണ്ണൂരില്‍ പുകയില ചവയ്ക്കുന്നവരുടെ എണ്ണം വളരെ കുറവാണെന്നും പഠനത്തില്‍ കണ്ടെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."