ശിക്ഷാ നടപടിയുടെ ഭാഗമായി പിരിച്ചുവിട്ടാല്‍ നാലുവര്‍ഷത്തേക്ക് ഖത്തറിലേക്കു തിരിച്ചുവരാന്‍ കഴിയില്ല
ദോഹ: ശിക്ഷാ നടപടിയുടെ ഭാഗമായി പിരിച്ചുവിടപ്പെടുകയും ഇതിനെതിരായ അപ്പീല്‍ കോടതി തള്ളുകയും ചെയ്താല്‍ നാലുവര്‍ഷത്തേക്ക് ഖത്തറിലേക്കു തിരിച്ചുവരാന്‍ സാധിക്കില്ല. ഖത്തറിലെ പുതിയ തൊഴില്‍ നിയമത്തിന്റെ 26ാം അനുഛേദത്തിലാണ് ഇക്കാര്യം പറയുന്നത്. വിദേശികളുടെ എക്സിറ്റ്, എന്‍ട്രി, റസിഡന്‍സ് എന്നിവയുമായി ബന്ധപ്പെട്ട 2015ലെ 21ാം നമ്പര്‍ നിയമം ഈ മാസം 13 മുതല്‍ നടപ്പില്‍ വന്നിരുന്നു.
നിയമത്തിന്റെ ഔദ്യോഗിക ഇംഗ്ലീഷ് പരിഭാഷ ഇനിയും പുറത്തുവന്നിട്ടില്ലെങ്കിലും അറബിക് പതിപ്പ് അല്‍ശര്‍ഖ് പത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ശിക്ഷാ നടപടിയുടെ ഭാഗമായി പിരിച്ചുവിടപ്പെട്ടത് തെറ്റായാണെങ്കില്‍ തൊഴിലാളിക്ക് കോടതിയെ സമീപിക്കാന്‍ സാധിക്കും. തൊഴിലാളി കോടതിയില്‍ അപ്പീല്‍ നല്‍കാതിരിക്കുക, അപ്പീല്‍ കോടതി തള്ളുക, അന്തിമ വിധി തൊഴിലാളിക്കെതിരായിരിക്കുക തുടങ്ങിയ സാഹചര്യങ്ങളിലാണ് നാല് വര്‍ഷത്തെ നിരോധനം.
കരാര്‍ കാലാവധിക്കു മുമ്പ് ജോലി രാജിവച്ച് രാജ്യം വിടുകയാണെങ്കില്‍ കാലാവധി അവസാനിക്കും മുമ്പ് തിരിച്ചുവരാനാവില്ലെന്നതാണ് മറ്റൊരു വ്യവസ്ഥ. ഉദാഹരണത്തിന് നാല് വര്‍ഷത്തേക്ക് കരാര്‍ ഒപ്പിട്ട ഒരു തൊഴിലാളി മൂന്ന് വര്‍ഷത്തിന് ശേഷം റസിഡന്‍സ് പെര്‍മിറ്റ് കാന്‍സല്‍ ചെയ്ത് രാജ്യം വിട്ടാല്‍ ഒരു വര്‍ഷം കൂടി കഴിയാതെ രാജ്യത്തേക്കു തിരിച്ചുവരാനാവില്ലെന്ന് പുതിയ തൊഴില്‍ നിയമത്തില്‍ പറയുന്നു. എന്നാല്‍, കരാര്‍ കാലാവധി കഴിഞ്ഞാണു പോവുന്നതെങ്കില്‍ തൊട്ടടുത്ത ദിവസം തന്നെ പുതിയ ജോലി കിട്ടുകയാണെങ്കില്‍ തിരിച്ചു വരാവുന്നതാണ്.
പുതിയ നിയമം പ്രാബല്യത്തില്‍ വന്നതിന് ശേഷം നേരത്തെയുള്ള തൊഴിലില്‍ തന്നെ തുടരാന്‍ ആഗ്രഹിക്കുന്നവര്‍ പുതിയ തൊഴില്‍ കരാര്‍ ഒപ്പിടേണ്ടതില്ല. ജോലി മാറുന്നവരും പുതുതായി തൊഴിലില്‍ പ്രവേശിക്കുന്നവരും മാത്രമാണ് പുതിയ കരാര്‍ ഒപ്പിടേണ്ടത്. എല്ലാ കരാറുകളും തൊഴില്‍ മന്ത്രാലയം അംഗീകരിച്ചിരിക്കണം. പരമാവധി കരാര്‍ കാലാവധി അഞ്ചു വര്‍ഷമായിരിക്കും. പുതിയ തൊഴില്‍ നിയമത്തിന്റെ പരിധിയില്‍ വീട്ടുവേലക്കാരും(ഖദ്ദാമകള്) ഉള്‍പ്പെടുന്നു എന്നതാണ് മറ്റൊരു സവിശേഷത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."