സഊദിയില്‍ അതി ശൈത്യം; മഞ്ഞില്‍ പൊതിഞ്ഞ് മണല്‍ കാടുകള്‍
റിയാദ്: കടുത്ത ചൂടുകള്ക്കും മണല്‍ കാറ്റുകള്‍ക്കും പേരുകേട്ട മരുഭൂമികള്‍ തണുത്ത് വിറങ്ങലിക്കുന്നു. സഊദി അറേബ്യയുടെ ഉത്തരമേഖലകള്‍ ഉള്‍പ്പെടെ പല പ്രവിശ്യകളിലും അതിശക്തമായ തണുപ്പാണ് അനുഭവപ്പെടുന്നത്. പല സ്ഥലങ്ങളിലും മഞ്ഞു വീഴ്ച കനത്തതിനാല്‍ റോഡുകള്‍ ഗതാഗത യോഗ്യമല്ലാതാവുകയും ജനജീവിതം ദുസഹമാവുകയും ചെയ്തു.
രാജ്യത്തിന്റെ വടക്കു പ്രദേശമാണ് അതിശൈത്യം അനുഭവിക്കുന്നത്. അറാര്‍, അല്‍ജൗഫ്, ഹസ്മുല്‍ ജലാമീദ് എന്നിവിടങ്ങളില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി കനത്ത മഞ്ഞു വീഴ്ചയുണ്ടായി.
പലയിടത്തും പൂജ്യവും അതിനു താഴെയുമാണ് തണുപ്പ് രേഖപ്പെടുത്തിയത്. പൈപ്പുകളില്‍ വെള്ളം ഒഴുകാതെ കട്ട പിടിച്ചു കിടക്കകയാണ്. അടുത്ത രണ്ടു ദിവസങ്ങളില്‍ ഉത്തര സഊദിയില്‍ ശൈത്യക്കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ താപനില വീണ്ടും ഗണ്യമായി കുറഞ്ഞ് മൈനസ് അഞ്ചു വരെയാകുമെന്നാണ് കണക്കു കൂട്ടുന്നത്.
തുറൈഫിലും കനത്ത മഞ്ഞു വീഴ്ചയും ശീതക്കാറ്റും തുടരുകയാണ്. കഴിഞ്ഞ ദിവസം ചെറിയ തോതില്‍ മഴ പെയ്തെങ്കിലും പുലര്‍ച്ചയോടെ മഞ്ഞുമഴയായി മാറുകയായിരുന്നു. ഒട്ടകങ്ങളും ആടുകളും കൂട്ടത്തോടെ മഞ്ഞു വീണ് തൂവെള്ളയില്‍ പൊതിഞ്ഞു നില്ക്കുന്നതും മഞ്ഞില്‍ പുതഞ്ഞ മരുഭൂമിയും പാര്‍പ്പിടങ്ങളും വശ്യസുന്ദരമായ കാഴ്ചയാണ് ഒരുക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."