മുക്കുപണ്ടം പണയപ്പെടുത്തി ബാങ്ക് അപ്രൈസര്‍ ലക്ഷങ്ങളുമായി മുങ്ങി
കാഞ്ഞങ്ങാട്: മുക്കുപണ്ടം പണയപ്പെടുത്തി ബാങ്ക് അപ്രൈസര്‍ ലക്ഷങ്ങളുമായി മുങ്ങി. പണയ ഇടപാടിനായി ബാങ്കിലെത്തിയ ആളുകളോട് സൗഹൃദം നടിച്ചാണ് യൂനിയന്‍ ബാങ്ക് കാഞ്ഞങ്ങാട് ശാഖയിലെ അപ്രൈസറും കൊവ്വല്‍പള്ളി സ്വദേശിയുമായ കെ.സി സാബു തട്ടിപ്പു നടത്തി പണവുമായി മുങ്ങിയതെന്നാണ് പരാതി.
ഇയാള്‍ക്കെതിരേ ബാങ്ക് അധികൃതര്‍ പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. അഞ്ചു വര്‍ഷമായി യൂനിയന്‍ ബാങ്ക് കാഞ്ഞങ്ങാട് ശാഖയില്‍ അപ്രൈസറായി ജോലി ചെയ്തു വരുകയായിരുന്നു ഇയാള്‍.
ഇത്തരത്തില്‍ പതിനഞ്ചോളം പേര് ഇയാളുടെ ചതിയില്‍ കുടുങ്ങിയതായി വ്യക്തമായിട്ടുണ്ട്. മറ്റു ചിലരുടെ സഹായത്തോടെയാണ് അപ്രൈസര്‍ ഈ രീതിയില്‍ തട്ടിപ്പു നടത്തി വന്നിരുന്നത്.
സംഘം ബാങ്കില്‍ കൊണ്ടുവരുന്ന മുക്കുപണ്ടം പരിശോധിച്ച് യഥാര്‍ഥ സ്വര്‍ണമാണെന്നു സാബു ബാങ്ക് അധികൃതരെ വിശ്വസിപ്പിക്കുകയും ഇതു വഴി ലക്ഷങ്ങള്‍ തട്ടിയെടുക്കുകയുമായിരുന്നു.
താന്‍ ജോലി ചെയ്യുന്ന ബാങ്കില്‍ തനിക്കു സ്വര്‍ണം പണയം വെക്കാന്‍ സാധിക്കില്ലെന്നു പറഞ്ഞാണു മറ്റുള്ളവരെ മുക്കുപണ്ടം നല്കി ചതിയില്പെടുത്തിയതെന്നും പറയുന്നു.
കഴിഞ്ഞ ദിവസം സാബു മുങ്ങിയതോടെയാണു തട്ടിപ്പു പുറത്തുവന്നത്.
ഇയാള്‍ മുങ്ങിയതോടെ പണയപ്പെടുത്തിയ സ്വര്‍ണങ്ങള്‍ ബാങ്ക് അധികൃതര്പരിശോധിക്കുകയായിരുന്നു.
ഇതേ തുടര്‍ന്ന് ബാങ്ക് മാനേജര്‍ ഹൊസ്ദുര്ഗപൊലിസില് പരാതി നല്‍കുകയായിരുന്നു.
സംഭവത്തില്‍ കേസെടുത്ത ഹൊസ്ദുര്‍ഗ് പൊലിസ് ഇയാള്‍ക്ക് വേണ്ടി അന്വേഷണം നടത്തി വരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."