ചട്ടം ലംഘിച്ചു വികസന പ്രവര്‍ത്തനം; നഗരസഭാ യോഗത്തില്‍ പ്രതിഷേധം
കാഞ്ഞങ്ങാട്: ചട്ടം ലംഘിച്ചു നഗരത്തിലെ മത്സ്യമാര്‍ക്കറ്റിലും ബസ് സ്റ്റാന്‍ഡിലെ പൊലിസ് എയ്ഡ് പോസ്റ്റിലും വികസന പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ചു നഗരസഭാ യോഗത്തില്‍ പ്രതിപക്ഷം പ്രതിഷേധിച്ചു. മത്സ്യ മാര്‍ക്കറ്റ്, പൊലിസ് എയ്ഡ് പോസ്റ്റ് മുറി വിഭജിച്ച് സ്ഥാപിച്ച അമ്മമാര്‍ക്കുള്ള മുലയൂട്ടല്‍ കേന്ദ്രവും ഉദ്ഘാടനം ചെയ്തിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടാണ് ഇതിന്റെ ടെണ്ടര്‍ നടപടിക്കുള്ള അനുമതി തേടുന്നതിനു കൗണ്‍സില്‍ മുമ്പാകെ അജണ്ട എത്തിയത്. 13 ലക്ഷത്തോളം ചെലവ് വരുന്ന പ്രവര്‍ത്തികളാണ് ടെണ്ടര്‍ നടപടികളൊന്നുമില്ലാതെ നഗരസഭയില്‍ നടത്തിയത്.
ഇന്നലെ ചേര്‍ന്ന ഭരണ സമിതിയോഗത്തില്‍ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ഇതിനെ ഒന്നടക്കം ചോദ്യം ചെയ്തു. ഇതേ തുടര്‍ന്നു പദ്ധതി നിര്‍വഹണത്തില്‍ അപാകതകളുണ്ടായിട്ടുണ്ടെന്ന് ചെയര്‍മാന്‍ സമ്മതിച്ചുവെങ്കിലും പ്രതിപക്ഷ കൗണ്‍സലര്‍മാര്‍ അതുമുഖവിലക്കെടുത്തില്ല. വിയോജന കുറിപ്പോടു കൂടി നവീകരണ പ്രവൃത്തി കൗണ്‍സില്‍ പാസാക്കുകയായിരുന്നു. ഈ രണ്ടു പ്രവര്‍ത്തികളില്‍ മാത്രമല്ല മറ്റു പല പ്രവര്‍ത്തികളിലും ചെയര്‍മാന്‍ ചട്ടങ്ങളും നിയമങ്ങളും ലംഘിച്ചാണു കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടു പോകുന്നതെന്നും പ്രതിപക്ഷം യോഗത്തില്‍ ആരോപിച്ചു. അതേസമയം, കൂട്ടായ്മയിലൂടെയുള്ള വികസനമാണു കാഞ്ഞങ്ങാടിന് ആവശ്യമെന്നു ചെയര്‍മാന്‍ വി.വി രമേശന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."