കൊല്ലംകൊല്ലി ക്വാറി: ജീവിക്കാന്‍ അനുവദിക്കണമെന്ന് നാട്ടുകാര്‍; വിഴുപ്പലക്കി രാഷ്ട്രീയ പാര്‍ട്ടികള്‍
അരീക്കോട്: ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ ചെക്കുന്ന് മലയില്‍ വിനോദസഞ്ചാര കേന്ദ്രമായ കൊല്ലംകൊല്ലി വെള്ളച്ചാട്ടത്തിനു സമീപം പുതിയ ക്വാറി തുടങ്ങുന്നതുമായി ബന്ധപ്പെട്ട് ഇരുമുന്നണികളും തമ്മില്‍ ഉടലെടുത്ത വിഴുപ്പലക്കല്‍ തുടരുന്നു. നിലവില്‍ പഞ്ചായത്തില്‍ ഭരണംകൈയാളുന്ന എല്‍.ഡി.എഫും കഴിഞ്ഞതവണ പഞ്ചായത്ത് ഭരിച്ചിരുന്ന മുസ്‌ലിംലീഗും കോണ്‍ഗ്രസും വാര്‍ത്താസമ്മേളനങ്ങള്‍ വിളിച്ചുചേര്‍ത്തു സ്വന്തം ഭാഗം വിശദീകരിച്ച് ജനവികാരത്തിനൊപ്പം നില്‍ക്കാനുള്ള ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.
കഴിഞ്ഞ ഭരണകാലത്ത് ക്വാറിക്ക് അനുമതി ലഭിക്കാവുന്ന തരത്തില്‍ യു.ഡി.എഫ് കരുക്കള്‍ നീക്കിയെന്നും ക്വാറിക്കനുകൂലമായി ഹൈക്കോടതി വിധി എത്തിക്കുന്നതില്‍ യു.ഡി.എഫ് നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ടെന്നുമാണ് പഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ ഷൗക്കത്തലി അടക്കമുള്ളവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. എന്നാല്‍, ഇടതുഭരണസമിതിയിലെ പ്രസിഡന്റടക്കമുള്ളവര്‍ക്കു പുതുതായി തുടങ്ങുന്ന ക്വാറിയില്‍ ഓഹരിയുണ്ടെന്ന ആരോപണമാണ് കോണ്‍ഗ്രസ് കമ്മിറ്റിക്കുള്ളത്. ക്വാറിക്ക് ലൈസന്‍സ് നല്‍കാതിരുന്നാല്‍ സി.പി.ഐ അംഗത്തെ കൂട്ടുപിടിച്ച് ഭരണസമിതിയെ മറിച്ചിടുമെന്ന എല്‍.ഡി.എഫ് സ്വതന്ത്ര അംഗത്തിന്റെ ഭീഷണിയുള്ളതിനാലാണു ലൈസന്‍സ് നല്‍കിയതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് കാലത്ത് പുറത്തുവിട്ട പ്രകടനപത്രികയില്‍ പറഞ്ഞ കാര്യങ്ങള്‍ ലംഘിച്ച് സാമ്പത്തികനേട്ടം കൊയ്ത ഭരണസമിതി രാജിവയ്ക്കണമെന്നും ക്വാറിക്കെതിരേ ശക്തമായ സമരം സംഘടിപ്പിക്കുമെന്നും പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റിയും മാധ്യമങ്ങളെ അറിയിച്ചിരുന്നു.
ഇതിനു പുറമേ ഏറനാട് മണ്ഡലം പരിസ്ഥിതികൂട്ടായ്മയും പത്രക്കുറിപ്പ് ഇറക്കിയെങ്കിലും ജനപക്ഷത്തുനിന്നു പരിഹാര മാര്‍ഗങ്ങളെകുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഇതുവരെ ആരും തയാറായിട്ടില്ല. ഇരുപതോളം ക്വാറി, ക്രഷര്‍ യൂനിറ്റുകള്‍ പ്രവര്‍ത്തിക്കുന്ന പഞ്ചായത്തില്‍ കൊല്ലംകൊല്ലി പോലൊരു പരിസ്ഥിതി സൗഹൃദപ്രദേശത്ത് പുതിയ ക്വാറികൂടി നിലവില്‍ വന്നാല്‍ പ്രദേശത്തെ കുടിവെള്ള പ്രശ്‌നവും രൂക്ഷമാകും. കൊല്ലംകൊല്ലി വെള്ളച്ചാട്ടത്തിന് സമീപം 300 മീറ്റര്‍ താഴെയായി നിലകൊള്ളുന്ന മൂന്നു തടയണകളെയും പുതിയ ക്വാറി കാര്യമായി ബാധിക്കും. ഹൈക്കോടതി വിധിക്കെതിരേ അപ്പീല്‍പോകാന്‍ സാമ്പത്തികം തടസമാണെന്ന വാദം പഞ്ചായത്ത് ആവര്‍ത്തിച്ചതോടെ ഇരകള്‍ തീര്‍ത്തും നിസഹായരാകുകയാണ്. ഹൈക്കോടതി വിധിക്കെതിരേ സ്റ്റേ ഓര്‍ഡര്‍ സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ് ചെക്കുന്ന് മല സംരക്ഷണസമിതിയുള്ളത്. രാഷ്ട്രീയ പാര്‍ട്ടികളുടെ കൂടെയുള്ള സഹവാസം അവസാനിപ്പിച്ച് നിയമപോരാട്ടം നടത്താനുള്ള പ്രദേശവാസികളുടെ നീക്കങ്ങളില്‍ ഇരുമുന്നണികളും അസ്വസ്ഥരാവുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."