പശ്ചിമഘട്ട സംരക്ഷണം: വയനാട് ചുരം ചവിട്ടിക്കയറി സഞ്ചാരികള്‍
കോഴിക്കോട്: പശ്ചിമഘട്ട സംരക്ഷണ സന്ദേശമുയര്‍ത്തി കൊച്ചിയില്‍ നിന്നുമെത്തിയ സൈക്കിള്‍ സഞ്ചാരികള്‍ വയനാട് ചുരം ചവിട്ടിക്കയറി. കൊച്ചി പറവൂരില്‍ നിന്നാരംഭിച്ച യാത്ര കോഴിക്കോട് വഴി വയനാട് ലക്കിടിയിലാണ് സമാപിച്ചത്. പറവൂര്‍ ബൈക്കേഴ്‌സ് ക്ലബും സഞ്ചാരി ഫേസ്ബുക്ക് കൂട്ടായ്മയും ഗിയര്‍ ജങ്ഷനും ചേര്‍ന്നു നടത്തിയ സൈക്കിള്‍ സവാരിയില്‍ പ്രത്യേകം ജഴ്‌സിയണിഞ്ഞ അറുപതുപേര്‍ പങ്കെടുത്തു. കോഴിക്കോട് നിന്ന് ടീം മലബാര്‍ സൈക്കിള്‍ റൈഡേഴ്‌സും സവാരിയില്‍ പങ്കെടുത്തിരുന്നു. പശ്ചിമഘട്ട സംരക്ഷണത്തിന്റെ പ്രാധാന്യം വിളിച്ചറിയിച്ച് നടത്തിയ യാത്രക്ക് വഴിനീളെ ഉജ്വല സ്വീകരണമാണ് ലഭിച്ചത്.
അനിയന്ത്രിതമായ പ്രകൃതി ചൂഷണം കാലാവസ്ഥയെ പോലും തകിടംമറിക്കുന്ന അവസ്ഥയില്‍ നിന്ന് മാറ്റിയെടുക്കാനുള്ള ബോധവല്‍ക്കരണം ഉദ്ദേശിച്ചാണ് ഇത്തരത്തിലൊരു യാത്രയുമായി രംഗത്തെത്തിയതെന്ന് സംഘാടകര്‍ പറഞ്ഞു. സൈക്കിള്‍ സഞ്ചാരികള്‍ക്ക് വ്യൂപോയിന്റില്‍ സഞ്ചാരി കോഴിക്കോട് യൂനിറ്റിന്റെ നേതൃത്വത്തില്‍ സ്വീകരണം ഒരുക്കിയിരുന്നു. പരിസ്ഥിതി പ്രവര്‍ത്തകന്‍ ഹമീദലി വാഴക്കാട്, സൈക്കിള്‍ സഞ്ചാരി പ്രതിനിധി ഉല്ലാസ് ഉത്തമന്‍, കോഡിനേറ്റര്‍ സുനീഷ് കടലുണ്ടി, മുനീര്‍ ഹുസൈന്‍ സംസാരിച്ചു.
വന സംരക്ഷണത്തിന്റെ പ്രാധാന്യം സഞ്ചാരികളെ അറിയിക്കുന്നതിനായി സഞ്ചാരി ഫേസ്ബുക്ക് കൂട്ടായമയുടെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന 'കാനനപാതയില്‍ കല്ലെറിയല്ലെ' കാംപയിനും ഇതിന്റെ ഭാഗായി നടക്കുന്നുണ്ട്. പരിപാടിയുടെ ആദ്യഘട്ടത്തിന്റെ സമാപനവും ഇതോടനുബന്ധിച്ചു നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."