വണ്ടൂര്‍ - മഞ്ചേരി റോഡിലെ കൈയേറ്റം: ഭാഗികമായി ഒഴിപ്പിക്കാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു
വണ്ടൂര്‍: മഞ്ചേരി റോഡിലെ പഞ്ചായത്ത് കെട്ടിടത്തിലെ കൈയേറ്റം ഭാഗികമായി ഒഴിപ്പിക്കാനുള്ള പി.ഡബ്ലിയു.ഡി ശ്രമം നാട്ടുകാര്‍ തടഞ്ഞു. കൈയേറ്റം പൂര്‍ണമായും നീക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഇന്നലെ വൈകീട്ട് ആറോടെയാണ് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ റോഡിലേക്ക് ഇറക്കിയ കുറച്ചുഭാഗം പൊളിക്കാന്‍ അധികൃതരെത്തിയത്.
മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് പൊളിക്കാന്‍ തുടങ്ങിയതോടെ കൈയേറ്റം പൂര്‍ണമായും ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ രംഗത്തെത്തുകയായിരുന്നു. താലൂക്ക് സര്‍വേ തീരുമാനപ്രകാരം പഞ്ചായത്ത് നല്കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് പൊളിക്കാന്‍ എത്തിയതെന്ന് പി.ഡബ്ലിയു.ഡി എ.ഇ പി. ശ്രീരാജും, ഓവര്‍സിയര്‍ എന്‍.കെ.സദാനന്ദനും അറിയിച്ചു. എന്നാല്‍ പ്രവര്‍ത്തി മുടങ്ങി അരമണിക്കൂറിലധികം കാത്തുനിന്നിട്ടും പഞ്ചായത്ത് ഭാരവാഹികളൊന്നും എത്തിയില്ലെന്നും അടുത്ത ദിവസം തുടര്‍ നടപടികളുണ്ടാവുമെന്നും അധികൃതര്‍ പറഞ്ഞു.പ്രദേശത്ത് പഞ്ചായത്ത് കെട്ടിടത്തിന്റെ മുന്‍ഭാഗത്ത് രണ്ട് മീറ്ററോളം ഭാഗം റോഡിലേക്കിറക്കിയിട്ടുണ്ടെന്നാണ് നാട്ടുകാരുടെ പരാതി. അഴുക്കുചാലിന്റെ സ്ലാബുകള്‍ തകര്‍ന്ന് അപകടാവസ്ഥയിലായിട്ടും വര്‍ഷങ്ങളായി. ഇതിനിടക്ക് താല്‍ക്കാലിക പ്രവൃത്തികള്‍ നടത്തി മുഖം രക്ഷിക്കാനുള്ള ശ്രമം അനുവദിക്കില്ലെന്നും നാട്ടുകാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."