ആഫ്രിക്കയിലേക്കു പറക്കുന്നതിനിടെ അമൂര്‍ ഫാല്‍ക്കണുകള്‍ ആദ്യമായി കേരളത്തിലിറങ്ങി
തിരൂര്‍: ചരിത്രത്തില്‍ ആദ്യമായി അമൂര്‍ ഫാല്‍ക്കണുകള്‍ ദീര്‍ഘദൂര ദേശാടനത്തിനിടെ കേരളത്തില്‍ ഇറങ്ങി. സംസ്ഥാനത്തിന്റെ വൃന്ദാവനമായ മലമ്പുഴയിലാണ് ഒരുകൂട്ടം അമൂര്‍ ഫാല്‍ക്കണുകളെത്തിയത്. പ്രശസ്ത ഫാല്‍ക്കണ്‍ ഗവേഷകനും കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍ ജന്തുശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. സുബൈര്‍ മേടമ്മലും സംഘവുമാണ് അമൂര്‍ ഫാല്‍ക്കണുകളെ കഴിഞ്ഞ ദിവസം കണ്ടെത്തിയത്.
മലമ്പുഴ ഉദ്യാനത്തില്‍നിന്ന് അഞ്ച് കിലോമീറ്ററോളം അകലെ അകത്താത്തറ പഞ്ചായത്തില്‍ കാവാ എന്ന സ്ഥലത്താണ് അമൂര്‍ ഫാല്‍ക്കണുകളെ കണ്ടെത്തിയത്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ദൂരം ദേശാടനം നടത്തുന്ന പക്ഷികളില്‍ പ്രമുഖരാണ് അമൂര്‍ ഫാല്‍ക്കണുകള്‍. വടക്കുകിഴക്കന്‍ സൈബീരിയ, മംഗോളിയ, വടക്കന്‍ ചൈന ഭാഗങ്ങളില്‍നിന്നു പുറപ്പെട്ടു 22,000 കിലോമീറ്റിര്‍ താണ്ടി ലോകത്തിന്റെ മറ്റേ അറ്റത്തുള്ള തെക്കെ ആഫ്രിക്കയിലേക്കുള്ള യാത്രക്കിടെയായിരുന്നു ഇവ കേരള ഭൂമിയില്‍ കാലുകുത്തിയത്. ഈ സഞ്ചാരത്തിനിടെ ഒക്‌ടോബര്‍-നവംബര്‍ മാസങ്ങളില്‍ മൂന്നാഴ്ചക്കാലം ഇവ നാഗാലന്റിലെ വോഖ ജില്ലയിലെ പാങ്തി വില്ലേജില്‍ ചേക്കേറുന്ന അമൂര്‍ ഫാല്‍ക്കണുകള്‍ ഇത്തവണ പതിവില്‍നിന്നു മാറി മലമ്പുഴ അണക്കെട്ട് ഇടത്താവളമാക്കുകയായിരുന്നു.
മൂന്നു വര്‍ഷമായി പക്ഷിവേട്ട കര്‍ശനമായി നിരോധിച്ചതു കാരണം നാഗാലാന്റില്‍വച്ചു ലക്ഷത്തിലധികം പക്ഷികളെ വര്‍ഷംതോറും വേട്ടയാടിയിരുന്നതു നിയന്ത്രിക്കാനും അമൂര്‍ ഫാല്‍ക്കണുകളെ വംശനാശഭീഷണിയില്‍ നിന്ന് രക്ഷിക്കാനും കഴിഞ്ഞിട്ടുണ്ടെന്ന് ഡോ. സുബൈര്‍ മേടമ്മല്‍ പറഞ്ഞു. ലോകപര്യടത്തിനിടെ യഥാര്‍ത്ഥ ചിത്രം ലഭിക്കാന്‍ മൂന്നു പക്ഷികളുടെ കാലില്‍ ഉപഗ്രഹസംവിധാനമുപയോഗിച്ച് സ്ഥാനം നിര്‍ണയിക്കാവുന്ന ഇലക്‌ട്രോണിക് മോതിരം 2013ല്‍ ഗവേഷകര്‍ ഘടിപ്പിച്ചിരുന്നു. ഇവ നാഗാലാന്റില്‍നിന്ന് ആസാമിലേക്കും അവിടെനിന്ന് ബംഗ്ലാദേശിലേക്കും പിന്നെ ബംഗാള്‍ ഉള്‍ക്കടലിലൂടെ സഞ്ചരിച്ച് തെക്കെ ഇന്ത്യ പിന്നിട്ട് അറബിക്കടല്‍ താണ്ടി തെക്കേ ആഫ്രിക്കയില്‍ എത്തിയതായും ഉപഗ്രഹസംവിധാനമുപയോഗിച്ച് നേരത്തെ സ്ഥിരീകരിച്ചിരുന്നു.
2014ല്‍ ലക്ഷക്കണക്കിന് ഫാല്‍ക്കണുകളെക്കുറിച്ച് സര്‍വേ നടത്താന്‍ നാഗാലാന്റ് വനം പരിസ്ഥിതി മന്ത്രി ഡോ. നിക്കി കിരെയുടെ ക്ഷണപ്രകാരം ഡോ. സുബൈര്‍ മേടമ്മല്‍ പോയിരുന്നു. പക്ഷി നിരീക്ഷകരായ പി. അനില്‍കുമാറും കെ. ശിവദാസനുമാണ് അമൂര്‍ ഫാല്‍ക്കണുകളുടെ ചിത്രങ്ങള്‍ കാമറയില്‍ പകര്‍ത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."