മനുഷ്യാവകാശ കമ്മിഷന്‍ സര്‍ക്കാരിനോട് വിശദീകരണം തേടി
തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ ജോലി സമയത്ത് വീട്ടില്‍ സ്വകാര്യ പ്രാക്ടീസ് നടത്തുന്നതിനെകുറിച്ച് അന്വേഷിച്ച് വിശദീകരണം നല്‍കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവ്.
ചീഫ് സെക്രട്ടറിയും ആരോഗ്യവകുപ്പ് സെക്രട്ടറിയും അടുത്ത മാസം തിരുവനന്തപുരത്ത് നടക്കുന്ന സിറ്റിങ്ങില്‍ വിശദീകരണം സമര്‍പ്പിക്കണമെന്ന് ആക്റ്റിങ് ചെയര്‍പേഴ്‌സണ്‍ പി. മോഹനദാസ് സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസില്‍ ആവശ്യപ്പെട്ടു. നിയമപ്രകാരം സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് നിരോധിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഖജനാവിലെ പണം ഉപയോഗിച്ചാണ് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ പഠനം പൂര്‍ത്തിയാക്കുന്നത്. ഗ്രാമീണ മേഖലയിലെ സേവനം ഡോക്ടര്‍മാരെ സംബന്ധിച്ചിടത്തോളം നിര്‍ബന്ധമാണ്.
എന്നാല്‍ ഡോക്ടര്‍മാര്‍ ഡ്യൂട്ടി സമയത്തുപോലും ആശുപത്രിയില്‍ ചെലവഴിക്കാതെ സ്വകാര്യ പ്രാക്ടീസ് നടത്തി പണം സമ്പാദിക്കുന്നതായി കമ്മിഷന്‍ നടപടിക്രമത്തില്‍ പറഞ്ഞു. ഇത്തരം ക്രൂരതകള്‍ക്ക് നേരെ ഉത്തരവാദപ്പെട്ട ആര്‍ക്കും കണ്ണടച്ചിരിക്കാനാവില്ലെന്നും കമ്മിഷന്‍ നിരീക്ഷിച്ചു.
ജീവിക്കാനുള്ള അവകാശം ഭരണഘടന വാഗ്ദാനം ചെയ്യുമ്പോള്‍ പാവപ്പെട്ടവര്‍ക്കും ആദിവാസികള്‍ക്കും പണമില്ലാത്തതിന്റെ പേരില്‍ സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്ന സൗജന്യ ചികിത്സ പോലും നിഷേധിക്കുകയാണെന്നും കമ്മിഷന്‍ ചൂണ്ടിക്കാണിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."