റാഗിങ് നിരോധനം: പ്രിന്‍സിപ്പല്‍മാരോട് വിദ്യാഭ്യാസമന്ത്രി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു
തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ റാഗിങ് തടയുന്നതിന് നടപടി സ്വീകരിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് ഉന്നത വിദ്യാഭ്യാസ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. റാഗിങിനെതിരേ വ്യക്തവും കര്‍ശനവുമായ നിയമങ്ങളുണ്ടായിട്ടും ചില കലാലയങ്ങളില്‍ റാഗിങിന്റെ പേരില്‍ വിദ്യാര്‍ഥികള്‍ ശാരീരികവും മാനസികവുമായ പീഡനത്തിനു വിധേയമാക്കപ്പെടുന്ന ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ ഇടയ്ക്കിടെ ആവര്‍ത്തിക്കപ്പെടുകയാണ്. ഈ സാഹചര്യത്തില്‍ റാഗിങ് തടയുന്നതിനു ചുമതലപ്പെട്ട സ്ഥാപനാധികാരികള്‍ അവരുടെ ഉത്തരവാദിത്തം നിറവേറ്റുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിനാണ് റിപ്പോര്‍ട്ട് തേടിയിട്ടുള്ളത്. വീഴ്ച വരുത്തിയിട്ടുള്ള കലാലയ മേധാവികള്‍ക്കെതിരേ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കും. ഇതിന്റെ ഭാഗമായാണ് കലാലയങ്ങളില്‍ സ്വീകരിച്ചിട്ടുള്ള റാഗിങ് വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രി വകുപ്പ് മേധാവിയോട് ആവശ്യപ്പെട്ടത്. സംസ്ഥാനത്തെ മുഴുവന്‍ കലാലയങ്ങളും റാഗിങ് തടയുന്നതിന് സ്വീകരിച്ചിട്ടുള്ള നിയമാനുസൃത നടപടികളും ലഭിച്ച പരാതികളില്‍ സ്വീകരിച്ചിട്ടുള്ള നടപടികളും വിശദാംശങ്ങളുമാണ് സര്‍ക്കാരിന് സമര്‍പ്പിക്കേണ്ടത്. റാഗിങിനു നേതൃത്വം നല്‍കുന്നവര്‍ കര്‍ശനമായ ശിക്ഷാ നടപടികള്‍ക്കു വിധേയരാക്കപ്പെടുന്നുണ്ടെന്നു ഉറപ്പുവരുത്താന്‍ കൂടിയാണ് നടപടി.
രക്ഷാകര്‍തൃ സമിതികള്‍ വിളിച്ച് ആവശ്യമായ മുന്‍കരുതല്‍ സംവിധാനങ്ങള്‍ ആവിഷ്‌കരിച്ചു നടപ്പാക്കുന്നത് അടക്കമുള്ള മുഴുവന്‍ കാര്യങ്ങളും റിപ്പോര്‍ട്ടിലുണ്ടാവണം. വിദ്യാര്‍ഥികള്‍ക്കിടയില്‍ റാഗിങ്ങിനെതിരേ ബോധവല്‍ക്കരണം നടത്തുന്നതിന് സ്വീകരിച്ച നടപടികളും വിശദീകരിക്കണം. കലാലയങ്ങള്‍ ഇതുവരെ സ്വീകരിച്ചിട്ടുള്ളതും നടപ്പാക്കിയതുമായ റാഗിങ് വിരുദ്ധ നടപടികളുടെ വിശദ റിപ്പോര്‍ട്ടാണ് ഓരോ കലാലയവും സമര്‍പ്പിക്കേണ്ടത്. പ്രൊഫഷണണ്‍ കോളജുകള്‍ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രിന്‍സിപ്പല്‍മാരോടുമാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."