കേരളത്തിലെ പൊലിസ് അത്ര ഭീകരരല്ല: മന്ത്രി സുനില്‍കുമാര്‍
തിരുവനന്തപുരം: സര്‍ക്കാരിന് യോജിക്കാത്ത നയം നടപ്പാക്കുന്ന പൊലിസുകാര്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാവുമെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍. ഇപ്പോഴുണ്ടായ വിവാദത്തില്‍ മുഖ്യമന്ത്രി ഇടപെടുകയും നിലപാട് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. കേരളത്തില്‍ പൊലിസ് ഭീകരതയുണ്ടെന്ന് ചിത്രീകരിക്കുന്നത് ശരിയല്ല. മറ്റു സംസ്ഥാനങ്ങളിലേതുപോലെ കേരളത്തിലെ പൊലിസ് അത്ര ഭീകരരല്ലെന്നും സുനില്‍കുമാര്‍ വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് റിക്രൂട്ട് ചെയ്ത പൊലിസാണ് ഇപ്പോഴുമുള്ളത്. പൊലിസ് എന്തുചെയ്യണമെന്ന് ബി.ജെ.പിയല്ല തീരുമാനിക്കുന്നതെന്നും സുനില്‍കുമാര്‍ അഭിപ്രായപ്പെട്ടു.
പൊലിസ് നടപടിക്കെതിരായ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രസ്താവനയെക്കുറിച്ച് ചോദിച്ചപ്പോള്‍, കാനത്തിന്റെ പ്രസ്താവനയെ എതിര്‍പ്പായി വ്യാഖ്യാനിക്കരുതെന്നും അഭിപ്രായപ്രകടനം മാത്രമാണെന്നുമായിരുന്നു മന്ത്രിയുടെ മറുപടി.
എല്‍.ഡി.എഫിലെ ഒരുകക്ഷിയെന്ന നിലയില്‍ അഭിപ്രായം പറയേണ്ടത് പാര്‍ട്ടിയുടെ ഉത്തരവാദിത്തമാണ്. അല്ലാതെ എതിര്‍പ്പിന്റെ പേരിലല്ല. എല്‍.ഡി.എഫിനുള്ളില്‍ ഓരോ പാര്‍ട്ടിക്കും വ്യത്യസ്ത അഭിപ്രായം പറയാം. അല്ലാതെ എല്ലാം മൂടിവച്ച് ഭരണം മുന്നോട്ടുകൊണ്ടുപോവാന്‍ കഴിയില്ലെന്നും സുനില്‍കുമാര്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."