ജിഷവധക്കേസില്‍ സി.ബി.ഐ അന്വേഷണം: ഹരജി ഹൈക്കോടതി തള്ളി
കൊച്ചി: ജിഷ വധക്കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് കെ.വി പാപ്പു ഉള്‍പ്പെടെ സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളി.
ഈ ഘട്ടത്തില്‍ ജിഷ വധക്കേസില്‍ ഇടപെടേണ്ട കാര്യമില്ലെന്ന് നിരീക്ഷിച്ചാണ് ഹരജികള്‍ തള്ളിയത്. ഹരജിക്കാരന്‍ അന്വേഷണഘട്ടത്തില്‍ ഇതുസംബന്ധിച്ച് പരാതി ഉന്നയിച്ചില്ലെന്നു നിരീക്ഷിച്ച ഹൈക്കോടതി ജിഷയുടെ മരണസമയത്തെക്കുറിച്ച് കുറ്റപത്രത്തില്‍ അവ്യക്തതയുണ്ടെന്ന ആരോപണമടക്കമുള്ളവ വിചാരണക്കോടതിയില്‍ ഉന്നയിക്കാമെന്നും വിചാരണക്കോടതിയാണ് ഇക്കാര്യം തീരുമാനിക്കേണ്ടതെന്നും വ്യക്തമാക്കി.
കഴിഞ്ഞ ഏപ്രില്‍ 28നാണ് നിയമവിദ്യാര്‍ഥിനിയായിരുന്ന പെരുമ്പാവൂര്‍ സ്വദേശിനി ജിഷയെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഈ കേസില്‍ അസം സ്വദേശി അമീറുള്‍ പിന്നീട് അറസ്റ്റിലായി.
അമീര്‍ ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിച്ചപ്പോള്‍ ജിഷ എതിര്‍ത്തെന്നും തുടര്‍ന്ന് ഇയാള്‍ ജിഷയെ കൈയില്‍ കരുതിയ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തിയെന്നുമാണ് കുറ്റപത്രത്തില്‍ പറയുന്നത്.
മുന്‍പരിചയമില്ലാത്ത ജിഷയെ അമീര്‍ ലൈംഗികവേഴ്ച നടത്താന്‍ തിരഞ്ഞെടുത്തത് എന്തിനാണ് ? ലൈംഗികവേഴ്ചയ്ക്കു വന്ന അമീര്‍ എന്തിനാണ് കത്തി കൊണ്ടുവന്നത് എന്നിങ്ങനെയുള്ള നിരവധി ചോദ്യങ്ങള്‍ക്ക് കുറ്റപത്രത്തില്‍ മറുപടിയില്ലെന്നായിരുന്നു പാപ്പുവിന്റെ ഹര്‍ജിയിലെ വാദം.
കുറ്റപത്രത്തില്‍ ജിഷയുടെ മരണസമയം രേഖപ്പെടുത്തിയിരിക്കുന്നത് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ വസ്തുതകളുടെ അടിസ്ഥാനത്തില്‍ പരിശോധിച്ചാല്‍ തെറ്റാണെന്ന് കണ്ടെത്താനാവുമെന്നും ഇതു പ്രതി രക്ഷപ്പെടാന്‍ വഴിയൊരുക്കുമെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാല്‍ ഇത്തരം ആരോപണങ്ങള്‍ ഇപ്പോള്‍ പരിഗണിക്കേണ്ടതില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി ഹരജി തള്ളിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."