കര്‍ഷകര്‍ക്ക് സര്‍ക്കാരിന്റെ ഹരിതകാര്‍ഡ് പദ്ധതി
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ കര്‍ഷകര്‍ക്കും പുതുവര്‍ഷസമ്മാനമായി കൃഷി വകുപ്പ് ഹരിതകാര്‍ഡ് നല്‍കും. കേന്ദ്രത്തിന്റെ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് മോഡലിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
കേരള ഗ്രാമീണ്‍ ബാങ്കിന്റെ സഹായത്തോടെയാണ് ഹരിതകാര്‍ഡ് നടപ്പിലാക്കുന്നത്. കര്‍ഷകര്‍ക്ക് പലിശ രഹിത വായ്പ എടുക്കാനും നാലുശതമാനം പലിശ ഈടാക്കിയും ഹരിതകാര്‍ഡ് ലഭിച്ചവര്‍ക്ക് വായ്പ ലഭ്യമാകും. ഹരിതകാര്‍ഡുള്ളവര്‍ക്ക് ആദായ നികുതി വകുപ്പിന്റെ കര്‍ഷകര്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള എല്ലാ ഇളവുകളും ലഭിയ്ക്കും.
ഹരിതകാര്‍ഡിന്റെ ആദ്യഘട്ടം കേരള ഗ്രാമീണ്‍ ബാങ്ക് വഴി ഇടുക്കി ജില്ലയിലെ കാന്തല്ലൂര്‍, വട്ടവട പഞ്ചായത്തുകളിലെ ശീതകാല പച്ചക്കറി കര്‍ഷകര്‍ക്ക് നല്‍കും. ഇവിടെ ബാങ്കുകളില്ല എന്ന പരാതിയെത്തുടര്‍ന്ന് ഈ മാസം കേരള ഗ്രാമീണ്‍ ബാങ്കിന്റെ ശാഖ തുറക്കാനും തീരുമാനമായി.
ഹരിതകാര്‍ഡ് കേരളത്തിലെ കര്‍ഷകര്‍ക്ക് ലഭിക്കുന്നതോടെ സഹകരണ ബാങ്കുകള്‍ വഴി പലിശ രഹിത വായ്പ നല്‍കാനുള്ള സംവിധാനവും സര്‍ക്കാര്‍ ഒരുക്കും. 2012ല്‍ കാന്തല്ലൂര്‍, വട്ടവട പഞ്ചായത്തുകളില്‍ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വിതരണം നടത്താന്‍ കര്‍ഷകരില്‍നിന്ന് അപേക്ഷ ക്ഷണിച്ചിരുന്നു.
2073 അപേക്ഷ കാന്തല്ലൂരില്‍ ലഭിച്ചെങ്കിലും അപേക്ഷകളിലെ ന്യൂനതകളും ആധാര്‍ കാര്‍ഡുമായി ലിങ്കുചെയ്യാന്‍ കഴിയാത്തതിനാലും കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ വിതരണം നടക്കാതെപോവുകയായിരുന്നു. കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ കഴിഞ്ഞയാഴ്ച കാന്തല്ലൂര്‍ സന്ദര്‍ശിച്ചതോടെയാണ് ഹരിതകാര്‍ഡ് നല്‍കാനുള്ള നടപടി കൃഷിവകുപ്പ് ഊര്‍ജിതമാക്കിയത്. കാന്തല്ലൂരില്‍ ഇതുവരെ 1200 അപേക്ഷയില്‍ പരിശോധന പൂര്‍ത്തീകരിച്ചിട്ടുണ്ട്. എല്ലാവര്‍ക്കും ഈ മാസം തന്നെ ഹരിതകാര്‍ഡ് നല്‍കും. കൂടാതെ ഗ്രാമീണ്‍ ബാങ്കില്‍നിന്നു 15,000 രൂപ മുതല്‍ മൂന്നു ലക്ഷം രൂപ വരെ വായ്പയും ലഭ്യമാക്കും. മറ്റു ജില്ലകളിലെ എല്ലാ കര്‍ഷകര്‍ക്കുംഅടുത്ത വര്‍ഷത്തോടെ ഹരിത കാര്‍ഡ് നല്‍കുന്നത് സംബന്ധിച്ച നടപടി സ്വീകരിക്കാന്‍ കൃഷി വകുപ്പ് മന്ത്രി വി.എസ് സുനില്‍ കുമാര്‍ കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. കാന്തല്ലൂര്‍, വട്ടവട പഞ്ചായത്തുകളില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ളവരുടെ ചൂഷണം തടയാനാണ് ഗ്രാമീണ്‍ ബാങ്കുമായി സഹകരിച്ച് ഈ മാസം തന്നെ ഹരിത കാര്‍ഡ് പദ്ധതി നടപ്പിലാക്കുന്നത്.
വട്ടവട, കാന്തല്ലൂര്‍ മേഖലയില്‍ പച്ചക്കറി വ്യാപിപ്പിക്കുന്നതിനായി ഗ്രാന്റീസ് മരങ്ങള്‍ മുറിച്ചുമാറ്റും. ഈ മരങ്ങള്‍ മുറിച്ചുമാറ്റിയാല്‍ 8,000 ഹെക്ടറില്‍ കൃഷി ചെയ്യാന്‍ കഴിയും. കൂടാതെ എല്ലാ കൃഷി ഓഫിസുകളിലെയും മാര്‍ക്കറ്റിങ് മാനേജരോട് വട്ടവിട, കാന്തല്ലൂരില്‍നിന്ന് ഒരു ജില്ലയില്‍ ഒരു മെട്രിക് ടണ്‍ പച്ചക്കറികള്‍ വാങ്ങണമെന്നും കൃഷി മന്ത്രി വി.എസ് സുനില്‍കുമാര്‍ കര്‍ശനനിര്‍ദേശം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."