HOME
DETAILS

മദ്യവിമുക്ത ഭാരതത്തിലേക്ക് സുപ്രധാന ചുവടുവയ്പ്

  
backup
December 21 2016 | 19:12 PM

%e0%b4%ae%e0%b4%a6%e0%b5%8d%e0%b4%af%e0%b4%b5%e0%b4%bf%e0%b4%ae%e0%b5%81%e0%b4%95%e0%b5%8d%e0%b4%a4-%e0%b4%ad%e0%b4%be%e0%b4%b0%e0%b4%a4%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%87%e0%b4%95

ദേശീയ സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകളും വില്‍പനകേന്ദ്രങ്ങളും അടുത്ത ഏപ്രില്‍ ഒന്നു മുതല്‍ പ്രവര്‍ത്തിക്കുന്നതിന് സുപ്രിംകോടതി ഏര്‍പ്പെടുത്തിയ വിലക്ക് മദ്യവിമുക്ത ഭാരതത്തിലേക്കുള്ള ഒരു സുപ്രധാന ചുവടുവയ്പായി തന്നെ കണക്കാക്കാം. മദ്യ ഉപഭോഗത്തിന്റെ കടുത്ത പ്രത്യാഘാതങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന നാടിന് പുതിയൊരു ദിശാബോധം നല്‍കാന്‍ ഈ സുപ്രധാന വിധിയിലൂടെ സുപ്രിംകോടതിക്ക് കഴിഞ്ഞിരിക്കുന്നു.

മഹാഗുരുക്കന്‍മാരും പ്രവാചകന്മാരും ആചാര്യന്മാരുമെല്ലാം വളരെ കര്‍ശനമായി എതിര്‍ത്തിട്ടുള്ള ഒരു തിന്മയാണ് മദ്യത്തിന്റെ ഉപഭോഗം എന്ന് നമുക്ക് ചരിത്രം പരിശോധിച്ചാല്‍ മനസിലാക്കാന്‍ സാധിക്കും. മദ്യം ഉപയോഗിക്കുന്നതു മൂലം വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും സമൂഹത്തിനും ഉണ്ടാകുന്ന ആത്മീയവും ഭൗതികവുമായ നാശം മുന്നില്‍ കണ്ടാണ് അവര്‍ ഈ മുന്നറിയിപ്പ് നല്‍കിയത്. വിശുദ്ധ ഖുര്‍ആന്‍ മദ്യത്തെ പൂര്‍ണമായി തന്നെ വിലക്കിയിരിക്കുന്നു. വേദങ്ങളിലും ഉപനിഷത്തുകളിലും ബൈബിളിലുമെല്ലാം മദ്യോപഭോഗത്തിന്റെ ദോഷവശങ്ങള്‍ ചൂണ്ടിക്കാട്ടി അത് ഉപയോഗിക്കരുതെന്ന് നിഷ്‌കര്‍ഷിച്ചിരിക്കുന്നു. കേരളത്തില്‍ ജനിച്ച മഹാത്മാവായ ശ്രീനാരായണഗുരു മദ്യത്തെ എത്ര ശക്തമായിട്ടാണ് എതിര്‍ത്തത് എന്ന് നമുക്ക് എല്ലാവര്‍ക്കുമറിയാവുന്ന കാര്യമാണ്. ഇതൊക്കെയാണെങ്കിലും ഈ അടുത്തകാലത്ത് മദ്യത്തിലേക്കും ലഹരിവസ്തുക്കളുടെ ഉപഭോഗങ്ങളിലേക്കും പുതുതലമുറ കൂപ്പുകുത്തുന്ന കാഴ്ചയാണ് നമുക്ക് കാണാന്‍ കഴിയുന്നത്. ഈ വഴിപിഴച്ച പോക്കിന് തടയിട്ടേ മതിയാകൂ.

കണക്കുകള്‍ പരിശോധിച്ചാല്‍ രാജ്യത്ത് മദ്യ ഉപഭോഗത്തിന്റെ രൂക്ഷത ഏറ്റവുമധികം വര്‍ധിച്ച ഒരു സംസ്ഥാനമാണ് കേരളം എന്നു മനസിലാക്കാം. ആയിരക്കണക്കിന് കോടി രൂപയുടെ മദ്യമാണ് വര്‍ഷാവര്‍ഷം കേരളീയര്‍ കുടിച്ചുതീര്‍ക്കുന്നത്. ആഘോഷങ്ങളും മറ്റ് വിശേഷ അവസരങ്ങളും വരുമ്പോള്‍ ഉണ്ടാകുന്ന അമിതമായ മദ്യോപഭോഗം കേരളത്തിന്റെ മാത്രം പ്രത്യേകതയാണ്. ദേശീയ ആഘോഷങ്ങളായാലും മതപരമായ വിശേഷദിവസങ്ങളായാലും വിശിഷ്ട വ്യക്തികളുടെയും മറ്റും മരണത്തെ തുടര്‍ന്നുള്ള ദുഃഖാചരണമായാലും ഹര്‍ത്താലോ ബന്ദോ സമരങ്ങളോ ആയാല്‍ പോലും കേരളീയര്‍ക്ക് അതെല്ലാം അമിതമായി മദ്യപിച്ച് വീട്ടില്‍ വിശ്രമിക്കുന്നതിനുള്ള അവധി ദിവസങ്ങളായി മാറിയിരിക്കുന്നു. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ പോലും മദ്യത്തിന്റെയും ലഹരിവസ്തുക്കളുടെയും അടിമകളായി തീര്‍ന്നിരിക്കുന്നു. മുന്‍പ് അപരിചിതമായിരുന്ന സ്ത്രീകള്‍ക്കിടയിലുള്ള മദ്യപാനവും വര്‍ധിച്ചുവരുന്നു.

മദ്യത്തിന്റെ ഒഴുക്ക് ഒരുവശത്ത് നടക്കുമ്പോള്‍ മദ്യത്തിനെതിരേയുള്ള ആഹ്വാനങ്ങളും ഉയരുന്നുണ്ട്, പലപ്പോഴും അതെല്ലാം വനരോദനങ്ങളായി മാറുന്നുണ്ടെങ്കിലും. മദ്യനിരോധനവുമായി മുന്നോട്ടു വന്നത് ഒരുകാലത്ത് ഗാന്ധിയന്‍മാരായിരുന്നു. കേളപ്പജിയെയും എം.പി മന്മഥനെയും പോലുള്ള മഹാന്മാര്‍ നേതൃത്വം നല്‍കിയിരുന്ന മദ്യനിരോധന പ്രസ്ഥാനത്തിന് കേരളത്തില്‍ വലിയ മുന്നേറ്റം തന്നെ ഉണ്ടാക്കാന്‍ കഴിയുകയും ചെയ്തിരുന്നു. എന്നാല്‍, പിന്നീട് കാര്യങ്ങള്‍ താഴേയ്ക്കു പോയി. ഇക്കഴിഞ്ഞ കാല്‍നൂറ്റാണ്ട് മദ്യത്തിന്റെ ഉപഭോഗം വര്‍ധിച്ചതിന്റെയും മദ്യനിരോധന പ്രസ്ഥാനങ്ങളുടെ തളര്‍ച്ചയുടെയും കാലഘട്ടമാണ്. ഇവിടെ നിന്നുമാണ് മദ്യത്തിനെതിരേ പുതിയൊരു മുന്നേറ്റം നമുക്ക് തുടങ്ങാനുള്ളത്.

ഒറ്റയടിക്കുള്ള സമ്പൂര്‍ണമായ മദ്യനിരോധനത്തിന്റെ നിഷ്ഫലത പല പ്രമുഖരും ചൂണ്ടിക്കാട്ടിയിട്ടുള്ളതും അനുഭവങ്ങളിലൂടെ നമുക്ക് ബോധ്യപ്പെട്ടിട്ടുള്ളതുമാണ്. അതിനാല്‍ ഘട്ടംഘട്ടമായി മദ്യവിമുക്തിയിലേക്ക് നടന്നടുക്കുകയാണ് കൂടുതല്‍ പ്രായോഗികം. ഫലപ്രദമായ നിയമങ്ങള്‍ക്കൊപ്പം ബോധവത്കരണശ്രമങ്ങളും സജീവമാകണം. സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികളെ ബോധവത്കരിക്കുകയാണ് ആദ്യം വേണ്ടത്. ഇന്നത്തെ സാമൂഹിക -സാംസ്‌കാരിക സാഹചര്യങ്ങളില്‍ ബോധവത്കരണശ്രമങ്ങള്‍ എത്രമാത്രം ഫലപ്രദമാണെന്നതും ചിന്തിക്കേണ്ടതുണ്ട്. എന്നാല്‍, പുകവലിയെ ഫലപ്രദമായ രീതിയില്‍ പ്രതിരോധിക്കാന്‍ നമുക്ക് കഴിഞ്ഞു എന്നത് ഈ അവസരത്തില്‍ ഓര്‍ക്കേണ്ടതുണ്ട്. പത്ത് വര്‍ഷം മുമ്പുണ്ടായിരുന്ന പുകവലിക്കാരുടെ ശതമാനത്തില്‍നിന്ന് എത്രയോ താഴെയാണ് ഇന്നത്തെ പുകവലിക്കാരുടെ അംഗസംഖ്യ. ഇത് ഈ രംഗത്തുണ്ടായ ബോധവത്കരണത്തിന്റെ ഫലമാണെന്നതില്‍ തര്‍ക്കമില്ല. സമാനമായ ഒരു മുന്നേറ്റമാണ് നമുക്ക് മദ്യത്തിനും മറ്റ് ലഹരിവസ്തുക്കള്‍ക്കുമെതിരേ നടത്താനുള്ളത്.

മദ്യത്തിന്റെ ലഭ്യത ക്രമേണ കുറച്ചുകൊണ്ടുവരുന്നതിലാണ് സര്‍ക്കാരും അധികാരികളും ശ്രദ്ധിക്കേണ്ടത്. മദ്യത്തിന് അടിമകളായ രാവിലെ തന്നെ മദ്യം കഴിച്ചില്ലെങ്കില്‍ കൈകാലുകള്‍ വിറയ്ക്കുകയോ ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടാവുകയോ ചെയ്യുന്ന കടുത്ത മദ്യപാനികളുടെ അംഗസംഖ്യ തുലോം കുറവാണ്. മറ്റുള്ള മദ്യപാനികള്‍ മദ്യം കിട്ടിയാല്‍ മാത്രം കഴിക്കുന്നവരാണ്. മദ്യത്തിന്റെ ലഭ്യത കുറയുന്നതോടെ ഈ വിഭാഗത്തിന്റെ മദ്യപാനത്തിന് ഫലപ്രദമായി തടയിടാന്‍ കഴിയും. മദ്യത്തിന് അഡിക്റ്റ് ആയ ആദ്യത്തെ ചെറു ന്യൂനപക്ഷത്തെ ചികിത്സയിലൂടെയും മറ്റും നേര്‍വഴിക്ക് നയിക്കാന്‍ സര്‍ക്കാര്‍ തന്നെ മുന്‍ കൈയെടുക്കേണ്ടതുമുണ്ട്.

മദ്യത്തിന്റെ ഉപഭോഗം മൂലം ഏറ്റവുമധികം ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന വിഭാഗം സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന സ്ത്രീകളും കുട്ടികളുമാണ്. ഈ കുടുംബങ്ങളിലെ ദിവസജോലിക്കാരായ പുരുഷന്മാര്‍ അന്നന്നു ലഭിക്കുന്ന പണം മദ്യപിച്ച് നശിപ്പിക്കുന്നതുമൂലം നശിക്കുന്ന കുടുംബങ്ങളുടെ എണ്ണം ഏറെയാണ്. ഇതിനെതിരേ ഫലപ്രദമായ പ്രതിരോധത്തിന് സര്‍ക്കാരില്‍നിന്നു മാത്രമല്ല എല്ലാ വിഭാഗം ജനങ്ങളില്‍ നിന്നും പ്രായോഗികമായ നടപടികള്‍ ഉണ്ടാവണം. അതിലേക്കുള്ള നല്ലൊരു നീക്കമാണ് ഡിസംബര്‍ ഏഴിലെ സുപ്രിം കോടതി വിധിയിലൂടെ ഉണ്ടായിരിക്കുന്നത്. ഇവിടെ നിന്ന് സമ്പൂര്‍ണ മദ്യവിമുക്തമായ ഭാരതം എന്ന ഗാന്ധിജിയുടെ സ്വപ്നത്തിലേക്ക് മുന്നേറാന്‍ നമുക്ക് കഴിയട്ടെയെന്ന് പ്രാര്‍ഥിക്കാം.


(ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിങ് സെക്രട്ടറിയാണ് ലേഖകന്‍)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹേമ കമ്മിറ്റിയിലെ സർക്കാർ വെട്ടിയ ഭാ​ഗങ്ങൾ നാളെ വിവരാവകാശ കമ്മീഷന് കൈമാറാൻ നിർദേശം

Kerala
  •  5 days ago
No Image

കറന്റ് അഫയേഴ്സ്-06-12-2024

latest
  •  5 days ago
No Image

പീഡന കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി ഒമ്പത് വർഷത്തിന് ശേഷം പിടിയിൽ

Kerala
  •  5 days ago
No Image

ഭർതൃഗൃഹത്തിൽ നവവധുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലിസ്

Kerala
  •  5 days ago
No Image

തൃശൂരിൽ 14കാരിയ്ക്കുനേരെ ലൈംഗികാതിക്രമം; സംഗീതോപകരണ അധ്യാപകന് 25 വര്‍ഷം തടവും 4.5 ലക്ഷം പിഴയും

Kerala
  •  5 days ago
No Image

ഉത്തർപ്രദേശിൽ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് എട്ട് പേർ മരിച്ചു, 40 പേർക്ക് പരിക്ക്

National
  •  5 days ago
No Image

വൈദ്യുതി നിരക്ക് വര്‍ധനവ്; പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  5 days ago
No Image

മൊബൈൽ നമ്പർ ആധാറുമായി ലിങ്ക് ചെയ്തിരുന്നോ? ഓർമയില്ലേ; അറിയാൻ വഴിയുണ്ട്

Kerala
  •  5 days ago
No Image

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു

Kerala
  •  5 days ago
No Image

യുഎഇ; അബൂദബിയിലെ എയര്‍പോര്‍ട്ടിലേക്ക് ഇനി ഡ്രൈവറില്ലാ ഊബറില്‍ യാത്ര ചെയ്യാം

uae
  •  5 days ago