തുര്‍ക്കി: ഉര്‍ദുഗാന്‍-ഗുലന്‍ ഐക്യമാണഭികാമ്യം
സാമ്രാജ്യ ശക്തികളുടെ പതനങ്ങള്‍ക്ക് സാക്ഷ്യംവഹിച്ച ഭൂമിയാണ് തുര്‍ക്കിയുടേത്. പട്ടാള അട്ടിമറിയുടെയും ഭരണ അസ്ഥിരതയുടെയും മറിമായങ്ങളടങ്ങിയതാണ് രാജ്യത്തിന്റെ രാഷ്ട്രീയ ചരിത്രം. ഒരു നൂറ്റാണ്ടു മുന്‍പാണ് രാജ്യത്തെ ഒട്ടോമന്‍ ഭരണത്തിന് അന്ത്യംകുറിക്കപ്പെട്ടത്. തുടര്‍ന്ന്, രാഷ്ട്രപിതാവായി അറിയപ്പെടുന്ന അത്താതുര്‍ക്കിന്റെ നേതൃത്വത്തില്‍ നടന്ന ഭരണമാറ്റം മുതല്‍ പിന്നീട് മാറിമറിഞ്ഞ രാഷ്ട്രീയാന്തരീക്ഷമായിരുന്നു. ഏറ്റവുമൊടുവില്‍ കഴിഞ്ഞ ജൂലൈയില്‍ ഒരു വിഭാഗം സൈനികര്‍ നടത്തിയെന്നുപറയപ്പെടുന്ന അട്ടിമറി നീക്കം ഏറെ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും ഹേതുവായി.
കഴിഞ്ഞ ജൂലൈ 15ന് വെള്ളിയാഴ്ച രാത്രി ഒരു വിഭാഗം സൈനികര്‍ ദേശീയ ഇന്റലിജന്റ്‌സ് ആസ്ഥാനം പിടിച്ചെടുക്കുകയും രാജ്യത്ത് പട്ടാളഭരണം ഏര്‍പ്പെടുത്തിയതായി പ്രഖ്യാപിക്കുകയും ചെയ്തതോടെയാണ് തുര്‍ക്കിയിലെ രാഷ്ട്രീയ കാലുഷ്യത്തിന്റെ കഥ വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിച്ചത്. വിവരമറിഞ്ഞയുടനെ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ ഫേസ്‌ടൈം എന്ന ഐഫോണ്‍ ആപ്ലിക്കേഷനിലൂടെ ജനങ്ങളോട് അട്ടിമറിക്കെതിരേ തെരുവിലിറങ്ങാന്‍ ആഹ്വാനം ചെയ്യുകയുണ്ടായി. ഇതോടെ ജനം തെരുവിലിറങ്ങി.
സര്‍ക്കാര്‍ അനുകൂല സൈന്യം ഇന്റലിജന്റ്‌സ് ആസ്ഥാനം വളഞ്ഞ് അട്ടിമറിക്ക് ശ്രമിച്ചവരെ കീഴ്‌പ്പെടുത്തി. അട്ടിമറിക്കെതിരേ രംഗത്തുവന്ന ജനങ്ങള്‍ക്കു നേരെ വിമതസൈന്യം വെടിവയ്പ്പും നടത്തി. ഏകദേശം ആറു മണിക്കൂറിന് ശേഷം സാഹചര്യങ്ങള്‍ നിയന്ത്രണവിധേയമാണെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനമുണ്ടായി. തുര്‍ക്കിയിലെ പ്രസിദ്ധമായ ബോസ്ഫറസ് തൂക്കുപാലത്തില്‍ നിലയുറപ്പിച്ച വിമതര്‍ പിന്നീട് ആയുധം വച്ച് കീഴടങ്ങുന്നത് ടെലിവിഷനുകള്‍ തത്സമയ സംപ്രേക്ഷണവും ചെയ്തു.
തുര്‍ക്കിയിലെ അട്ടിമറിശ്രമത്തിനു പിന്നിലെ നിഗൂഢലക്ഷ്യങ്ങള്‍ ഇന്നും ചുരുളഴിയാത്ത രഹസ്യമായി നിലനില്‍ക്കുന്നുണ്ട്. രാജ്യത്തുനിന്ന് പതിനെട്ടുവര്‍ഷം മുന്‍പ് അമേരിക്കയിലേക്കുപോയ പ്രമുഖ പണ്ഡിതന്‍ മുഹമ്മദ് ഫത്ഹുല്ലാ ഗുലനാണ് ഇതിനു പിന്നിലെന്നും അതിന് ശ്രമിച്ചവര്‍ വലിയ വില നല്‍കേണ്ടിവരുമെന്നും ഉര്‍ദുഗാന്‍ പ്രസ്താവിച്ചിരുന്നു. എന്നാല്‍, സമാധാനപരമായി വിദ്യാഭ്യാസ ജാഗരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന ഫത്ഹുല്ലാ ഗുലന്റെയും അനുയായികളുടെയും മുന്നേറ്റം രാജ്യത്ത് പുതിയൊരു സാമൂഹിക രാഷ്ട്രീയാന്തരീക്ഷത്തിന് പിറവി നല്‍കുമെന്ന ഭയവും ഒപ്പം തന്റെ രാഷ്ട്രീയഭാവി തുലാസിലാകുമെന്ന ആശങ്കയുമുള്ളതിനാല്‍ പ്രസിഡന്റ് ഉര്‍ദുഗാന്‍ തന്നെ സ്വയം മെനഞ്ഞ സൈനിക നാടക തന്ത്രമാണ് അട്ടിമറിക്കു പിന്നിലെന്ന് ഗുലന്‍ അനുയായികളും ആരോപിക്കുന്നു.
അട്ടിമറിക്കുപിന്നില്‍ ആര്?
രാജ്യത്തെ സൈനിക അട്ടിമറിക്കുപിന്നില്‍ പ്രര്‍ത്തിച്ചതാര്് എന്ന ചോദ്യം തുര്‍ക്കിയുടെ രാഷ്ട്രീയചരിത്രത്തില്‍ ഏറെ പ്രസക്തമാണ്. അമേരിക്കയിലെ പെന്‍സില്‍വാനിയയില്‍ പ്രവാസ ജീവിതം നയിച്ചുകൊണ്ടിരിക്കുന്ന ഫത്ഹുല്ല ഗുലന്‍ എന്ന പണ്ഡിത പ്രമുഖന്റെ അനുയായികളായ സൈനികവിഭാഗമാണ് അട്ടിമറിക്കു പിന്നിലെന്നു തന്നെയാണ് തുര്‍ക്കി ഗവണ്‍മെന്റിന്റെ ഔദ്യോഗിക വിശദീകരണം. തുര്‍ക്കിയിലും ആഗോളതലത്തിലും ഏറെ പ്രസിദ്ധമായ ബഹുജന പ്രസ്ഥാനമാണ് ഗുലന്‍ മൂവ്‌മെന്റ്. ഇസ്മാഈല്‍ റാജി ഫാറൂഖീ എന്ന ചിന്തകനില്‍ പ്രചോദിതനായി വിദ്യാഭ്യാസ പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇറങ്ങിത്തിരിക്കുകയും തുര്‍ക്കിയില്‍ അതിനുള്ള പ്രായോഗിക മാതൃക സമര്‍പ്പിക്കുകയും ചെയ്ത പണ്ഡിതനാണ് ഫത്ഹുല്ലാ ഗുലന്‍. 1924 ല്‍ ഖിലാഫത്ത് ചലനങ്ങള്‍ക്ക് അന്ത്യം കുറിക്കപ്പെടുകയും അത്താതുര്‍ക്കിന്റെ കമാലിസ്റ്റ് ഭൗതികത തുര്‍ക്കിയില്‍ അടക്കിവാഴുകയുംചെയ്തിരുന്ന കാലത്ത് നഗരങ്ങളിലും ഗ്രാമങ്ങളിലും ഇറങ്ങിച്ചെന്ന് സൂഫി ചിന്തകളുമായി ജനഹൃദയങ്ങളെ കീഴ്‌പ്പെടുത്തിയ ബദീഉസ്സമാന്‍ സഈദ് നൂര്‍സിയെന്ന മഹാനായ സൂഫിപണ്ഡിതന്റെ പാത പിന്തുടരുന്ന അനുയായിയാണ് ഫത്ഹുല്ലാ ഗുലന്‍. പ്രസിഡന്റ് ഉര്‍ദുഗാനും നൂര്‍സിയുടെ ശിഷ്യനും ഗുലന്റെ മുന്‍കാല ആത്മ മിത്രവുമാണെന്നതും അവിസ്മരണീയമാണ്. പൂര്‍ണമായും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിലാണ് ഗുലന്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. 'തുര്‍ക്കിയില്‍ പള്ളികള്‍ സ്ഥാപിക്കുന്നതിനല്ല, പള്ളിക്കൂടങ്ങള്‍ സ്ഥാപിക്കുന്നതിനാണ് മുന്‍ഗണന നല്‍കേണ്ടത് 'എന്ന ഗുലന്റെ ആഹ്വാനം ശ്രദ്ധേയമാണ്.
കമാലിന്റെ കാലത്ത് വിദ്യാഭ്യാസം പൂര്‍ണമായും കേവല ഭൗതികബദ്ധമായ സര്‍ക്കാര്‍ നിയന്ത്രണത്തിലായിരുന്നതിനാല്‍ യുവാക്കള്‍ക്ക് ഇസ്‌ലാം മനസ്സിലാക്കുന്നതിനുള്ള അവസരങ്ങളുണ്ടായിരുന്നില്ല. എന്നാല്‍, വീട്ടകങ്ങളില്‍ സ്വകാര്യ ട്യൂഷന്‍ എന്ന സമ്പ്രദായത്തിലൂടെയാണ് ഗുലന്‍ വിദ്യാഭ്യാസപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടതും മതനിരാസത്തെ പ്രതിരോധിച്ചതും. പിന്നീട് തുര്‍ക്കിയില്‍ സ്വകാര്യ സ്‌കൂളുകള്‍ സ്ഥാപിച്ചുകൊണ്ട് അദ്ദേഹം പ്രവര്‍ത്തനം ശക്തിപ്പെടുത്തി. ഇന്ന് തുര്‍ക്കിയില്‍ മാത്രം അദ്ദേഹത്തിന്റെ സാരഥ്യത്തിലുള്ള ഹിസ്മത്ത് പ്രസ്ഥാനത്തിനു 300-ലധികം സ്‌കൂളുകളുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ 180-രാജ്യങ്ങളിലായി ആയിരക്കണക്കിനു സ്‌കൂളുകളും രണ്ടു മില്യനിലധികം വിദ്യാര്‍ഥികളുമുള്ള ഒരു അജയ്യമായ വിദ്യാഭ്യാസ ശൃംഖലയായി ഇത് പടര്‍ന്നുപന്തലിച്ചിരിക്കുന്നു. മതവും ആത്മീയതയും യുക്തിയും ശാസ്ത്രവുമെല്ലാം സമ്മേളിപ്പിച്ച വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളാണ് ഗുലന്‍ നടത്തിക്കൊണ്ടിരിക്കുന്നത്.
2013 വരെ പ്രസിഡന്റ് ഉര്‍ദുഗാനുമായും അദ്ദേഹത്തിന്റെ എ.കെ പാര്‍ട്ടിയുമായും യോജിച്ചുള്ള പ്രവര്‍ത്തനമായിരുന്നു ഗുലന്‍ നടത്തിയിരുന്നത്. ഇത് എ.കെ പാര്‍ട്ടിക്ക് വമ്പിച്ച വിജയം നേടിക്കൊടുത്തിട്ടുമുണ്ട്. പിന്നീട് ഉടലെടുത്ത ഭിന്നാഭിപ്രായം മൂലം അവര്‍ എതിര്‍ചേരികളിലായി. ഗാസാ മുനമ്പില്‍ ഫലസ്തീനികള്‍ ഇസ്രാഈല്യരുടെ ഉപരോധത്തിനു മുന്നില്‍ എരിപൊരികൊള്ളുമ്പോള്‍ സഹായഹസ്തവുമായി എ.കെ പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള തുര്‍ക്കി ഗവണ്‍മെന്റ് അയച്ച സഹായ കപ്പലിനെതിരേ ഇസ്രാഈല്‍ വെടിയുതിര്‍ത്ത ജൂത ഗുണ്ടായിസ്റ്റ് സംഭവമുണ്ടായിരുന്നു. അതിനെതിരേ ഫത്ഹുല്ലാ ഗുലന്‍ വിമര്‍ശനാത്മക പ്രതികരണം നടത്തിയതാണ് ഉര്‍ദുഗാനും എ.കെ പാര്‍ട്ടിക്കും അദ്ദേഹം അനഭിമതനാകാന്‍ കാരണമായത്. ഇതോടെ അകത്തളങ്ങളില്‍ മാത്രം വിങ്ങിപ്പുകഞ്ഞിരുന്ന ഭിന്നതയുടെ സ്വരം മറനീക്കി പുറത്തുവന്നു. ഇതിനിടെയാണ് തുര്‍ക്കിയെ പിടിച്ചു കുലുക്കിയ അഴിമതിക്കഥ പുറത്തുവന്നത്. മന്ത്രിപുത്രനടക്കം അമ്പതോളം ഉന്നതന്മാര്‍ അറസ്റ്റ് ചെയ്യപ്പെട്ടു.
എന്നാല്‍, ഇതിനുപിന്നില്‍ ഗൂഢലക്ഷ്യങ്ങളുണ്ടെന്നും എ.കെ പാര്‍ട്ടിയെയും തുര്‍ക്കി ഗവണ്‍മെന്റിനെയും ഇല്ലായ്മ ചെയ്യാന്‍ അകത്തും പുറത്തും സമാന്തര രാഷ്ട്രീയ പ്രവര്‍ത്തകരുണ്ടെന്നും ഗുലനെയും അനുയായികളെയും പേരെടുത്ത് പറയാതെ ഉര്‍ദുഗാന്‍ വിമര്‍ശിച്ചു. ശേഷം ഇവര്‍ കൈയടക്കിയ പൊലിസിലും ജുഡീഷ്യറിയിലും സമൂലമായ മാറ്റങ്ങളും വെട്ടിനിരത്തലും നടത്തി. ഹിസ്മത്ത് മൂവ്‌മെന്റിന്റെ ഒട്ടേറെ പത്ര-ദൃശ്യ-ശ്രാവ്യ മാധ്യമങ്ങള്‍ നിഷ്‌കരുണം അടച്ചുപൂട്ടി. ലോകരാജ്യങ്ങള്‍ക്കു മുന്‍പില്‍ നിവര്‍ന്നുനില്‍ക്കുന്ന, മുസ്‌ലിം പ്രശ്‌നങ്ങളില്‍ ശക്തമായി പ്രതികരിക്കുന്ന രാജ്യശക്തിയായി തുര്‍ക്കിയെ മാറ്റുന്നതില്‍ ഉര്‍ദുഗാന്‍ ചെയ്ത ശ്രമങ്ങള്‍ ഇവിടെ നിസ്സാരവത്കരിക്കുന്നില്ല. പകരം, ഭരണചെങ്കോലിന്റെ ഇളക്കം പേടിച്ച് രാഷ്ട്രീയ ശത്രുക്കളെ നിഷ്‌കാസനം ചെയ്യാന്‍ ഏത് ഹീന ചെയ്തികള്‍ക്കും കൂട്ടുനില്‍ക്കുന്ന ജനാധിപത്യവിരുദ്ധമായ നയനിലപാടുകളെയാണ് വിമര്‍ശന വിധേയമാക്കുന്നത്.
സിറിയന്‍ അഭയാര്‍ഥി പ്രവാഹത്തിനു നേരെ തുറന്ന സമീപനം സ്വീകരിച്ചതും അലെപ്പോയിലെ സിറിയന്‍ സൈന്യത്തിന്റെ കൂട്ടക്കുരുതിക്കെതിരേ ശബ്ദിച്ചതും ഗസയിലേക്ക് സന്നദ്ധ സഹായങ്ങളെത്തിച്ചതും ഉര്‍ദുഗാന്റെ നേതൃപാടവം കൊണ്ടാണെന്നതില്‍ എതിരഭിപ്രായമില്ല. എന്നാല്‍, രാഷ്ട്രീയ ശത്രുക്കളെ ഉച്ചാടനം ചെയ്യുന്നതിനു വേണ്ടി അദ്ദേഹം മെനഞ്ഞുണ്ടാക്കിയ അട്ടിമറിശ്രമവും അതുവഴി അവരുടെ ഉന്മൂലനം സ്വപ്നം കണ്ടിരിക്കുന്നതുമാണ് ന്യായീകരിക്കാനാവാത്തത്. കമാലിസം, അലവീസ്, ലിബറല്‍, കുര്‍ദ്, മാധ്യമപ്രവര്‍ത്തകര്‍, ഇടതുപക്ഷം, നാഷനലിസ്റ്റുകള്‍ തുടങ്ങിയ വിഭിന്ന ചിന്താഗതി പുലര്‍ത്തിയവരെയെല്ലാം ഇതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നു. അട്ടിമറിയെ തുടര്‍ന്ന് വലിയൊരു വിഭാഗം തുര്‍ക്കിജനത നിശ്ശബ്ദരാക്കപ്പെട്ടുവെന്നര്‍ഥം. 3465 ജഡ്ജിമാരെ തല്‍സ്ഥാനത്ത് നിന്നു നീക്കി. രണ്ടായിരത്തിലധികം പേരെ തടവിലാക്കി. 21,000 അധ്യാപകരെ സസ്‌പെന്റ് ചെയ്യുകയും ടീച്ചിങ് ലൈസന്‍സ് റദ്ദാക്കുകയും ചെയ്തു.
2099 സ്‌കൂളുകള്‍ അടച്ചു പൂട്ടി. 13,800-ലധികം വിദ്യാര്‍ഥികള്‍ അവരുടെ വിദ്യാലയങ്ങള്‍ വിടാന്‍ നിര്‍ബന്ധിതരായി. ചില യൂനിവേഴ്‌സിറ്റികളും കോളജുകളും ആശുപത്രികളും കെട്ടിട സമുച്ചയങ്ങളോടെ പിഴുതെറിയപ്പെട്ടു. ചുരുക്കത്തില്‍ തുര്‍ക്കിഷ് ജനതയിലെ വലിയൊരു വിഭാഗം അട്ടിമറിയുടെ കെടുതികള്‍ അനുഭവിക്കുന്നവരാണ്. വിശ്വസനീയമായ റിപ്പോര്‍ട്ടുകള്‍ പ്രകാരം അങ്കാറയിലും ഇസ്താംബൂളിലുമുള്ള പൊലിസുകാര്‍ രണ്ട് ദിവസത്തിലധികം ബന്ദികള്‍ക്ക് ഭക്ഷണം, വെള്ളം, മരുന്ന് തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍ പോലും നിഷേധിച്ച് തടങ്കലിലാക്കി. പലരും ക്രൂര മര്‍ദനങ്ങള്‍ക്കും പീഡനങ്ങള്‍ക്കും വിധേയരായി. ബലാല്‍സംഗം പോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അട്ടിമറി സംഭവം നടന്നുകൊണ്ടിരിക്കെ തന്നെ അമേരിക്കയില്‍ നിന്ന് ഗുലന്‍ ഈ ശ്രമത്തെ വിമര്‍ശിച്ചിരുന്നു. വിവിധ പത്രങ്ങളിലെ തന്റെ പ്രസ്താവനകള്‍ തന്നെ ഉദാഹരണം.
വിശ്വാസങ്ങള്‍ക്കപ്പുറം മനുഷ്യജീവനെ പരിഗണിക്കുന്ന സമഗ്രമതമായ ഇസ്‌ലാം സായുധ വിപ്ലവങ്ങള്‍ക്ക് എതിരാണെന്നാണ് എന്റെ തത്വമെന്ന് അദ്ദേഹം തുറന്നടിച്ചു. ന്യൂയോര്‍ക്ക് ടൈംസിലൂടെ അദ്ദേഹം രാജ്യാന്തര തലത്തിലുള്ള അന്വേഷണവും ആവശ്യപ്പെട്ടു. അട്ടിമറിയില്‍ തന്റെ അനുയായികളുടെ പങ്കിനെപറ്റി ആരാഞ്ഞ മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം പ്രതികരിച്ചത്, തന്റെ അനുകൂലികള്‍ ആരെങ്കിലും ഈ അട്ടിമറിയുടെ ഭാഗമായിട്ടുണ്ടെങ്കില്‍ അവര്‍ എന്റെ ആദര്‍ശങ്ങളെ വഞ്ചിച്ചിരിക്കുന്നുവെന്നായിരുന്നു. തുര്‍ക്കി രാഷ്ട്രീയത്തില്‍ സുന്നി വിരുദ്ധതയുടെ പേരില്‍ കുര്‍ദുകളെയും യൂറോപ്യന്‍ തല്‍പരകക്ഷികള്‍ എന്ന പേരില്‍ കമാലിസ്റ്റുകളെയും ഉര്‍ദുഗാന് നിഷ്പ്രയാസം അവഗണിക്കാം. പക്ഷേ, ഗുലന്‍ സുന്നിയാണെന്നതും അദ്ദേഹവുമായുള്ള അഭിപ്രായഭിന്നത മാത്രമാണ് താന്‍ വിമര്‍ശിക്കപ്പെടാന്‍ കാരണമായതെന്നതും ഗുലനെ വ്യത്യസ്തനാക്കുന്നു.
തുടര്‍ നടപടികളിലെ അസ്വാഭാവികത
ഭരണഘടനയിലധിഷ്ഠിതമായ ഒരു പരമാധികാര രാജ്യത്ത് സൈനിക അട്ടിമറി ശ്രമം നടന്നാല്‍ ആരോപണ വിധേയരായ സൈനികരെ ചോദ്യം ചെയ്യുകയും തദടിസ്ഥാനത്തില്‍ സ്വതന്ത്രാധികാരമുള്ള കോടതിയില്‍ വിചാരണ ചെയ്യുകയും കുറ്റം തെളിഞ്ഞാല്‍ ശിക്ഷ നല്‍കുകയും ചെയ്യുക എന്നതാണ് നിയമം. പക്ഷേ, തുര്‍ക്കിയില്‍ സംഭവിച്ചത് ആരോപണ വിധേയരായ ഓഫിസര്‍മാരെ മൂന്നാംമുറ പ്രയോഗിച്ച് ഗുലനെതിരായി സാക്ഷി മൊഴി പറയിപ്പിക്കുകയും സര്‍ക്കാര്‍ സ്വയംകോടതി ചമഞ്ഞ് ഗുലന്‍ അനുഭാവികളെ മുഴുവന്‍ പ്രാസ്ഥാനിക ബന്ധത്തിന്റെ പേരില്‍ മാത്രം തുറുങ്കിലടയ്ക്കുകയും ചെയ്യുക എന്നതാണ്. അട്ടിമറി നടത്തിയത് ഗുലനും അനുയായികളുമാണെന്നും അതുകൊണ്ട് അമേരിക്കയിലുള്ള അദ്ദേഹത്തെ വിചാരണയ്ക്കായി തങ്ങള്‍ക്കു വിട്ടുതരണമെന്നും തുര്‍ക്കി ഗവണ്‍മെന്റ് നിരന്തരമായി ആവശ്യപ്പെട്ടുകൊണ്ടിരുന്നു. ഒടുവില്‍ അന്വേഷണ സംഘമെത്തി നീണ്ട പരിശ്രമങ്ങള്‍ക്കു ശേഷം വെറും കൈയോടെ വാഷിങ്ടണിലേക്ക് തന്നെ തിരിച്ചുപോവുകയായിരുന്നു.
ലോക രാഷ്ട്രങ്ങളിലുള്ള ടര്‍ക്കിഷ് അംബാസഡര്‍മാരും മറ്റു ഡിപ്ലോമാറ്റുകളും ഗവണ്‍മെന്റിന്റെ പക്ഷം പിടിച്ചു ഗുലന്‍ മൂവ്‌മെന്റിനെതിരേ പരസ്യപ്രസ്താവനകളുമായി രംഗത്തെത്തി എന്നതും സ്വാഭാവികം മാത്രം. അതും പരാജയത്തിലും അപമാനത്തിലുമാണ് കലാശിച്ചത്. ഇന്ത്യയിലും ഇതിന്റെ അനുരണനങ്ങളും അന്വേഷണങ്ങളുമുണ്ടായിരുന്നു. മെട്രോപൊളിറ്റന്‍ സിറ്റികളുള്‍പ്പെടെ പലയിടങ്ങളിലുമുള്ള സ്‌കൂളുകളില്‍ ഒന്നുപോലും അടച്ചിട്ടില്ല എന്നതാണ് വസ്തുത. ചില മുസ്‌ലിം രാഷ്ട്രങ്ങള്‍ തുര്‍ക്കി ഗവണ്‍മെന്റിന്റെ ശക്തമായ സ്വാധീനവും സമ്മര്‍ദവും കാരണം അവിടത്തെ ഗുലന്‍ സ്‌കൂളുകളിലെ അധ്യാപകരെ ഒന്നടങ്കം നാടുകടത്താന്‍ തീരുമാനമെടുത്ത തമാശയുണ്ടായി. എന്നാല്‍, ഇതിനെതിരേ പരസഹസ്രം വിദ്യാര്‍ഥികള്‍ സമര രംഗത്തിറങ്ങുകയും തങ്ങളുടെ ഗുരുശ്രേഷ്ഠരെ അകാരണമായി നാടുകടത്താന്‍ സമ്മതിക്കില്ലെന്നു ശഠിക്കുകയും ചെയ്തതോടെ ജാള്യം മറച്ച അവര്‍ തീരുമാനം പിന്‍വലിക്കാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു. അട്ടിമറിയെ തുടര്‍ന്ന് ഉര്‍ദുഗാന്‍ നടത്തിയ പ്രസ്താവനകളിലെല്ലാം ചില വൈരുധ്യങ്ങളുണ്ടായിരുന്നു.
റോയിറ്റേഴ്‌സിന് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞത്, പുലര്‍ച്ചെ 4 നും 4.30 നുമിടയിലാണ് അട്ടിമറിയെ കുറിച്ചുള്ള വിവരങ്ങള്‍ ഭാര്യാ സഹോദരന്‍ മുഖേനെ താനറിഞ്ഞത് എന്നാണ്. പിന്നീട് സി.എന്‍.എന്‍ മായുള്ള അഭിമുഖത്തില്‍ രാവിലെ എട്ടുമണിയെന്നും എ.ടി.വി അഭിമുഖത്തില്‍ ഒമ്പത് മണിയെന്നും തിരുത്തി പറഞ്ഞിരുന്നു. ചുരുക്കത്തില്‍ ഇസ്‌ലാമിക വിരുദ്ധ ശക്തികളുടെ 'ഭിന്നിപ്പിച്ചുഭരിക്കല്‍' തന്ത്രം തുര്‍ക്കിയിലും വിജയം കാണുകയാണെന്ന് വേണം പറയാന്‍. പട്ടാള അഴിഞ്ഞാട്ടത്തിനും കമാലിസ്റ്റ് വിളയാട്ടത്തിനും കടിഞ്ഞാണിട്ട ഉര്‍ദുഗാന്‍-ഗുലന്‍ കൂട്ടുകെട്ട് നിലനില്‍ക്കുന്നതാണ് ഇസ്‌ലാമിക തുര്‍ക്കിക്കും അവിടത്തെ പരലക്ഷം പൗരന്മാര്‍ക്കും ലോകമുസ്‌ലിംകള്‍ക്കും അഭികാമ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."