ലിഡിയ സ്വര്‍ണത്തിലേക്ക് സൈക്കിളോടിച്ചത് കൈയിലെ പണം മുടക്കി
തിരുവനന്തപുരം: വാഗ്ദാനങ്ങളില്‍ നിന്നും സര്‍ക്കാര്‍ ഒളിച്ചോടുമ്പോഴും കൈയിലെ പണം മുടക്കി സൈക്കിളോടിച്ച് ലിഡിയ കേരളത്തിനായി സ്വര്‍ണം നേടുകയാണ്. രാജ്യാന്തര സൈക്ലിങ് താരമായ കേരളത്തിന്റെ ലിഡിയമോള്‍ എം. സണ്ണിക്കാണ് ഈ ദുര്‍ഗതി. കാര്യവട്ടം എല്‍.എന്‍.സി.പി കാംപസിലെ വെലോഡ്രാമില്‍ വനിതകളുടെ 10 കിലോ മീറ്റര്‍ സ്‌ക്രാച്ച്‌റേസില്‍ ലിഡിയ കേരളത്തിനായി ഇന്നലെ സ്വര്‍ണം നേടിയതും കൈയിലെ പണം മുടക്കി തന്നെ.
26.18.934 സെക്കന്‍ഡില്‍ പറന്നെത്തിയാണ് ലിഡിയയുടെ ദേശീയ ട്രാക്ക് സൈക്കിളിങ് ചാംപ്യന്‍ഷിപ്പിലെ സ്വര്‍ണ നേട്ടം. ദേശീയ ഗെയിംസില്‍ ഒരു സ്വര്‍ണവും രണ്ട് വെങ്കലവും നേടിയ ലിഡിയക്ക് സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്തിരുന്നു. സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ ഉള്‍പ്പെടെ കഴിഞ്ഞെങ്കിലും പിന്നീട് യാതൊരു നടപടിയും ഉണ്ടായില്ല. ബി.എസ്.സി സൈക്കോളജി പഠനം പൂര്‍ത്തിയാക്കിയതോടെ കോളജ് ഹോസ്റ്റലിലെ സൗജന്യങ്ങളും നഷ്ടമായി. കഴിഞ്ഞ രണ്ടു മാസമായി അധികൃതരുടെ കനിവില്‍ ചെമ്പഴന്തി എസ്.എന്‍ കോളജ് ഹോസ്റ്റലില്‍ തന്നെയാണ് വാസം. താമസം സൗജന്യമെങ്കിലും ഭക്ഷണത്തിന് 6000 രൂപ പ്രതിമാസം നല്‍കണം. കാര്യവട്ടം എല്‍.എന്‍.സി.പിയിലാണ് പരിശീലനം നടത്തുന്നത്.
കൈയില്‍ നിന്നും പണം മുടക്കി കഴിഞ്ഞ രണ്ടു മാസമായി നടത്തിയ പരിശീലനത്തിന്റെ ഫലമായിരുന്നു ഇന്നലെ കേരളത്തിനായി നേടിയ സ്വര്‍ണം. ഇതേ അവസ്ഥയില്‍ തന്നെയാണ് മറ്റൊരു ദേശീയ താരമായ ബിസ്മിയും. സ്വന്തം പണം ചിലവഴിച്ചാണ് എസ് ബിസ്മിയും പരിശീലനം നടത്തുന്നത്. ദേശീയ ഗെയിംസില്‍ മെഡലുകള്‍ വാരിക്കൂട്ടിയതോടെ പുതിയ സൈക്കിള്‍ സര്‍ക്കാര്‍ വാങ്ങി നല്‍കുമെന്ന് ചെങ്ങളത്തെ വീട്ടിലെത്തി നാട്ടുകാരനും അന്നത്തെ കായിക മന്ത്രിയുമായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ലിഡിയക്ക് വാഗ്ദാനം നല്‍കിയിരുന്നു.
ഈ വാഗ്ദാനം പാലിക്കപ്പെടാതെ പോയതോടെ സമ്മാനമായി ലഭിച്ച തുക ഉപയോഗിച്ച് വാങ്ങിയ സൈക്കിളിലേറിയാണ് ലിഡിയ പിന്നീടും കേരളത്തിനായും ദക്ഷിണേഷ്യന്‍ ഗെയിംസില്‍ രാജ്യത്തിനായും സ്വര്‍ണ കുതിപ്പ് നടത്തിയത്. പ്ലംബിങ് ജോലിക്കാരനായ കോട്ടയം ചെങ്ങളം മേനാംപറമ്പില്‍ സണ്ണിക്കുട്ടിയുടെയും വീട്ടമ്മയായ ലിസിമോളുടെയും മകളാണ് ലിഡിയ. ദേശീയ കോച്ചായ ചന്ദ്രന്‍ ചെട്ടിയാരുടെ കീഴിലാണ് പരിശീലനം.
വെലോഡ്രോമിലേക്ക്
തിരിച്ചെത്തിയ രജനിക്ക് വെള്ളി
തിരുവനന്തപുരം: അവധി നല്‍കാതെ വട്ടം ചുറ്റിച്ച ആരോഗ്യ വകുപ്പിന്റെ നടപടിയില്‍ പ്രതിഷേധിച്ച് സൈക്ലിങ് ട്രാക്ക് വിട്ട രജനിക്ക് തിരിച്ചു വരവില്‍ വെള്ളിത്തിളക്കം. കേരളത്തിനായി ഇന്നലെ വനിതകളുടെ 10 കിലോ മീറ്റര്‍ സ്‌ക്രാച്ച്‌റേസിലാണ് വി രജനി വെള്ളി നേടിയത്. ദേശീയ രാജ്യാന്തര മത്സരങ്ങളില്‍ മെഡലുകള്‍ വാരിക്കൂട്ടിയ വി രജനി ആരോഗ്യവകുപ്പിന്റെ നിലപാടില്‍ പ്രതിഷേധിച്ച് സൈക്ലിങ് മത്സരങ്ങളില്‍ നിന്നും പിന്‍മാറ്റം പ്രഖ്യാപിച്ചിരുന്നു. ദേശീയ രാജ്യാന്തര മത്സരങ്ങളില്‍ പങ്കെടുക്കാനും ദേശീയ ക്യാംപിനായും പോയ രജനിക്ക് അവധി അനുവദിക്കാതെ ആരോഗ്യ വകുപ്പ് വട്ടം ചുറ്റിക്കുകയായിരുന്നു.
ആരോഗ്യവകുപ്പിന് കീഴില്‍ ജില്ലാ ജനറല്‍ ആശുപത്രിയില്‍ ക്ലര്‍ക്കാണ് രജനി. കഴിഞ്ഞ വര്‍ഷം കേരളത്തിനായി ദേശീയ സൈക്ലിങ് മത്സരത്തില്‍ പങ്കെടുക്കാനും രജനി തയ്യാറായില്ല. ഒടുവില്‍ രജനിയുടെ പ്രതിഷേധം ഫലം കണ്ടു. സര്‍ക്കാര്‍ ഇടപെടലില്‍ അവധി അനുവദിക്കുകയായിരുന്നു. ഇതോടെയാണ് 19 വര്‍ഷമായി സൈക്ലിങ് രംഗത്തുള്ള രജനി തിരിച്ചെത്തിയത്. ലിഡിയയുമായി ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയ രജനി വെള്ളി നേടുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."