ദേശീയ ട്രാക്ക് സൈക്ലിങ് ചാംപ്യന്‍ഷിപ്പില്‍ കേരളത്തിന്റെ മെഡല്‍ക്കൊയ്ത്ത്
തിരുവനന്തപുരം: ദേശീയ ട്രാക്ക് സൈക്ലിങ് ചാംപ്യന്‍ഷിപ്പിന്റെ ആദ്യദിനത്തില്‍ മെഡല്‍ കൊയ്ത്തോടെ കേരളത്തിന്റെ തുടങ്ങി. ഇന്നലെ നടന്ന എട്ടു ഫൈനലുകളില്‍ മൂന്ന് സ്വര്‍ണവും രണ്ട് വെള്ളിയും രണ്ടു വെങ്കലവും നേടിയ കേരളം 23 പോയിന്റുമായി ഒന്നാം സ്ഥാനത്താണ്. മൂന്ന് സ്വര്‍ണവും ഒരു വെള്ളിയും രണ്ടു വെങ്കലവും നേടി 22 പോയിന്റുമായി മണിപ്പൂരാണ് രണ്ടാമത്. ഏഴ് പോയിന്റുമായി ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപാണ് മൂന്നാം സ്ഥാനത്ത്.
അണ്ടര്‍ 18 ആണ്‍കുട്ടികളുടെ 10 കിലോ മീറ്റര്‍ സ്ക്രാച്ച് റേസോടെയാണ് സൈക്ലിങ് പോരാട്ടത്തിന് കാര്യവട്ടം എല്‍.എന്‍.സി.പിയിലെ വെലോഡ്രോമില്‍ തുടക്കമായത്. കേരളത്തിനായി മത്സരിക്കാനിറങ്ങിയ യു.എസ് അഭിജിത്ത്(15.09.455) സ്വര്‍ണം നേടി. കേരളത്തിന്റെ തന്നെ എ.അനന്തുവിനാണ് വെള്ളി. കര്‍ണാടകയുടെ സന്തോഷ് കുറാനി വെങ്കലം നേടി. അണ്ടര്‍ 18 പെണ്‍കുട്ടികളുടെ ആറു കിലോ മീറ്റര്‍ സ്ക്രാച്ച് റേസില്‍ കേരളം സ്വര്‍ണവും വെള്ളിയും നേടി. അലീന റെജി (12.07.674) സ്വര്‍ണം നേടിയപ്പോള്‍ ജി.എസ് വിദ്യയ്ക്കാണ് വെങ്കലം. മണിപ്പൂരിന്റെ ഐ മത്യോബിദേവിയാണ് വെള്ളി നേടിയത്.
വനിതകളുടെ 10 കിലോ മീറ്റര്‍ സ്ക്രാച്ച് റേസില്‍ 26.18.934 സെക്കന്‍ഡ് സമയത്തിലായിരുന്നു ലിഡിയമോള്‍ എം സണ്ണിയുടെ കേരളത്തിനായുള്ള സ്വര്‍ണ കുതിപ്പ്.
കേരളത്തിന്റെ തന്നെ വി രജനി വെള്ളി നേടിയപ്പോള്‍ മണിപ്പൂരിന്റെ എം സോനാലി ചാനുവിനാണ് വെങ്കലം. ഇതിനിടെ സബ്ജൂനിയര് ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെ 500 മീറ്റര്‍ വ്യക്തിഗത ടൈം ട്രയലില്‍ പുതിയ ദേശീയ റെക്കോര്‍ഡുകള്‍ പിറന്നു. മണിപ്പൂരി താരങ്ങളായ വൈ റോജിത് സിങും ദൈന ദേവിയുമാണ് വെലോഡ്രോമില്‍ പുതിയ റെക്കോര്‍ഡ് കുറിച്ചത്.
രോജിത് സിങ് 35.297 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് പുതിയ റെക്കോര്‍ഡ് സ്വന്തം പേരിലാക്കി. 41.749 സെക്കന്‍ഡ് സമയത്തിലായിരുന്നു ദൈന ദേവിയുടെ റെക്കോര്‍ഡിലേക്കുള്ള സൈക്ലിങ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."