ലബോറട്ടറികളില്ല; നിരോധിക്കേണ്ട മരുന്നുകള്‍ വില്‍ക്കപ്പെടുന്നു
മലപ്പുറം: ആവശ്യത്തിന് ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറി സംവിധാനമില്ലാത്തത് പരിശോധനാ ഫലങ്ങള്‍ സമയത്ത് ലഭിക്കുന്നതിനു തടസ്സമാകുന്നു. ഇതു കാരണം നിരോധിക്കേണ്ട പല മരുന്നുകളും മെഡിക്കല്‍ ഷോപ്പുകളില്‍ വില്‍പ്പന തുടരുന്നത് തടയാന്‍ സാധിക്കാത്ത സാഹചര്യമാണുള്ളത്. എല്ലാ ജില്ലകളിലും ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്വത്തില്‍ പരിശോധനകള്‍ നടത്തുന്നുണ്ടെങ്കിലും ഈ രംഗത്തെ കുറ്റകൃത്യങ്ങളുടെ അനുപാതമനുസരിച്ച് പരിശോധനകള്‍ക്കുള്ള ഉദ്യോഗസ്ഥരും ലാബ് സൗകര്യങ്ങളും വളരെ കുറവാണ്.
ക്യാന്‍സര്‍ മരുന്നുകളുടെ പരിശോധനകള്‍ക്കും സംസ്ഥാനത്തു സൗകര്യം ഒട്ടുമില്ല. കൊല്‍ക്കത്തയിലെ സെന്‍ട്രല്‍ ഡ്രഗ്‌സ് ലബോറട്ടറിയേയാണ് ക്യാന്‍സര്‍ മരുന്നുകളുടെ പരിശോധനകള്‍ക്കായി ആശ്രയിക്കുന്നത്.
എല്ലാ ജില്ലകളും മരുന്നുകളുടെ പരിശോധനക്കുവേണ്ടി ആശ്രയിക്കുന്നത് എറണാകുളത്തും തിരുവനന്തപുരത്തുമുള്ള ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറികളെയാണ്. ഈ ലാബുകളിലേക്ക് മരുന്നുകളുടെ സാമ്പിളെടുത്ത് അയച്ചാല്‍ പരിശോധനാ ഫലം ലഭിക്കാന്‍ രണ്ടുമാസമെങ്കിലും കാത്തിരിക്കണം. ഇതുമൂലം മരുന്നുകള്‍ നിരോധിക്കേണ്ടതാണങ്കില്‍പോലും ഉദ്യോഗസ്ഥര്‍ക്കു നടപടിയെടുക്കാന്‍ ഇത്രയും ദിവസം കാത്തിരിക്കേണ്ടിവരുന്നു.
എന്നാല്‍ ഫലം അനുസരിച്ച് നിരോധിക്കേണ്ട പല മരുന്നുകളും ഇക്കാലയളവിനുള്ളില്‍ യഥേഷ്ടം വില്‍ക്കപ്പെടുകയാണ്. കൂടുതല്‍ മെഡിക്കല്‍ ഷോപ്പുകളുള്ള ജില്ലകളിലൊന്നാണ് മലപ്പുറം. 2118 അംഗീകൃത മെഡിക്കല്‍ ഷോപ്പുകളാണ് മലപ്പുറം ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്. ആറുമാസത്തിലൊരിക്കലാണ് ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്വത്തില്‍ പരിശോധനകള്‍ നടക്കുക.
വേണ്ടത്ര ഉദ്യോഗസ്ഥരില്ലാത്തത് കാരണം കൃത്യവും സൂക്ഷ്മവുമായ പരിശോധന നടത്താന്‍ പലപ്പോഴും സാധിക്കാത്ത സ്ഥിതിയാണെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. അതേസമയം കോഴിക്കോട്, പത്തനംതിട്ട എന്നീ ജില്ലകളില്‍ ഡ്രഗ്‌സ് ലാബുകള്‍ക്കുവേണ്ടിയുള്ള സ്ഥലമെടുപ്പ് നടന്നിട്ടുണ്ടെന്നതും തൃശൂര്‍ ജില്ലയില്‍ ലാബോറട്ടറിയുടെ ബില്‍ഡിംഗ് പ്രവൃത്തികള്‍ നടന്നുവരികയാണന്നതും ആശ്വാസകരമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."