174 പഞ്ചായത്തുകളിലേക്ക് സെക്രട്ടറിമാരായി
മലപ്പുറം:174 പഞ്ചായത്തു സെക്രട്ടറിമാരുടെ ഒഴിവുകള്‍ നികത്താന്‍ നടപടിയായി. തദ്ദേശ സ്ഥാപനങ്ങളില്‍ അസിസ്റ്റന്റ് സെക്രട്ടറി ജൂനിയര്‍ സൂപ്രണ്ട് എന്നിവര്‍ക്കു സ്ഥാനക്കയറ്റം നല്‍കിയാണ് സെക്രട്ടറി ക്ഷാമത്തിന് പരിഹാരം കണ്ടത്. ഇതു സംബന്ധിച്ച് പഞ്ചായത്ത് ഡയറക്ടറേറ്റ് ഇന്നലെ ഉത്തരവിറക്കി. ആകെയുള്ള 941 ഗ്രാമ പഞ്ചായത്തുകളില്‍ 356 ഇടങ്ങളിലായിരുന്നു രണ്ടു വര്‍ഷത്തോളമായി സെക്രട്ടറിമാരില്ലാതിരുന്നത്. സ്ഥാനക്കയറ്റം ലഭിച്ച 174 പേരാണ് ഈ പഞ്ചായത്തുകളില്‍ സെക്രട്ടറിമാരായി ചുമതലയേല്‍ക്കുന്നത്.
മലപ്പുറം ജില്ലയില്‍ 27പഞ്ചായത്തുകളിലെ ഒഴിവുകളില്‍ പുതിയ ആളുകള്‍ ചുമതലയേല്‍ക്കും. മുഴുവന്‍ ജില്ലകളിലും ഇങ്ങനെ പുതിയ സെക്രട്ടറിമാര്‍ ചുമതലയേല്‍ക്കുന്നുണ്ട്. പാലക്കാട് (20), കോട്ടയം (19), പത്തനംതിട്ട (18), തൃശൂര്‍(18),എറണാകുളം (12), ആലപ്പുഴ (12), കണ്ണൂര്‍ (12), കാസര്‍കോട് (11), കോഴിക്കോട്(10), ഇടുക്കി (7),തിരുവനന്തപുരം(4), വയനാട് (3), കൊല്ലം (1) എന്നിങ്ങനെയാണ് സ്ഥാനക്കയറ്റം ലഭിച്ചവരുടെ എണ്ണം.
ഒരേ പഞ്ചായത്തില്‍ തന്നെ ഒന്നിലധികം പേര്‍ക്ക് സ്ഥാനക്കയറ്റം നല്‍കിയിട്ടുണ്ട്. ഇവരില്‍ ഒരാളെ സ്ഥലം മാറ്റുന്നതുവരെ ആര് ചുമതലയേല്‍ക്കുമെന്നകാര്യത്തില്‍ വ്യക്തതയില്ല. വിവിധ ജില്ലകളില്‍ സെക്രട്ടറിമാരായി ജോലിചെയ്യുന്ന 34 പേരെ അതേ ജില്ലകളിലേക്കും വിദൂര ജില്ലകളിലേക്കുമായി സ്ഥലം മാറ്റിയിട്ടുണ്ട്. സ്ഥാനക്കയറ്റം ലഭിച്ചവരും സ്ഥലംമാറ്റം ലഭിച്ചവരും ഉടന്‍ ചുമതലയേല്‍ക്കണമെന്നാണ് നിര്‍ദേശം.
അതേസമയം ഡെപ്യൂട്ടി ഡയറക്ടര്‍,അസിസ്റ്റന്റ് ഡയറക്ടര്‍ തസ്തികകള്‍ ഇപ്പോഴും ഒഴിഞ്ഞു കിടക്കുകയാണ്. 13 ജില്ലകളിലും ജില്ലാതല ഉദ്യോഗസ്ഥരായ ഡെപ്യൂട്ടി ഡയറക്ടര്‍ തസ്തികയില്‍ ആളില്ല. അസിസ്റ്റന്റ് ഡയറക്ടര്‍, സീനിയര്‍ സൂപ്രണ്ട് തസ്തികയും മിക്ക ജില്ലകളിലും ഒഴിഞ്ഞുകിടക്കുകയാണ്. സെക്രട്ടറി തസ്തികയില്‍ നേരിട്ട് നിയമനം ലഭിച്ചവരും പഞ്ചായത്ത് വകുപ്പിലെ ജീവനക്കാരായിരുന്ന സെക്രട്ടറിമാരും തമ്മിലുള്ള സീനിയോറിറ്റിയുടെ പേരിലുള്ള തര്‍ക്കം വിവിധ തസ്തികകളിലെ നിയമനത്തെ ബാധിച്ചിട്ടുണ്ട്. ഇതു പൂര്‍ണായി പരിഹരിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."