മെഡിക്കല്‍ കോളജിലെ റാഗിങ്: അന്വേഷണ റിപ്പോര്‍ട്ട് നാളെ സമര്‍പ്പിക്കും
മഞ്ചേരി: മഞ്ചേരി ഗവ. മെഡിക്കല്‍ കോളജില്‍ എം.ബി.ബി.എസ് ഒന്നാം വര്‍ഷ വിദ്യാര്‍ഥികളെ റാഗ് ചെയ്തെന്ന പരാതി സംബന്ധിച്ച സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് മൂന്നംഗ സമിതി നാളെ സമര്‍പ്പിക്കും. ഇന്നലെ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്ദേശിച്ചിരുന്നങ്കിലും കൂടുതല്‍ സമയം വേണമെന്ന് അന്വേഷണ സമിതി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നാളെവരെ സമയം അനുവദിച്ചത്.
എന്നാല്‍, സംഭവത്തിന് ഉത്തരവാദികളായ വിദ്യാര്‍ഥികളുടെ സസ്പെന്ഷന് തുടരും. സര്‍ജറി വിഭാഗം മേധാവി ഡോ. പി.ജെ ബാബു, പാത്തോളജി വിഭാഗം മേധാവി പ്രൊഫ. സുപ്രിയ, സൈക്കാട്രി വിഭാഗം മേധാവി ഡോ. അജിത എന്നിവര്‍ക്കായിരുന്നു അന്വേഷണ ചുമതല. 22 വിദ്യാര്‍ഥികളെയാണ് സംഭവത്തില്‍ പ്രിന്‍സിപ്പല്‍ സസ്പെന്റ് ചെയ്തിരുന്നത്. സമിതി നല്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും വിദ്യാര്‍ഥികളുടെ കാര്യത്തില്‍ അന്തിമതീരുമാനമെടുക്കുകയെന്ന് പ്രിന്‍സിപ്പല്‍ ഡോ. കെ. മോഹനന് പറഞ്ഞു.
അതിനിടെ, വിദ്യാര്‍ഥികള്‍ പരാതി പിന്‍വലിച്ചുകൊണ്ടുള്ള രേഖ പി.ടി.എ കമ്മിറ്റിക്കു നല്‍കിയതായും സൂചനയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."